ആടിനെ മേയ്ച്ചു നടന്ന ബാല്യം പിന്നിട്ട് ഫ്രാന്‍സിന്റെ മന്ത്രി പദവി വരെയെത്തിയ നജാത്ത്

Feature

ദീര്‍ഘവീക്ഷണമില്ലാത്തവര്‍ സാഹചര്യങ്ങളുടെ അടിമയായിരിക്കുമെന്നു സ്വിസ് ദാര്‍ശനികന്‍ ഹെന്റി ഫ്രെഡറിക് അമിയല്‍ ഒരിക്കല്‍ പറയുകയുണ്ടായി. നമ്മളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നമെന്നത് നാം ആരാണെന്നും, നമ്മള്‍ക്ക് എന്ത് ചെയ്യാനുള്ള കഴിവാണുള്ളതെന്നും തിരിച്ചറിയാനുള്ള കഴിവില്ലാത്തതാണ്, അഥവാ ആത്മാവബോധം ഇല്ലാത്തതാണ്.

നമ്മള്‍ എവിടെ നിന്നാണ് വരുന്നത് എന്നതല്ല നമ്മളെ നിര്‍വചിക്കുന്നത് ? പകരം നമ്മള്‍ ജീവിതത്തെ ഏത് ദിശയിലേക്കാണു കൊണ്ടു പോകുന്നത് എന്നതാണ് നമ്മളെ നിര്‍വചിക്കുന്ന ഘടകം. പശ്ചാത്തലം ഏതുമാകട്ടെ, ജീവിതത്തില്‍ ഉയരാന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവര്‍ ലക്ഷ്യത്തിലെത്തുമെന്നത് ഉറപ്പ്.

നജാത്ത് വാലെ ബെല്‍ക്കാസം എന്ന 41-കാരിയുടെ കഥ അത്തരത്തിലൊന്നാണ്. പ്രതിസന്ധികള്‍ നിറഞ്ഞൊരു പശ്ചാത്തലത്തില്‍നിന്നും താരത്തിളക്കമുള്ള പദവിയിലേക്ക് ഉയര്‍ന്നു എന്നതാണ് നജാത്തിന്റെ പ്രത്യേകത. ഫ്രാന്‍സിലെ മുന്‍വിദ്യാഭ്യാസ മന്ത്രിയാണ് നജാത്ത്.

മൊറോക്കോ എന്ന അവികസിത രാജ്യത്തുനിന്നും ഫ്രാന്‍സിലേക്ക് വളരെ ചെറുപ്രായത്തില്‍ കുടിയേറിയതാണു നജാത്ത്. ആടുകളെ മേയ്ച്ചു നടന്നിരുന്ന ബാല്യമായിരുന്നു നജാത്തിന്റേത്. പിന്നീട് അവള്‍ കുടുംബത്തോടൊപ്പം ഫ്രാന്‍സിലേക്കു കുടിയേറുകയായിരുന്നു. ഫ്രഞ്ച് ഭാഷയില്‍ പ്രാവീണ്യമൊന്നും ഇല്ലായിരുന്നു. എങ്കിലും അവള്‍ ഫ്രഞ്ച് ഭാഷ സംസാരിക്കാന്‍ പരിശ്രമിച്ചു. അതില്‍ വിജയിക്കുകയും ചെയ്തു.

പാശ്ചാത്യനാടുകളില്‍ പൊതുവേ കണ്ടു വരുന്നൊരു സംസ്‌കാരമുണ്ട്. കൗമാരക്കാര്‍ നെറ്റ് ക്ലബ്ബുകളില്‍ കാമുകീ കാമുകന്മാരോടൊത്ത് സമയം ചെലവഴിക്കുന്നതാണ് ആ സംസ്‌കാരം. എന്നാല്‍ 18 വയസു വരെ ബോയ് ഫ്രണ്ട്സോ, നൈറ്റ് ക്ലബ്ബോ പാടില്ലെന്ന് നജാത്തിന്റെ പിതാവ് നിഷ്‌കര്‍ഷിച്ചിരുന്നു. അത് അവള്‍ അനുസരിക്കുകയും ചെയ്തു. പകരം, ആ സമയത്ത് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

യൂണിവേഴ്സിറ്റി ഓഫ് ഏമീയന്‍സില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ നജാത്തിന് ഫ്രാന്‍സിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സയന്‍സസ് പോയില്‍ ഉന്നത വിദ്യാഭ്യാസം പിന്തുടരാനുള്ള അവസരം ലഭിച്ചു. ഇതാണ് രാഷ്ട്രീയത്തിലേക്കുള്ള വഴി നജാത്തിനു തുറന്നു കൊടുത്തത്.

മാസ്റ്റേഴ്സ് ഇന്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ കോഴ്സ് പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുവാന്‍ നജാത്ത് രണ്ട് ജോലികള്‍ ചെയ്തിരുന്നു. ഇക്കാലത്ത് ബോറിസ് വലോദ് എന്ന സഹപാഠിയെ പരിചയപ്പെടുകയും 2005-ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു കൊണ്ടാണ് നജാത്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് ഫ്രാന്‍സിലെ രണ്ടാമത്തെ വലിയ നഗരമായ ലിയോണിലെ മേയറിന്റെ ഉപദേശക സ്ഥാനം സ്വീകരിക്കുകയും ചെയ്തു. അതിനു ശേഷം നജാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും കൗണ്‍സിലര്‍ സ്ഥാനത്തേയ്ക്ക് വിജയിക്കുകയും ചെയ്തു. 2012-ല്‍ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റും സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രസിഡന്റുമായിരുന്ന ഫ്രാന്‍സ്വേ ഒലാന്ദ്, നജാത്തിനെ വിമന്‍സ് അഫയേഴ്സ് മന്ത്രിയായി നിയമിച്ചു.

2014-ല്‍ വനിതകളുടെ അവകാശത്തിനുള്ള മന്ത്രി, സിറ്റി അഫയേഴ്സ് മിനിസ്റ്റര്‍, യുവജന, കായിക വകുപ്പ് മന്ത്രി എന്നീ പദവികള്‍ വഹിച്ചു. പിന്നീട് മന്ത്രിസഭയിലുണ്ടായ വലിയൊരു ഇളക്കി പ്രതിഷ്ഠയില്‍ നജാത്തിനെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു.2017 മെയ് 10 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ഇപ്പോള്‍ മന്ത്രി സ്ഥാനം വഹിക്കുന്നില്ലെങ്കിലും ഈയടുത്ത കാലത്ത് നടന്ന സര്‍വേയില്‍ വെളിപ്പെടുത്തിയത് ഫ്രാന്‍സിലെ ഏറ്റവും ജനപ്രീതിയുള്ള രണ്ടാമത്തെ രാഷ്ട്രീയ നേതാവാണ് നജാത്ത് എന്നാണ്. അതിനര്‍ഥം സമീപകാലത്തു തന്നെ നജാത്ത് ഫ്രാന്‍സിന്റെ ഒരു സുപ്രധാന സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവരുമെന്നു തന്നെയാണ്.

ലൂയിസ്, നൗര്‍ എന്നീ പേരുകളുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് നജാത്ത്.