MV Act Fine

പിഴ 16,000 വിധിച്ചു, കലിപ്പ് അടങ്ങാതെ ഉടമ ടു വീലര്‍ കത്തിച്ചു

Top Stories

ന്യൂഡല്‍ഹി: ‘തള്ളേ, കലിപ്പ് തീരണില്ലാട്ടോ’ രാജമാണിക്യം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മാണിക്യമെന്ന കഥാപാത്രം ദേഷ്യം വരുമ്പോള്‍ പറയുന്ന ഡയലോഗാണിത്.
പുതിയ മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് (എംവി ആക്റ്റ്) സെപ്റ്റംബര്‍ ഒന്നു മുതല്‍ നടപ്പിലാക്കിയതോടെ ട്രാഫിക് നിയമം തെറ്റിക്കുന്നവര്‍ക്കും എംവി ആക്റ്റ് പാലിക്കാത്തവര്‍ക്കും കനത്ത ശിക്ഷയാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്. അപ്പോള്‍ ഈ ഡയലോഗാണ് പലരും പറയുന്നത്. ചിലര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ്. വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്നൊരു സംഭവം നോക്കൂ….
മദ്യപിച്ച് വാഹനമോടിച്ചതിന് ട്രാഫിക് പൊലീസ് പിടികൂടി പിഴ വിധിച്ചതില്‍ ദേഷ്യമടങ്ങാതെ വ്യാഴാഴ്ച ചിരാഗ് ഡല്‍ഹിയില്‍ ത്രിവേണി കോംപ്ലെക്‌സിനു സമീപം വച്ച് രാകേഷ് എന്നയാള്‍ സ്വന്തം ടു വീലറിനു തീ കൊളുത്തിയെന്നു മാളവ്യ നഗര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ അറിയിച്ചു.
രാകേഷ് മദ്യപിച്ച് വാഹനമോടിച്ചതിനു(10,000) പുറമേ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ രേഖകള്‍ കൈവശം വയ്ക്കാത്തതിനും(5000) ഹെല്‍മറ്റ് ധരിക്കാത്തതിനും(1000) ചേര്‍ത്താണ് 16000 രൂപ പിഴയായി ട്രാഫിക് പൊലീസ് ഈടാക്കാന്‍ തീരുമാനിച്ചത്. 16000 രൂപ പിഴ തുക കാണിച്ചു കൊണ്ടുള്ള രസീത് പൊലീസ് രാകേഷിന്റെ കൈയ്യിലേക്കു കൊടുത്തപ്പോള്‍ ദേഷ്യത്തോടെ രസീത് വാങ്ങിയതിനു ശേഷം രാകേഷ് കാല് കൊണ്ടു ടൂ വീലറിനെ തൊഴിച്ചു. വാഹനം താഴെ വീണപ്പോള്‍ അതിന്റെ ഇന്ധന പൈപ്പ് വലിച്ചെടുക്കുകയും അതിലുള്ള പെട്രോള്‍ എടുത്ത് കത്തിക്കുകയുമായിരുന്നു. സമീപമുണ്ടായിരുന്ന പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും വാഹനത്തിന് കത്തുപിടിച്ചിരുന്നു.
ഇയാളെ പൊലീസ് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോയി. കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാകേഷ് ഇതൊക്കെ ചെയ്യുമ്പോള്‍ മദ്യ ലഹരിയിലായിരുന്നെന്നാണു പൊലീസ് പറയുന്നത്.