യുഎസിലും, യുകെയിലും പ്രതിസന്ധി; പുടിന് ഇത് നല്ല കാലം

Feature

 

സമീപ ദിവസങ്ങളില്‍ പുറത്തുവന്നതും ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നതുമായ വാര്‍ത്തകള്‍ റഷ്യന്‍ പ്രസിഡന്റ് വല്‍ഡ്മിര്‍ പുടിന് ആഹ്ലാദിക്കാന്‍ വക നല്‍കുന്നതാണ്. കാരണം ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന, ശീതയുദ്ധ കാലത്തു മോസ്‌കോയുടെ പരാജയം ആസൂത്രണം ചെയ്ത രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങളായ ബ്രിട്ടനും അമേരിക്കയും രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്.

ബ്രിട്ടനില്‍ ചൊവ്വാഴ്ച (15-1-19) തെരേസ മേയിലൂടെ, ആധുനിക പാര്‍ലമെന്ററി യുഗത്തില്‍ ഒരു പ്രധാനമന്ത്രിക്ക്‌
നേരിടാവുന്ന ഏറ്റവും വലിയ തിരിച്ചടിയാണു നേരിട്ടത്. യൂറോപ്യന്‍ യൂണിയനില്‍നിന്നും യുകെ പിന്മാറുന്നതുമായി ബന്ധപ്പെട്ടു തെരേസ മേ തയാറാക്കിയ കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് 202-നെതിരേ 432 വോട്ടിന് പരാജയപ്പെടുത്തി. 230 വോട്ടിന്റെ ഭൂരിപക്ഷത്തിനു കരാര്‍ പരാജയപ്പെട്ടു. സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 118 എംപിമാരും കരാറിനെ എതിര്‍ത്തു. ഇതോടെ ബ്രെക്സിറ്റിന്റെ മാത്രമല്ല, മേയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഭാവി പോലും തുലാസിലാണ്.

ഇനി അമേരിക്കയുടെ കാര്യമെടുക്കാം, 26ലേറെ ദിവസമായി യുഎസില്‍ ഷട്ട് ഡൗണ്‍ എന്നു വിളിക്കുന്ന സാമ്പത്തിക നിയന്ത്രണം നിലവില്‍ വന്നിട്ട്. ധനബില്ലുകള്‍ പാസാക്കുന്നതില്‍ പ്രസിഡന്റ് ട്രംപും, ഡമോക്രാറ്റുകളും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസമാണ് അമേരിക്കയെ ഷട്ട് ഡൗണിലെത്തിച്ചിരിക്കുന്നത്. ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള അമേരിക്കന്‍ പാര്‍ലമെന്റായ കോണ്‍ഗ്രസില്‍ ട്രംപ് ഭരണകൂടം സമര്‍പ്പിച്ച ധനബില്‍ പാസാക്കില്ലെന്നാണ് ഡമോക്രാറ്റുകള്‍ അറിയിച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റം തടയാന്‍ മെക്സിക്കോയുമായി അമേരിക്ക അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് മതില്‍ നിര്‍മിക്കാന്‍ ട്രംപ് പണം (40,000 കോടിയിലേറെ രൂപ) ആവശ്യപ്പെട്ടതാണു ഡമോക്രാറ്റുകളെ ചൊടിപ്പിച്ചത്.

യുഎസില്‍ ആദ്യമായിട്ടാണ് ഇത്രയും നീണ്ട ദിവസം സാമ്പത്തിക നിയന്ത്രണം നിലനില്‍ക്കുന്നത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഭൂരിഭാഗവും തടസപ്പെട്ടിരിക്കുകയാണ്. എട്ട് ലക്ഷത്തോളം ഫെഡറല്‍ ജീവനക്കാര്‍ക്കാണു ശമ്പളമില്ലാതെ ദുരിതമനുഭവിക്കേണ്ടി വന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ദൃഢതയുടെ, സ്ഥിരതയുടെ ദീപസ്തംഭമായി ലോകം കാണുന്ന രണ്ട് കരുത്തുറ്റ ജനാധിപത്യ രാജ്യങ്ങള്‍ ഇത്തരത്തില്‍ പ്രതിസന്ധിയില്‍ അകപ്പെടുന്നതു വിശ്വസിക്കാന്‍ പ്രയാസമാണ്. കയ്പേറിയതെന്നു വിശേഷിപ്പിക്കാവുന്ന ഒരുതരം ഭരണ നിശ്ചലാവസ്ഥയിലേക്ക് അലിഞ്ഞു ചേര്‍ന്നിരിക്കുന്നു അവര്‍. പേരെടുത്ത അവരുടെ മുന്‍കാല ഭരണ മികവില്‍നിന്നും എത്രയോ അകന്നിരിക്കുന്നു ഇപ്പോള്‍.

പാശ്ചാത്യ, ലിബറല്‍ ജനാധിപത്യത്തിനു നേര്‍ക്ക് ഉയര്‍ന്നു വന്ന സമഗ്രാധിപത്യ ഭീഷണികള്‍ (totalitarian threats) നേരിടാന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ഫ്രാങ്കളിന്‍ റൂസ്വെല്‍റ്റും, റൊണാള്‍ഡ് റെയ്ഗനും, ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ വിന്‍സ്റ്റണ്‍ ചര്‍ച്ചിലും, മാര്‍ഗരറ്റ് താച്ചറും ഒരുമിച്ച കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്നു പാശ്ചാത്യരുടെ രാഷ്ട്രീയ ദൃഢതയ്ക്കു ഭീഷണി നേരിടേണ്ടി വരുന്നത് പുറത്തുനിന്നല്ല, പകരം അകത്തുനിന്നു തന്നെയാണ്. യൂറോപ്പുമായുള്ള ബ്രിട്ടന്റെ ബന്ധം, അമേരിക്കയിലെ കുടിയേറ്റം തുടങ്ങിയ സുപ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും സാധിക്കാതെ വന്നിരിക്കുന്നു.

അമേരിക്കയില്‍ ട്രംപിനെ പിന്തുണയ്ക്കുന്നവരും, ബ്രിട്ടനില്‍ ബ്രെക്സിറ്റിനെ പിന്തുണയ്ക്കുന്നവരും അവരുടെ മുന്നേറ്റങ്ങെള, മൂല്യങ്ങള്‍ മുറുകെ പിടിക്കാത്ത, ഉത്തരവാദിത്വമില്ലാത്ത നേതാക്കള്‍ക്ക് (unaccountable leaders) എതിരേയുള്ള പോരാട്ടമായാണു കരുതുന്നത്. എന്നാല്‍ ട്രംപിനെയും ബ്രെക്സിറ്റിനെയും വിമര്‍ശിക്കുന്നവര്‍ പറയുന്നത്, ബ്രിട്ടനും അമേരിക്കയും നേതൃത്വം കൊടുത്ത, ഏഴ് പതിറ്റാണ്ട് കാലം ലോകത്ത് നിലനിന്നിരുന്ന സ്വതന്ത്ര നയത്തിനേറ്റ തിരിച്ചടിയെന്നാണ്. ട്രംപ് സംരക്ഷണവാദം മുറുകെ പിടിച്ച് അമേരിക്കയിലേക്കു മാത്രം ചുരുങ്ങുന്നു. പല അന്താരാഷ്ട്ര കരാറുകളില്‍നിന്നും പിന്മാറിയത് ഉദാഹരണമാണ്. ബ്രെക്സിറ്റിലൂടെ യുകെയും യൂറോപ്യന്‍ യൂണിയനില്‍നിന്ന് അകലം പാലിച്ചു സ്വയം ചുരുങ്ങുകയാണ്. ലോകത്തെ ഒരുമിപ്പിക്കാന്‍ മുന്‍കൈയ്യെടുത്തിരുന്നവര്‍ അവരവരിലേക്കു ചുരുങ്ങുന്നു.

ഇപ്പോള്‍ ലണ്ടനിലും വാഷിംഗ്ടണിലും രൂപം കൊണ്ടിരിക്കുന്ന രാഷ്ട്രീയ സ്്തംഭനാവസ്ഥയില്‍ സമാനതയൊന്നുമില്ല. എന്നാല്‍ ഈ സ്തംഭനാവസ്ഥയിലേക്ക് അവരെ കൊണ്ട് എത്തിച്ചതില്‍ ചില ഘടകങ്ങള്‍ പൊതുവായുണ്ട്.

2016-ലെ ബ്രെക്സിറ്റും, ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയവും ഇപ്പോള്‍ ഇരുരാജ്യങ്ങളിലും വിഭജനവും, ഭരണസ്തംഭനവും സൃഷ്ടിച്ചിരിക്കുന്നു. ഈ വാര്‍ത്തയാകട്ടെ, പുടിന്റെ കാതുകള്‍ക്ക് ഇമ്പമുള്ള സംഗീതവുമായി മാറിയിരിക്കുന്നു.

രണ്ട് പതിറ്റാണ്ട് കാലത്തിനടുത്തു ഭരണാധിപനായി വാഴുന്ന റഷ്യന്‍ പ്രസിഡന്റ് വല്‍ഡ്മിര്‍ പുടിന്‍ ലിബറല്‍ ജനാധിപത്യത്തെ തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു കാരണക്കാരായ ലിബറല്‍ ജനാധിപത്യത്തോട് പ്രതികാരം ചെയ്യുക എന്നത് സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ വിഭാഗമായിരുന്ന കെജിബിയുടെ ഏജന്റ് കൂടിയായിരുന്ന പുടിന്റെ ആഗ്രഹമായിരുന്നു. ഇപ്പോള്‍ യുഎസിലും, യുകെയിലും ഉരുണ്ടു കൂടിയിരിക്കുന്ന പ്രതിസന്ധി അതു കൊണ്ടു തന്നെ പുടിനെ സന്തോഷിപ്പിക്കുന്നുണ്ടായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.