പുലിറ്റ്‌സര്‍ സമ്മാനം നേടിയ ഈ ചിത്രത്തിന്റെ കഥ അറിയുമോ ?

Feature

 

1967-ലാണ് ഈ ചിത്രം റോക്കോ മൊറാബിറ്റോ എന്ന അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ എടുത്തത്. Jacksonville Journal എന്നൊരു സായാഹ്നപത്രത്തിന്റെ ഫോട്ടോഗ്രാഫറായിരുന്നു റോക്കോ മൊറാബിറ്റോ. ഇദ്ദേഹം 1967 ജുലൈ മാസം 17ാം തീയതി യുഎസിലെ ജാക്‌സന്‍വില്ലെയിലെ West 26th Street ലൂടെ വാഹനമോടിച്ചു പോകുമ്പോള്‍ ഞെട്ടിക്കുന്ന ഒരു കാഴ്ച കാണാനിടയായി. ഒരു ഇലക്ട്രിക് പോസ്റ്റിന്റെ മുകളിലിരുന്ന് ലൈനില്‍ അറ്റകുറ്റപ്പണി നടത്തവേ, ഷോക്കേറ്റ് അബോധാവസ്ഥയിലായ അപ്രന്റീസ് റാന്‍ഡല്‍ ജി. ചാംപ്യനെ സഹപ്രവര്‍ത്തകനായ ജെ.ഡി.തോംപ്‌സണ്‍ വായിലൂടെ കൃത്രിമ വായു  പ്രവേശിപ്പിച്ച് ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതായിരുന്നു ആ കാഴ്ച.

ഉടന്‍ തന്നെ മൊറോബിറ്റോ വാഹനം നിറുത്തിയതിനു ശേഷം അദ്ദേഹത്തിന്റെ പത്രം ഓഫീസിലേക്കു വാഹനത്തിലെ കാര്‍ റേഡിയോ ഉപയോഗിച്ചു സംഭവ സ്ഥലത്തേയ്ക്ക് ആംബുലന്‍സ് അയയ്ക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണു ചിത്രമെടുത്തത്.

rm

റോക്കോ മൊറാബിറ്റോ

ഷോക്കേറ്റ റാന്‍ഡല്‍ പോസ്റ്റില്‍നിന്നും താഴെ വീഴേണ്ടതായിരുന്നെങ്കിലും സുരക്ഷാ ബെല്‍റ്റ് ഇലക്ട്രിക് പോസ്റ്റുമായി ബന്ധിപ്പിച്ചിരുന്നതിനാല്‍ താഴെ വീണില്ല. അപകടം സംഭവിക്കുമ്പോള്‍ 400 അടി അകലെയായിരുന്നു ജെ.ഡി.തോംപ്‌സണ്‍ എന്ന സഹപ്രവര്‍ത്തകന്‍. ഉടന്‍ തന്നെ ഇലക്ട്രിക് പോസ്റ്റിന് 20 അടി മുകളിലുള്ള റാന്‍ഡലിനടുത്തേയ്ക്കു തോംപണ്‍ എത്തിച്ചേര്‍ന്നതിനു ശേഷം കൃത്രിമ വായു നല്‍കുകയായിരുന്നു. പിന്നീട് റാന്‍ഡലിനെ താഴെയിറക്കി പ്രാഥമിക ചികിത്സ നല്‍കുകയും അതിലൂടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. ഈ സംഭവത്തിനു ശേഷം റാന്‍ഡല്‍ 35 കൊല്ലം കൂടി ജീവിച്ചു. 2002-ല്‍ 64ാം വയസിലാണ് ലോകത്തുനിന്നും വിടവാങ്ങിയത്. തോംപ്‌സണ്‍ ഇന്നും ജീവിച്ചിരിക്കുന്നു.

fj

ജെ.ഡി.തോംപ്‌സണ്‍ 
ചിത്രമെടുത്ത റോക്കോ മൊറാബിറ്റോയ്ക്ക് മാധ്യമ പ്രവര്‍ത്തനത്തിലെ പരമോന്നത ബഹുമതിയായ പുലിറ്റ്‌സര്‍ സമ്മാനം ലഭിക്കുകയും ചെയ്തു. റോക്കോ മൊറോബിറ്റോയെടുത്ത ചിത്രം കിസ് ഓഫ് ലൈഫ് (Kiss of Life) എന്ന് അറിയപ്പെടുകയും ചെയ്യുന്നു. മൊറോബിറ്റ 2009ല്‍ 88ാം വയസില്‍ അന്തരിച്ചു.