Yugander

സത്യ നദെല്ലയുടെ പിതാവ് യുഗാന്ദര്‍ അന്തരിച്ചു

Top Stories

ഹൈദരാബാദ്: മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ പിതാവും 1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനുമായ ബി.എന്‍. യുഗാന്ദര്‍ അന്തരിച്ചു. 82 വയസായിരുന്നു. പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവുവിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് യുഗാന്ദര്‍. പ്ലാനിംഗ് കമ്മിഷന്‍ അംഗമായും യുഗാന്ദര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ മസൂറിയിലുള്ള ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍, റൂറല്‍ ഡവലപ്‌മെന്റ് മിനിസ്ട്രിയില്‍ മുന്‍ നിര ബ്യൂറോക്രാറ്റ്, യുപിഎ ഭരണകാലത്ത് 2004-09 വരെ പ്ലാനിംഗ് കമ്മിഷന്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള യുഗാന്ദര്‍ ലളിത ജീവിതമായിരുന്നു നയിച്ചത്. മകന്‍ മൈക്രോസോഫ്റ്റിന്റെ സിഇഒയായപ്പോള്‍ മാധ്യമ ശ്രദ്ധയില്‍പ്പെടാതെ അകന്നു കഴിയാനും ശ്രമിച്ചിരുന്നു.
ഐഎഎസ് ബാച്ച് മേറ്റായ കെ.ആര്‍. വേണുഗോപാലിന്റെ മകള്‍ അനുപമയാണു യുഗാന്ദറിന്റെ മരുമകള്‍. മകന്‍ സത്യ നദെല്ലയുമായുള്ള അനുപമയുടെ വിവാഹത്തിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനെ പോലും ക്ഷണിച്ചിരുന്നില്ല. അപ്പോള്‍ റാവുവിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.
ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണു യുഗാന്ദര്‍ ജനിച്ചത്. യുഗാന്ദറിന്റെ നിര്യാണത്തില്‍ ഉപരാഷ്ട്രപതി, തെലങ്കാന മുഖ്യമന്ത്രി തുടങ്ങിയവര്‍ അനുശോചിച്ചു.