Mary Kom

ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പ്; റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി മേരി കോം

Sports

സൈബീരിയ: ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യയുടെ മേരി കോം. ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡിന് താരം അര്‍ഹയായിരിക്കുകയാണ്.

ശനിയാഴ്ച നടന്ന 51 കിലോഗ്രാം വിഭാഗം സെമി ഫൈനല്‍ മത്സരത്തില്‍ തുര്‍ക്കിയുടെ ബുസനാസ് സാകിരോഗൊളുവിനോടു പരാജയപ്പെട്ടെങ്കിലും മെഡല്‍ വേട്ടയില്‍ മേരികോം ഒന്നാംസ്ഥാനത്തു തന്നെയാണ്. 4-1 എന്ന സ്‌കോറിനായിരുന്നു തുര്‍ക്കിഷ് താരത്തിന്റെ നേട്ടം. ഇതോടെ മേരിക്കു വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 51 കിലോഗ്രാം വിഭാഗത്തില്‍ മേരി കോമിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോമിന്റെ എട്ടാം മെഡലാണിത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ലോക ചാംപ്യന്‍ഷിപ്പില്‍ എട്ട് മെഡല്‍ നേടുന്നത്. ക്യൂബന്‍ ഇതിഹാസ പുരുഷ ബോക്‌സര്‍ ഫെലിക്‌സ് സാവോണിന്റെ ഏഴ് ലോക ചാംപ്യന്‍ഷിപ്പ് മെഡല്‍ എന്ന റെക്കോര്‍ഡാണു ഇതോടെ മേരി കോം പഴങ്കഥയാക്കിയത്.

തുടര്‍ച്ചയായി ആറു തവണ ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണ ജേതാവായിരുന്നു സാവോണ്‍. ഒരു തവണ വെള്ളിയും നേടിയിരുന്നു. 1986 മുതല്‍ 1999 വരെയായിരുന്നു സാവോണിന്റെ മെഡല്‍ നേട്ടങ്ങള്‍. ആറ് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണു മേരിയുടെ ഇതുവരെയുള്ള നേട്ടങ്ങള്‍. ആറു മെഡലുകളുമായി അയര്‍ലന്‍ഡിന്റെ കാതി ടെയ്‌ലറാണ് മെഡല്‍ നേട്ടപട്ടികയില്‍ മൂന്നാമതുളളത്.