Monicalewensky

മോണിക്ക ലെവന്‍സ്‌കി വിവാദം ടിവി പരമ്പരയാകുന്നു

Feature

മോണിക്ക ലെവന്‍സ്‌കി വിവാദം ഓര്‍മയില്ലേ? 1990-കളുടെ അവസാനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സ്ഥാനം വരെ നഷ്ടപ്പെടുമെന്ന സാഹചര്യത്തിലേക്കു നയിച്ച വിവാദമായിരുന്നു അത്. വൈറ്റ് ഹൗസിലെ ജീവനക്കാരിയായ മോണിക്കയെ ക്ലിന്റന്‍ ലൈംഗികമായി ഉപദ്രവിച്ചതാണു വിവാദത്തിനു കാരണമായി തീര്‍ന്നത്. ഈ സംഭവമാണു ടിവി പരമ്പരയാകുന്നത്.
റയാന്‍ മര്‍ഫിയുടെ ശ്രദ്ധേയമായ ടിവി പരമ്പരയാണ് അമേരിക്കന്‍ ക്രൈം സ്റ്റോറി. പരമ്പരയുടെ ആദ്യ സീസന്‍ ആരംഭിച്ചത് 2016-ലായിരുന്നു. പരമ്പരയുടെ രണ്ട് സീസന്‍ ഇതിനോടകം പിന്നിട്ടു. ഇനി മൂന്നാം സീസന്‍ അടുത്ത വര്‍ഷം സെപ്റ്റംബറില്‍ സംപ്രേക്ഷണം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൂന്നാം സീസനില്‍ പരമ്പര കൈകാര്യം ചെയ്യുന്ന വിഷയം 1998-ല്‍ യുഎസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനെ ഇംപീച്ച്മെന്റിലേക്ക് നയിച്ച ലൈംഗിക ആരോപണ കേസാണ്.
വൈറ്റ് ഹൗസിലെ ജീവനക്കാരിയായിരുന്ന മോണിക്ക ലെവന്‍സ്‌കിയുമായി ക്ലിന്റന്‍ നടത്തിയ ലൈംഗിക വേഴ്ചയും അനുബന്ധ സംഭവങ്ങളുമാണു പരമ്പര കൈകാര്യം ചെയ്യുന്നത്. പരമ്പരയില്‍ മോണിക്ക അഭിനയിക്കുന്നില്ലെങ്കിലും നിര്‍മാതാവായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നടി ബീയാനി ഫെല്‍ഡ്സ്റ്റെയ്നാണ് മോണിക്കയുടെ വേഷം ചെയ്യുന്നത്. ഇപ്പോള്‍ 46-വയസുണ്ട് മോണിക്കയ്ക്ക്.
ടിവി ചാനലായ എഫ്എക്സിലായിരിക്കും പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. അടുത്ത വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷം കൂടിയാണ്. ഈ സമയത്ത് ടിവി പരമ്പര ലക്ഷ്യമിടുന്നത് കോളിളക്കങ്ങള്‍ സൃഷ്ടിക്കാനായിരിക്കുമോ എന്നത് വ്യക്തമല്ല.