നടി ഊര്‍മിള കോണ്‍ഗ്രസില്‍നിന്നും രാജിവച്ചു

Top Stories

മുംബൈ: അഭിനയ ലോകത്തുനിന്നും സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ബോളിവുഡ് നടി ഊര്‍മിള മാറ്റോണ്ട്കര്‍ കോണ്‍ഗ്രസില്‍നിന്നും രാജിവച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിക്ഷിപ്ത താല്‍പര്യങ്ങളും നിസാരമായ രാഷ്ട്രീയവുമാണെന്ന് അവര്‍ പറഞ്ഞു. മുംബൈ ഘടകം കോണ്‍ഗ്രസ് പ്രസിഡന്റ് മിലിന്ദ് ദിയോറയ്ക്കു താന്‍ മേയ് മാസം 16ന് അയച്ച കത്തിന് അനുസൃതമായി യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് രാജി സംബന്ധിച്ച ആദ്യ ചിന്ത തന്റെ മനസിലേക്കു വന്നതെന്ന് പ്രസ്താവനയില്‍ ഊര്‍മിള പറഞ്ഞു. മേയ് 16ന് മിലിന്ദ് ദിയോറയ്ക്ക് അയച്ച കത്തില്‍ ഊര്‍മിള മുംബൈ കോണ്‍ഗ്രസ് ഘടകത്തിലെ മുതിര്‍ന്ന നേതാവായ സഞ്ജയ് നിരുപമിന്റെ ഉറ്റ അനുയായികളായ സന്ദേശ് കോണ്ടിവില്‍ക്കര്‍, ഭൂഷന്‍ പാട്ടീല്‍ തുടങ്ങിയവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇവരെ പാര്‍ട്ടിയില്‍ തന്നെ മികച്ച പദവിയിലേക്കു നിയമിക്കുകയും ചെയ്തതായി ഊര്‍മിള ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഊര്‍മിളയുടെ പരാജയം സംബന്ധിച്ച കാരണങ്ങളായിരുന്നു കത്തില്‍ ചൂണ്ടിക്കാണിച്ചത്. ഈ കത്ത് പിന്നീട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു. കത്ത് ചോര്‍ന്നതു വഞ്ചനയാണെന്ന് ഊര്‍മിള ആരോപിക്കുകയും ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഊര്‍മിള മല്‍സരിച്ചിരുന്നു. എന്നാല്‍ അഞ്ച് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് അവര്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയോടു പരാജയപ്പെടുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ഊര്‍മിള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.