സ്റ്റീഫന്‍ ഹാക്കിംഗ്: ജീവിതത്തെ ശാസ്ത്രമാക്കിയ പ്രതിഭ

Top Stories World

 

ജീവിതത്തെ ശാസ്ത്രമാക്കിയ പ്രതിഭ. അതാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ സ്റ്റീഫന്‍ ഹാക്കിംഗ്. 21-ാം വയസില്‍ ശരീരത്തിന്റെ ചലനം നഷ്ടപ്പെട്ടപ്പോഴും അതില്‍ ജീവിതം മടുക്കാതെ ശാസ്ത്രലോകത്തെ ചലിപ്പിച്ചു ഹാക്കിംഗ്.
സമയത്തെയും ദേശത്തെയും കുറിച്ചുള്ള ധാരണകളെ തിരുത്തിയെഴുതിയ മഹാനായിരുന്നു സ്റ്റീഫന്‍ ഹാക്കിംഗ്. ലോകത്തെ അത്ഭുതപ്പെടുത്തിയ പല കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ള വ്യക്തിയുടെ സ്‌കൂള്‍ ജീവിതം പക്ഷേ അത്ര തിളക്കമുള്ളതായിരുന്നില്ലെന്നത് വൈരുദ്ധ്യമാവാം.
ഹാക്കിംഗിന്റെ സ്‌കൂള്‍ ജീവിതത്തില്‍ അദ്ദേഹം ഏറ്റവും മോശമായ വിദ്യാര്‍ഥിയായിരുന്നു. പഠനത്തില്‍ മോശമായിരുന്നെങ്കിലും ഹാക്കിംഗില്‍ ഒരു ബുദ്ധികൂര്‍മത അധ്യാപകര്‍ തിരിച്ചറിഞ്ഞിരുന്നെന്നു ഹാക്കിംഗിന്റെ ആത്മകഥയെഴുതിയ ക്രിസ്റ്റീന്‍ ലാര്‍സന്‍ പറയുന്നു.
1942 ജനുവരി എട്ടിന് ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോഡിലാണ് സ്റ്റീഫന്‍ വില്യം ഹാക്കിംഗിന്റെ ജനനം. ട്രോപിക്കല്‍ മെഡിസിന്‍ ഡോക്ടറായിരുന്ന ഫ്രാങ്കായിരുന്നു ഹാക്കിംഗിന്റെ പിതാവ്. അമ്മയാകട്ടെ, ടാക്‌സ് ഇന്‍സ്‌പെക്ടറും സെക്രട്ടറിയുമായ ഇസബെല്ലായിരുന്നു. രണ്ട് ഇളയ സഹോദരിമാരും ഒരു സഹോദരനുമുണ്ടായിരുന്നു ഹാക്കിംഗിന്. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും ഫിസിക്‌സിലാണു ഹാക്കിംഗ് ബിരുദം കരസ്ഥമാക്കിയത്. പിന്നീട് കേംബ്രിഡ്ജില്‍ ഗവേഷണം നടത്തവേ, മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് പിടിപെട്ടു.

1988-ല്‍ പ്രസിദ്ധീകരിച്ച ‘A Brief History of Time’ (സമയത്തിന്റെ സംക്ഷിപ്ത ചരിത്രം) എന്ന പുസ്തകത്തിലൂടെ ശാസ്ത്രത്തെ സാധാരണ ജനങ്ങളിലേക്ക് എത്തിച്ച ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും (British physicist ), തമോഗര്‍ത്ത സിദ്ധാന്തവാദിയുമായിരുന്നു (black-hole theorist ) സ്റ്റീഫന്‍ ഹാക്കിംഗ്. 21-ാം വയസിലാണ് അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് (amyotrophic lateral sclerosis) അഥവാ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന അപൂര്‍വ രോഗം അദ്ദേഹത്തെ പിടികൂടിയത്. പേശികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡീ കോശങ്ങള്‍ക്കുണ്ടാകുന്ന നാശമാണു മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്. ഈ അസുഖം പിടിപെട്ടാല്‍ ശരീരത്തിന്റെ ചലന ശേഷി നഷ്ടപ്പെടും. എണീറ്റ് നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ടാകും.

എന്താണ് മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ?

മസ്തിഷ്‌കത്തില്‍ നിന്നും പേശികളിലേക്കു വൈദ്യുതാവേഗങ്ങളുടെ രൂപത്തില്‍ നിര്‍ദ്ദേശങ്ങള്‍ എത്തിക്കുന്ന നാഡീകോശങ്ങളാണു മോട്ടോര്‍ ന്യൂറോണുകള്‍. ഈ കോശങ്ങള്‍ക്കുണ്ടാകുന്ന അപചയങ്ങള്‍ അവശതക്കും തേയ്മനത്തിനും ഇടയാക്കും. അതിന്റെ ഫലമായി പേശികളുടെ ബലക്ഷയവും തുടര്‍ന്ന് ആ ശരീരഭാഗത്തിന്റെ ചലനവും നഷ്ട്‌പ്പെടുന്ന അവസ്ഥയില്‍ എത്തിച്ചേരും. ഈ അസുഖം ബാധിച്ച ഹാക്കിംഗ്, ഇലക്ട്രിക് ചക്ര കസേരയുടെ സഹായത്തോടെയായിരുന്നു ചലിച്ചിരുന്നത്.

ഹാക്കിംഗിനെ പ്രശസ്തനാക്കിയ തമോഗര്‍ത്തം ?

കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഫസറായിരുന്ന ഹാക്കിംഗ്, പ്രപഞ്ചശാസ്ത്രത്തെ (cosmolgy) പുനര്‍നിര്‍വചിച്ച വ്യക്തിയാണ്. ഹാക്കിംഗ് പ്രശസ്തനായതു തമോഗര്‍ത്തങ്ങളെ അനാവരണം ചെയ്തതിലൂടെയാണ്. എങ്കിലും തമോഗര്‍ത്തവുമായി ബന്ധപ്പെട്ട നിഗൂഢത ഇന്നും അവശേഷിക്കുന്നുണ്ട്. ഉയര്‍ന്ന ഗുരുത്വാകര്‍ഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത മേഖലയാണു തമോദ്വാരം അല്ലെങ്കില്‍ തമോഗര്‍ത്തം. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്നവയാണു തമോഗര്‍ത്തം.ബ്ലാക്ക് ഹോള്‍സ് അഥവാ തമോഗര്‍ത്തം വൈദ്യുതകാന്ത തരംഗങ്ങള്‍ പുറപ്പെടുവിക്കുമെന്നും പിന്നീട് അവ ബാഷ്പീകരിക്കപ്പെടുകയും ചെയ്യുമെന്നു ഹാക്കിംഗ് വാദിച്ചു.
പ്രപഞ്ചത്തില്‍ തമോഗര്‍ത്തങ്ങളില്ലെന്നും ഗ്രേ ഹോളുകളാണുള്ളതെന്നുമുള്ള നിഗമനം അവതരിപ്പച്ച് സമീപകാലത്ത്
ശാസ്ത്രസമൂഹത്തെ അമ്പരിപ്പിക്കുകയും ചെയ്തിരുന്നു ഹാക്കിംഗ്.

വില്‍പനയില്‍ റെക്കോഡിട്ട പുസ്തകം

ഹാക്കിംഗിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകം 40 ഭാഷകളിലായി 10 ദശലക്ഷം കോപ്പികള്‍ വിറ്റഴിച്ചതായിട്ടാണ് കണക്കുകള്‍ പറയുന്നത്. യുകെയില്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ 237 ആഴ്ച ഒന്നാം സ്ഥാനമായിരുന്നു ഈ പുസ്തകത്തിന്. സാധാരണക്കാരന് പ്രപഞ്ചശാസ്ത്രം എളുപ്പത്തില്‍ മനസിലാകും വിധമാണു വിവരിച്ചിരിക്കുന്നത്. രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു ഹാക്കിംഗ് തന്റെ ആശയങ്ങള്‍ വിനിമയം ചെയ്തിരുന്നത് American-accented speech synthesizer ഉപയോഗിച്ചായിരുന്നു. 2013-ല്‍ ഹാക്കിംഗ് ‘My Brief History’ (എന്റെ സംക്ഷിപ്ത ചരിത്രം) എന്ന പേരില്‍ ഓര്‍മക്കുറിപ്പ് പുറത്തിറക്കി.
ലോകത്തെ അത്ഭുതപ്പെടുത്തിയ പല കണ്ടുപിടുത്തങ്ങളും നടത്തിയിരുന്നെങ്കിലും ഹാക്കിംഗിന് ഒരിക്കല്‍ പോലും നൊബേല്‍ സമ്മാനം ലഭിച്ചിരുന്നില്ല. നൊബേല്‍ സമ്മാനത്തിനു പരിഗണിക്കണമെങ്കില്‍ ഹാക്കിംഗിന്റെ സിദ്ധാന്തങ്ങള്‍ക്ക് observational data ആവശ്യമാണെന്നാണു അവാര്‍ഡ് സമിതിയുടെ പക്ഷം.