RTI act

ദുര്‍ബ്ബലമാകുന്ന വിവരാവകാശ നിയമം

Feature

ഹെന്റി ഓസ്റ്റിന്‍

(പ്രസിഡന്റ്, കോണ്‍ഗ്രസ് എറണാകുളം നോര്‍ത്ത് ബ്ലോക്ക്)

മോദി സര്‍ക്കാര്‍ പാസാക്കിയ പുതിയ വിവരാവകാശനിയമം അതിന്റെ സ്ഥാപക ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിച്ച് സര്‍ക്കാരിന്റെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന ഒരു സംവിധാനമായി വിവരാവകാശ നിയമത്തെ മാറ്റിയിരിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.

കരട് ബില്ലുകളില്‍ പൊതുജനാഭിപ്രായം തേടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപികരിച്ച് പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി മാതൃക ബില്ലുകള്‍ പാസാക്കുന്നതിന് പകരം ലോകസഭയിലെ മൃഗീയ ഭൂരിപക്ഷവും രാജ്യസഭയിലെ പ്രതിപക്ഷ അനൈക്യവും മുതലെടുത്താണ് ധൃതിയില്‍ മോദി സര്‍ക്കാര്‍ ബില്ല് പാസാക്കിയിട്ടുള്ളത്.

2005 ല്‍ UPA സര്‍ക്കാര്‍ ജനാധിപത്യത്തിന് കരുത്ത് പകര്‍ന്ന് അധികാരകേന്ദ്രീകരണം തടയാനും സര്‍ക്കാരും പൊതുസ്ഥാപനങ്ങളും സുതാര്യതയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് ഏതൊരു പൗരനും ഉറപ്പ് വരുത്താവുന്ന അവകാശം ഉറപ്പിച്ച നിയമനിര്‍മ്മാണമായിരുന്നു വിവരാവകാര നിയമം.

ഭരണഘടന സ്ഥാപനമായ തെരെഞ്ഞെടുപ്പ് കമ്മീഷണറുടേതിന് സമാനമായ സ്വതന്ത്ര പദവിയാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് ദേശീയ തലത്തില്‍ നല്‍കിയത്, സംസ്ഥാനങ്ങളില്‍ ചീഫ് സെക്രട്ടറിക്ക് തത്തുല്യമായ പദവിയാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് നല്‍കിയത്. 5 വര്‍ഷം പരമാവധി നീണ്ട് നില്‍ക്കുന്ന ഒറ്റ ടേം മാത്രം നല്‍കിയിരുന്ന പഴയ നിയമത്തിന് പകരം കാലാവധിയും ശമ്പളവും ടേമും കേന്ദ്ര സര്‍ക്കാരിന് നിശ്ചയിക്കാമെന്നാണ് പുതിയ നിയമത്തിലൂടെ ഭേദഗതി വരുത്തിയിരിക്കുന്നത്.
മുന്‍പ് 65 വയസ്സില്‍ വിരമിക്കണമായിരുന്നെങ്കില്‍ ഇപ്പോള്‍ സര്‍ക്കാരിന് കാലാവധി നീട്ടി കൊടുക്കാനുള്ള അധികാരമുണ്ട്.

തങ്ങളുടെ നിയമനവും, ശമ്പളവും , കാലാവധിയും, പുനര്‍ നിയമനവും കേന്ദ്ര സര്‍ക്കാരാണ് തീരുമാനിക്കുന്നതെന്ന് ബോധ്യമുള്ള എത് വിവരാവകാശ കമ്മീഷണറാണ് ഭാവിയില്‍ സര്‍ക്കാരിന് ഹാനികരമായി ഭവിക്കാന്‍ സാധ്യതയുള്ള വിവരങ്ങള്‍ പുറത്തേക്ക് നല്‍കുക?

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും സുതാര്യത ഉറപ്പ് വരുത്താനും ഉദ്ധേശിച്ച് നടപ്പാക്കിയ ഒരു നിയമത്തിന്റെ അന്തസത്ത ചോര്‍ത്തി കളയുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമനിര്‍മ്മാണത്തിലൂടെ നടത്തിയിരിക്കുന്നത്.

സ്വതന്ത്രമായി നില നിന്ന് കൊണ്ടു ജനാധിപത്യത്തിന്റെ ചെക്ക്‌സ് ആന്‍ഡ് ബാലന്‍സസ് നിലനിര്‍ത്താന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി സര്‍ക്കാരിന്റെ ചൊല്‍പ്പടിയിലാക്കികൊണ്ട് ജീവസ്സുറ്റ ജനാധിപത്യത്തെ മൃതപ്രായരാകുകയാണ്
മോദി ഭരണം.