റഷ്യയുടെ 23 നയതന്ത്രജ്ഞരെ ബ്രിട്ടന്‍ പുറത്താക്കും; ലോകകപ്പ് ഫുട്‌ബോളില്‍നിന്നും വിട്ടും നില്‍ക്കും

World

 

ലണ്ടന്‍: യുകെ-റഷ്യ ബന്ധം മോശമാകുന്നു. ഈ മാസം നാലിനു മുന്‍ റഷ്യന്‍ ചാരനായ സ്‌ക്രിപാല്‍(66), അദ്ദേഹത്തിന്റെ മകള്‍ യൂലിയ(33) തുടങ്ങിയവര്‍ക്കെതിരേ ബ്രിട്ടനില്‍ വച്ച് ആക്രമണം നടന്നിരുന്നു. ഇതിന്റെ പേരിലാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.നെര്‍വ് ഏജന്റ് എന്ന മാരക വിഷം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സ്‌ക്രിപാലും, മകളും ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

റഷ്യയുടെ 23 നയതന്ത്രജ്ഞരെ പുറത്താക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ബുധനാഴ്ച ഉത്തരവിട്ടു. ഈ വര്‍ഷം ജൂണില്‍ റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍നിന്നും വിട്ടുനില്‍ക്കാനും ബ്രിട്ടന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ പ്രതിനിധികളോ രാജകുടുംബാംഗങ്ങളോ ഫുട്‌ബോള്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും തെരേസ മേ ബുധനാഴ്ച അറിയിച്ചു. 1980-കളില്‍ ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് സ്വീകരിച്ചതു പോലുള്ള കടുത്ത നടപടികളാണ് ഇപ്പോള്‍ യുകെ, റഷ്യയ്‌ക്കെതിരേ സ്വീകരിച്ചിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.