തിരുവനന്തപുരം: പാര്‍ട്ടിയില്‍ തിരിച്ചെത്തിയിട്ട് എട്ട് വര്‍ഷം മാത്രം ആയ ആള്‍ തന്നോട് ബിജെപിയില്‍ ചേരാന്‍ പറയേണ്ടതില്ലെന്ന തരൂരിന്റെ പരോക്ഷ വിമര്‍ശനത്തോട് പ്രതികരിച്ചു കെ. മുരളീധരന്‍ എംപി രംഗത്ത്.
മോദിയെ സ്തുതിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനെ പിന്തുണച്ച് ശശി തരൂര്‍ രംഗത്തുവന്നിരുന്നു. ഇതിനെതിരേയാണു കഴിഞ്ഞ ദിവസം കെ.മുരളീധരന്‍ രംഗത്തുവന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മുരളീധരനെ പരോക്ഷമായി വിമര്‍ശിച്ച് തരൂര്‍ രംഗത്തുവന്നു.
ഇതിനെതിരേയാണ് ഇപ്പോള്‍ മുരളീധരന്‍ രംഗത്തുവന്നിരിക്കുന്നത്.
മലയാള പത്രം വായിക്കാത്തതു കൊണ്ടാണു തരൂര്‍ തന്റെ മടങ്ങി വരവിനെ കുറിച്ച് അറിയാത്തത്. തരൂര്‍ കേരളത്തെ മനസിലാക്കാന്‍ തുടങ്ങിയിട്ട് എട്ട് വര്‍ഷമേ ആയിട്ടുള്ളൂ. അതു കൊണ്ടാണു തന്റെ കോണ്‍ഗ്രസ് പാരമ്പര്യത്തെ മനസിലാക്കാത്തതെന്നും മുരളീധരന്‍ പറഞ്ഞു.