ചഹല്‍ വരിഞ്ഞു മുറുക്കി, രോഹിത് വിജയതീരത്തെത്തെത്തിച്ചു

Sports

author

ക്ഷിണാഫ്രിക്കന്‍ നായകന്‍ ഡ്യൂപ്ലസിക്ക് ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായി. ഇന്ത്യന്‍ സ്‌കോര്‍ രണ്ടക്കം കടക്കും മുമ്പ് സെഞ്ചറി നേടിയ രോഹിത് ശര്‍മയെ വെറും ഒരു റണ്‍സ് മാത്രം നേടി നില്‍ക്കുമ്പോള്‍ കൈളില്‍ ലഭിച്ചിട്ട് വിട്ടുകളഞ്ഞതിന്റെ നഷ്ടം അദ്ദേഹത്തിന് വിനയായി. സെഞ്ചറി നേടിയ ശേഷം ഡേവിഡ് മില്ലറും രോഹിതിന് ജീവന്‍ നല്‍കി തോല്‍വിയുടെ ആഘാതം കൂട്ടി. സ്പിന്‍ ബൌളിംഗിനെ കാര്യമായി പിന്തുണച്ച സൌതാംപ്ടണിലെ പിച്ചില്‍ ദക്ഷിണാഫ്രിക്കന്‍ ബൌളര്‍മാരുടെ ശക്തമായ വെല്ലുവിളി മറികടന്ന ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. 228 എന്ന വിജയലക്ഷ്യം പിന്നിടാന്‍ കൊമ്പന്‍മാരായ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് 48 ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. റോസ്‌ബൌള്‍ സ്റ്റേഡിയത്തില്‍ ഇത്തവണത്തെ ആദ്യമത്സരം കഴിയുമ്പോള്‍ പിച്ചിന്റെ സ്വഭാവം ഏതെരു ടീമിനും ആശങ്കനല്‍കുന്നതാണ്. ഈര്‍പ്പമേറിയ പ്രതലത്തില്‍ പന്തിന് മികച്ച ടേണും സീമും ലഭിക്കുന്നു. അപ്രതീക്ഷിതമായി കുത്തി ഉയരുകയും ടേണ്‍ ചെയ്യുകയും ചെയ്യുന്ന പന്തുകള്‍ ഇരുടീമുകളിലേയും ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കി.
ടോസ് നഷ്ടപ്പെട്ട് ഫീല്‍ഡിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഒരിടത്തും പിഴച്ചില്ല. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ ക്രീസില്‍ താളം കണ്ടെത്താന്‍ അനുവദിക്കാത്ത കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടുന്നതില്‍ ഇന്ത്യ വിജയിച്ചു. ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 11 ല്‍ നില്‍ക്കേ ആറു റണ്‍സ് നേടിയ അപകടകാരിയായ ഹാഷിം ആംലെയെ മടക്കി ബുംറെ ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നല്‍കി. 24 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഡി കോക്കിനെ കൂടി പവലിയനിലെത്തിച്ച് ബുംറെ ഇരട്ട പ്രഹരം നല്‍കി. പിന്നെ യുസ്വേന്ദ്ര ചഹലെന്ന ലെഗ്‌സ്പിന്നറുടെ ഊഴമായിരുന്നു. അനില്‍കുംബ്ലെയ്ക്ക് ശേഷം ഇന്ത്യ കണ്ട മികച്ച ലെഗ്‌സ്പിന്നര്‍ താനാണെന്നു തെളിയിച്ച് ഡ്യുപ്ലെസി (38), വാന്‍ഡര്‍ ഡ്യൂസണ്‍, ഡേവിഡ് മില്ലര്‍ ആന്‍ഡില്‍ പെഹ്ലുക്വായോ (34) എന്നിവരെ ചഹല്‍ മടക്കി. വെടിക്കെട്ട് ബാറ്റിംഗിന് പേരെടുത്ത ജെപി ഡുമിനിയെ (മൂന്ന്) തുടക്കത്തിലേ പുറത്താക്കി കുല്‍ദീപ് യാദവ് വന്‍അപകടം ഒഴിവാക്കി. വാലറ്റത്തെ ക്രിസ് മോറിസ് 2 സിക്‌സും ഒരു ഫോറും അടക്കം 34 പന്തില്‍ 42 റണ്‍സ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. തുടക്കത്തില്‍ വിക്കറ്റ് ലഭിക്കാതിരുന്ന ഭുവനേശ്വര്‍ കുമാര്‍ നായകന്‍ കോഹ്ലിയുടെ കൈകളിലെത്തിച്ച് മോറിസിന്റെ ഇന്നിംഗ്‌സിന് വിരാമമിട്ടു. ഒമ്പതാം വിക്കറ്റിലെത്തി പുറത്താകാതെ 35 പന്തില്‍ 31 റണ്‍സ് നേടിയ കഗീസോ റബാഡയും ദക്ഷിണാഫ്രിക്കയെ മാന്യമായ സ്‌കോറിലെത്തിക്കുന്നതില്‍ മികച്ച പങ്ക് വഹിച്ചു.
ഒരുഘട്ടത്തില്‍ 89 ന് അഞ്ച് എന്ന നിലയില്‍ കൂപ്പുകുത്തിയ ദക്ഷിണാഫ്രിക്ക 150 റണ്‍സ് പിന്നിടില്ലെന്ന് തോന്നി. എട്ടാംവിക്കറ്റില്‍ മോറിസ് – റബാഡ സഖ്യം നടത്തിയ ചെറുത്തു നില്‍പ്പാണ് നിര്‍ണ്ണായകമായത്. 227 എന്ന പൊരുതാന്‍ കഴിയുന്ന സ്‌കോറില്‍ അവരെത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പാളി. ടീം സ്‌കോര്‍ 13 ല്‍ നില്‍ക്കുമ്പോള്‍ വെടിക്കെട്ട് താരം ശിഖര്‍ ധവാന്‍ പുറത്ത്. 12 ബോളില്‍ ഒരു ബൌണ്ടറിയുള്‍പ്പെടെ 8 റണ്‍സ് നേടിനിന്ന ധവാനെ റബാഡ മടക്കി. പിന്നെ നായകന്‍ കോലിയുടെ കടന്നു വരവ്. പിച്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് അത്ര നല്ലതല്ലെന്ന തിരിച്ചറിവ് പതിയെ ബാറ്റ് വീശാന്‍ രോഹിതിനെയും കോലിയേയും നിര്‍ബന്ധിച്ചു. ടീം സ്‌കോര്‍ 54 എന്നിയപ്പോള്‍ 18 റണെടുത്ത കോലി മടങ്ങി. ആന്‍ഡില്‍ പെഹ്ലുക്വായോ ആയിരുന്നു കോലിയുടെ അന്തകന്‍. തുടര്‍ന്നെത്തിയ കെ.എല്‍. രാഹുലും താളം കണ്ടെത്താന്‍ വിഷമിച്ചു. 42 പന്തില്‍ 24 റണെടുത്ത രാഹുല്‍ റബാഡയുടെ പന്തില്‍ ഡ്യുപ്ലസിക്ക് ഈസി ക്യാച്ച് നല്‍കി മടങ്ങി. നാലാം വിക്കറ്റില്‍ രോഹിതിന് കൂട്ടായി ധോണിയെത്തുമ്പോള്‍ കാണികള്‍ വെടിക്കെട്ട് പ്രതീക്ഷിച്ചു. ടീം സ്‌കോര്‍ മൂന്നിന 139 ല്‍ നിന്നും 213 ലെത്തിച്ച് ധോണി മടങ്ങുമ്പോള്‍ 2 ഫോര്‍ ഉള്‍പ്പെടെ 46 പന്തില്‍ 34 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. വിജയത്തിന് 13 റണ്‍സ് അകലെ മാത്രം ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഢ്യ താന്‍ മികച്ച ഫിനിഷറാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. 7 പന്തില്‍ മൂന്ന് ഫോറുകളുടെ അകമ്പടിയോടെ 15 റണ്‍സ് നേടി ഇന്ത്യയെ വിജയ തീരത്തെത്തിച്ചു.
ജോണ്‍ടി റോസ്, ഗിബ്‌സ്, കാലിസ്, ക്രോണെ, പുള്ളോക്ക് തുടങ്ങിയ ലോകോത്തര ഫീല്‍ഡര്‍മാരുടെ പിന്മുറക്കാന്‍ തങ്ങളുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് ഇന്നലെ പരാജയം ഉറപ്പായിരുന്നു. സാധാരണ ധാരാളം എക്ട്രാ റണ്‍ ഒഴുകുന്ന ഇംഗ്ലീഷ് സാഹചര്യത്തില്‍ ഇന്ത്യ 10 ഉം ദക്ഷിണാഫ്രിക്ക 7 ഉം എക്ടാ മാത്രമാണ് നല്‍കിയത്. ഞായറാഴ്ച്ച ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയെ ഓവലില്‍ നേരിടുമ്പോള്‍ ഇന്ത്യ വിശ്വരൂപം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം.