shakunthaldevi biopic vidyabalan

ശകുന്തള ദേവിയായി വിദ്യാ ബാലനെത്തുന്നു

Entertainment

 

മുംബൈ: ഹ്യുമണ്‍ കമ്പ്യൂട്ടറെന്ന വിശേഷണമുള്ള ശകുന്തള ദേവിയുടെ വേഷത്തില്‍ വിദ്യാ ബാലനെത്തുന്നു. ശകുന്തള ദേവിയുടെ ജീവചരിത്ര സിനിമയില്‍ പ്രധാന വേഷം ചെയ്യാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്നു വിദ്യാ ബാലന്‍ പറഞ്ഞു.
വിക്രം മല്‍ഹോത്രയുടെ അബുന്‍ദന്തിയ എന്റര്‍ടെയ്ന്‍മെന്റാണു ചിത്രം നിര്‍മിക്കുന്നത്. അനു മേനോനാണു ചിത്രം നിര്‍മിക്കുന്നത്. 2020-ലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.

ഗണിതശാസ്ത്ര പ്രതിഭയായ വനിതയാണ് ശകുന്തളാ ദേവി.എഴുത്തുകാരി എന്ന നിലയില്‍, ദേവി നിരവധി നോവലുകളും ഗണിതം, ജ്യോതിഷം എന്നിവയെ കുറിച്ചുള്ള ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. വിദ്യാലയത്തില്‍ പഠിക്കാന്‍ പോവുകയോ അക്കാദമികമായ യോഗ്യതകള്‍ നേടുകയോ ചെയ്യാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അത്ഭുത വനിതയായ ശകുന്തളാദേവി നിരവധി സര്‍വ്വകലാശാലകളില്‍ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഗണിതശാസ്ത്ര വിശാരദന്മാരും പത്രക്കാരും വിദ്യാര്‍ത്ഥികളുമടങ്ങിയ ഒരു സംഘം 1980 ജൂണ്‍ 13 നു ലണ്ടനിലെ ഇമ്പീരിയല്‍ കോളേജില്‍ ഒത്തുകൂടി. ശകുന്തളാ ദേവി മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടര്‍ രണ്ടു പതിമൂന്നക്ക സംഖ്യകള്‍ നിര്‍ദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്തുകയായിരുന്നു ശകുന്തളാ ദേവിയുടെ കര്‍ത്തവ്യം. ഇരുപത്തിയെട്ടു സെക്കന്റുകള്‍ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് അവര്‍ എത്തി. 1995 ലെ ഗിന്നസ് ബുക്കില്‍ 26-ാം പേജില്‍ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.