സുനില്‍ഛേത്രി; ഇന്ത്യന്‍ ഫുട്‌ബോളിലെ ലിറ്റില്‍ ബോംബര്‍

Sports

jj
അന്ന് ഒരു ശനിയാഴ്ച്ചയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2005 ജൂണ്‍ 11. പാക്കിസ്ഥാനിലെ കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരു സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഏറ്റുമുട്ടുന്നു. ക്രിക്കറ്റിനും ഹോക്കിക്കുമുള്ള പകിട്ടില്ലെങ്കിലും ഇരുപതിനായിരത്തിലധികം കാണികള്‍ സ്റ്റേഡിയത്തിലുണ്ട്. ബദ്ധവൈരികളുടെ പോരാട്ടത്തില്‍ സ്വന്തം ടീമിനെ ഉത്തേജിപ്പിക്കാന്‍ പാക് പൗരന്‍മാര്‍ക്ക് അത്യുത്സാഹം.
പാക് താരങ്ങള്‍ ആത്മവിശ്വാസത്തോടെയാണു സ്റ്റേഡിയത്തിലേക്ക് എത്തിയത്. അവര്‍ ഒന്നാംനിര ടീമിനെ അണിനിരത്തുന്ന മത്സരത്തില്‍ ബൈചുങ് ബൂട്ടിയ, ഐ.എം. വിജയന്‍, ജോ പോള്‍ അഞ്ചേരി, റെനഡിസിങ് തുടങ്ങിയ പ്രമുഖര്‍ ഇന്ത്യന്‍ ടീമിലില്ല. അതിനാല്‍ മത്സരം അത്ര കടുപ്പമാകില്ലെന്ന് അവര്‍ കരുതി.
മുന്നേറ്റ നിരയില്‍ അഭിഷേക് യാദവ്, സെയ്ദ് റഹിം നബി എന്നിവര്‍ക്കൊപ്പം അണ്ടര്‍ 20 ടീമിലെ കളികാരനെയാണ് ഇന്ത്യ കളത്തിലിറക്കിയത്. താരതമ്യേന കുറിയ കളികാരന്‍. ഒരു ഫുട്‌ബോളര്‍ക്കു വേണ്ട കായികബലമില്ലാത്ത താരം. എന്നാല്‍ കളിയുടെ 65 ആം മിനിട്ടില്‍ ആ പയ്യന്‍ പാക് വലയിലേക്ക് പന്ത് നിക്ഷേപിച്ചു. അത് ഒരു തുടക്കമായിരുന്നു. അയാള്‍ കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ ഇന്നലെ വരെ രാജ്യത്തിനായി 105 മത്സരങ്ങള്‍ കളിച്ച് 67 ഗോള്‍ സ്വന്തമാക്കി. ലോകഫുട്‌ബോളില്‍ മാതൃരാജ്യത്തിനായി ഏറ്റവും അധികം ഗോള്‍ കണ്ടെത്തിയവരുടെ പട്ടികയില്‍ ഒന്നാമനായ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും മൂന്നാമനായ മെസിക്കും ഇടയില്‍ രണ്ടാമന്‍. സുനില്‍ ഛേത്രി.

ഇന്ത്യന്‍ ഫുട്‌ബോളില്‍ കൊമ്പന്‍മാരുടെ തലയെടുപ്പോടെ എത്തിയ താരമല്ല സുനില്‍ ഛേത്രി. അണ്ടര്‍ 20 ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തിയതു വഴിയാണ് ദേശീയ ടീമിലെത്തിയത്. കാഴ്ച്ചയില്‍ ഒരു ഫുട്‌ബോളറുടെ ആകാരഭംഗിയില്ലെങ്കിലും കാല്‍പ്പന്തിന്റെ പെരുമയുള്ള കുടുംബത്തില്‍ നിന്നാണ് വരവ്. പിതാവ് കെ.ബി ഛേത്രി ഇന്ത്യന്‍ ആര്‍മി മുന്‍താരം. അമ്മ സുശീല നേപ്പാള്‍ മുന്‍ ദേശീയ വനിത ഫുട്‌ബോള്‍ താരം. സുനിലിന്റെ ഇരട്ട സഹോദരി നേപ്പാള്‍ വനിത താരമാണ്. വടക്ക് കിഴക്കന്‍ പാരമ്പര്യം ഇന്ത്യന്‍ ഫുട്‌ബോളിന് നല്‍കിയ വലിയ സംഭാവനയായി മാറിയിരിക്കുന്നു ഇന്ന് ഛേത്രി.
ഐ.എം. വിജയന്‍ കളം വിടുന്ന കാലത്ത് ഇന്ത്യന്‍ ഫുട്‌ബോളില്‍ മുന്നേറ്റനിരയില്‍ ബൈചുങ് ബൂട്ടിയയ്‌ക്കൊപ്പം മികച്ച താരത്തെ തേടുന്ന കാലത്താണ് ഛേത്രി ഇന്ത്യന്‍ ടീമിലെത്തുന്നത്. തുടക്കത്തില്‍ അഭിഷേക് യാദവും അബ്ദുള്‍ ഹക്കിമും റഹിം നബിയും എതിരാളികളായുണ്ടായിരുന്നെങ്കിലും രണ്ടു വര്‍ഷത്തിനുള്ളില്‍ ബൂട്ടിയ ഛേത്രി ജോഡി ഇന്ത്യന്‍ ഫുട്‌ബോളിലെ മുന്നേറ്റ സമവാക്യമായി.
ഇതിനിടയില്‍ ക്ലബ് തലത്തില്‍ അന്നത്തെ പ്രമുഖ ടീമായിരുന്ന ജെ.സി.ടി മില്‍സിനു വേണ്ടി 48 മത്സരങ്ങളില്‍ 21 ഗോളും സ്വന്തം പേരില്‍ കുറിച്ചു. 2008 ല്‍ ഈസ്റ്റ് ബംഗാളിലേക്കും പിന്നീട് ഡെംപോ ഗോവയിലേക്കും മാറി. 2010 ല്‍ അമേരിക്കന്‍ സോക്കര്‍ ലീഗില്‍ കന്‍സാസ് സിറ്റി വിസാര്‍ഡിലെത്തി. ബൂട്ടിയയ്ക്ക് ശേഷം വിദേശലീഗില്‍ കളിക്കുന്ന ഇന്ത്യന്‍താരവും അമേരിക്കന്‍ ലീഗിലെ ആദ്യ ഇന്ത്യന്‍ സാന്നിദ്ധ്യവുമായിരുന്നു ഈ കുറിയ താരം.

2011 ല്‍ ബൂട്ടിയ ഇന്ത്യന്‍ ടീമില്‍ നിന്നും വിടവാങ്ങിയതോടെ ടീമിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി. ഛേത്രിക്കൊപ്പം മുന്നേറ്റത്തിലാര് എന്നതിനപ്പുറം ഛേത്രിയെ ഒഴിവാക്കി പകരം ആര് എന്ന് ഇക്കാലത്തിനിടയില്‍ ഒരു ഇന്ത്യന്‍ പരിശീലകനും ചിന്തിച്ചിട്ടില്ല. ബൂട്ടിയ വിടവാങ്ങിയ 2011 ല്‍ 17 മത്സരങ്ങളില്‍ നിന്നും 13 ഗോള്‍ നേടി താനാണ് ഇനി ഇന്ത്യന്‍ ഫുട്‌ബോളിന്റെ പതാക വാഹകനെന്ന് അടിവരയിടാനും മറന്നില്ല. 2018 ല്‍ ആറ് മത്സരങ്ങളില്‍ നിന്നും 8 ഗോളുകളാണ് ഈ താരം രാജ്യത്തിനായി അടിച്ചു കൂട്ടിയത്. ഇക്കൊല്ലത്തെ ആദ്യ മത്സരത്തില്‍ 2 ഗോളുകള്‍ നേടി 2018 ആവര്‍ത്തിക്കുമെന്ന സൂചനയും നല്‍കുന്നു.

ഏഷ്യാകപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ പ്രതീക്ഷകളത്രയും ഛേത്രിയുടെ ബൂട്ടുകളിലാണ്. കളിക്കുന്നതിനൊപ്പം കളിപ്പിക്കുന്നതിലും വിരുതന്‍. ഉയരക്കുറവെന്ന പോരായ്മയെ മറികടക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നതാണ് വിജയം. താരതമ്യേന ഉയരമുള്ളവര്‍ അടക്കി വാഴുന്ന മുന്നേറ്റ നിരയില്‍ മികച്ച സ്‌കോര്‍ കണ്ടെത്തുന്നത് നിസാരകാര്യമല്ല. ഡി സര്‍ക്കിളില്‍ ചുറ്റിപ്പറ്റി നിന്നാല്‍ പരാജയമാകുമെന്ന തിരിച്ചറിവ് തന്നെയാണ് ഛേത്രിയുടെ വിജയം.
ഉയരകുറവായതിനാല്‍ ഡി സര്‍ക്കിളിനു മുമ്പ് പന്ത് കൈക്കലാക്കി മനോഹരമായ വോളികളിലൂടെ പന്ത് വലയിലെത്തിക്കുന്നതാണ് ഛേത്രി ശൈലി. എതിര്‍ പ്രതിരോധം ബോക്‌സില്‍ കോട്ടകെട്ടുമ്പോള്‍ കോട്ടയ്ക്ക് മുകളിലൂടെ പറക്കുന്ന ഷോട്ടുകള്‍ എതിര്‍വല തുളച്ച് കയറിയ ശേഷം മാത്രമേ പലപ്പോഴും കളികാര്‍ പന്ത് കാണൂ.
ഒരു ഫുട്‌ബോളറുടെ സുവര്‍ണ്ണകാലം പിന്നിട്ടിട്ടും മികച്ച പന്തടക്കവും ഷൂട്ടിങ് മികവും ഛേത്രി ഇന്നും പുറത്തെടുക്കുന്നു. മാര്‍ക്ക് ചെയ്യപ്പെടാതെ എങ്ങനെ കളിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ താരം. ഇന്നത്തെ സാഹചര്യത്തില്‍ അടുത്ത നാലഞ്ച് വര്‍ഷത്തേക്ക് ഈ താരത്തിന്റെ സേവനം പ്രതീക്ഷിക്കാം. ഒരുകാര്യം ഉറപ്പ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന സുനില്‍ ഛേത്രിയുടെ റിക്കോര്‍ഡ് അടുത്തകാലത്ത് മറികടക്കുക അസാദ്ധ്യം.