Shane Warne

വിക്കറ്റുവേട്ടക്കാരന് ഡ്രൈവിങ് വിലക്കുമായി ബ്രിട്ടണ്‍

World

ലണ്ടന്‍: അമിതവേഗതയില്‍ വാഹനമോടിച്ചതിന് ഓസ്ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണിന് ഡ്രൈവിങ് വിലക്കുമായി ബ്രിട്ടണ്‍. ഒരു വര്‍ഷത്തേക്കാണ് ബ്രിട്ടീഷ് കോടതി വോണിനെ ഡ്രൈവിങില്‍ നിന്നും വിലക്കിയത്. അമിത വേഗത്തിന് തുടര്‍ച്ചയായി പിടിക്കപ്പെട്ട സാഹചര്യത്തിലാണ് താരത്തിനെതിരേ നടപടിയെടുത്തിരിക്കുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആറു തവണയാണ് അമിത വേഗതയില്‍ വാഹനമോടിച്ചതിന് വോണ്‍ പിടിയിലായത്. നേരത്തെ തന്നെ വോണിന് ലൈസന്‍സില്‍ 15 പെനാല്‍റ്റി പോയിന്റകളുണ്ടായിരുന്നു.

2018 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. തന്റെ വാടക ജാഗ്വാറില്‍ ലണ്ടനിലൂടെ സഞ്ചരിക്കവെ 40 മൈല്‍ (മണിക്കൂറില്‍ 64 കിലോമീറ്റര്‍) വേഗ പരിധി ലംഘിച്ചെന്നാണ് കേസ്. മണിക്കൂറില്‍ 47 മൈല്‍ വേഗതയിലാണ് വോണ്‍ വാഹനമോടിച്ചത്. കുറ്റം വോണ്‍ കോടതിയില്‍ സമ്മതിച്ചിട്ടുമുണ്ട്. വിലക്കിനോടൊപ്പം 1,845 യൂറോ (3,000 ഡോളര്‍ അതായത് ഏകദേശം രണ്ടു ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴയും താരത്തിന് ചുമത്തിയിട്ടുണ്ട്.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരില്‍ രണ്ടാമത്തെ താരമാണ് ഷെയിന്‍ വോണ്‍. 1992 മുതല്‍ 2007 വരെ നീണ്ടുനിന്ന കരിയറില്‍ 708 വിക്കറ്റുകളാണ് വോണ്‍ എറിഞ്ഞിട്ടത്. 145 ടെസ്റ്റുകളില്‍ നിന്നു മാത്രമാണ് താരത്തിന്റെ വിക്കറ്റുവേട്ട.