Rajagopal Saravana Bhavan

ഒരു സ്വപ്നം പോലെ ദോശ രാജാവിന്റെ ഉയര്‍ച്ചയും പതനവും

Business

ദാരിദ്ര്യത്തില്‍നിന്നും സമൃദ്ധിയിലേക്ക്  ഉയര്‍ന്ന കഥയാണ് രാജഗോപാലിന്റേത്. പുതുപാത വെട്ടിത്തുറന്ന റെസ്റ്റോറന്റ് ശൃംഖലയുടെ വിഷണറിയായ സൃഷ്ടാവ്. പക്ഷേ,  പ്രണയത്തിന് എതിര് നിന്നയാളെ വകവരുത്തിയതിന് നിയമം തുറങ്കിലടച്ചു പി. രാജഗോപാലിനെ. ഒടുവില്‍ വിധി പോലെ മരണവും തേടിയെത്തി.
രാജഗോപാലിന്റെ ജീവിതത്തിലെ ഉയര്‍ച്ചയിലേക്കും പിന്നീട് പതനത്തിലേക്കും നയിച്ചതില്‍ ജ്യോതിഷം പ്രധാന പങ്കുവഹിച്ചതായി തോന്നുന്നു.

അഗ്‌നി ഉപയോഗിച്ചു കൊണ്ടുള്ള ഒരു പ്രവര്‍ത്തി ചെയ്താല്‍ ഉയര്‍ച്ചയുണ്ടാകുമെന്ന ജ്യോത്സ്യന്റെ ഉപദേശത്തെ തുടര്‍ന്ന് 1981-ലാണ് രാജഗോപാല്‍ റെസ്റ്റോറന്റ് ആരംഭിച്ചത്. പി. രാജഗോപാലും സുഹൃത്ത് ഗണപതിയും ചേര്‍ന്നു വലിയ ലാഭമൊന്നുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ചെന്നൈയിലെ കാമാച്ചി ഭവനെന്ന ചെറിയ റെസ്റ്റോറന്റ് ഏറ്റെടുത്തു. പിന്നീട് അതിനു ശരവണ ഭവനെന്നു പുനര്‍നാമകരണം ചെയ്തു. 1981 ഡിസംബര്‍ 14-നായിരുന്നു ശരവണ ഭവന്‍ തുറന്നത്. ബിസിനസ് രംഗത്തുള്ള ഉപദേശകര്‍ രാജഗോപാലിനോടു ഭക്ഷണം പാചകം ചെയ്യാന്‍ വിലകുറഞ്ഞ ചേരുവകള്‍ ചേര്‍ത്താല്‍ മതിയെന്ന് പറഞ്ഞു. ജീവനക്കാര്‍ക്കു തുച്ഛമായ ശബളം നല്‍കിയാല്‍ മതിയെന്നും ഉപദേശിച്ചു. പക്ഷേ, രാജഗോപാല്‍ ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു. ശുദ്ധമായ നാളികേരം കൊണ്ടുള്ള എണ്ണ, ഗുണനിലവാരമുള്ള പച്ചക്കറി എന്നിവ ഉപയോഗിച്ചു. ജീവനക്കാര്‍ക്ക് നല്ല ശബളവും നല്‍കി. അക്കാലത്ത് ശരവണ ഭവനില്‍ ഭൂരിഭാഗം ഭക്ഷണസാധനങ്ങളും വിറ്റിരുന്നത് ഒരു രൂപയ്ക്കായിരുന്നു. ബിസിനസില്‍ വലിയ ലാഭമൊന്നും ലഭിച്ചില്ല. പക്ഷേ, ശരവണ ഭവന്‍ നല്ലൊരു പേരുണ്ടാക്കിയെടുത്തു. നിസാരവിലയ്ക്ക് രുചികരമായ ഭക്ഷണം ലഭിക്കുന്നയിടമെന്ന പേര് ശരവണ ഭവന് ലഭിച്ചു. പിന്നീട് ബിസിനസ് വച്ചടി വച്ചടി കയറ്റമായി. ശരവണഭവന് ഇന്ന് രാജ്യത്ത് 30 ലധികം ശൃംഖലകളുണ്ട്. ഇവയില്‍ 20 എണ്ണം ചെന്നൈയില്‍ മാത്രമുണ്ട്. ഒരെണ്ണം ഡല്‍ഹിയിലും 47 എണ്ണം വിദേശരാജ്യങ്ങളിലുമുണ്ട്. സിഡ്നിയിലും സ്റ്റോക്ക്ഹോമിലും സിംഗപ്പൂരിലും ലെയ്സെസ്റ്റര്‍ സ്‌ക്വയറിലും ലെക്സിംഗ്ടണ്‍ അവന്യുവിലും ഔട്ട്ലെറ്റുകളുണ്ട്. വീട്ടിലുണ്ടാക്കുന്ന അതേ സ്വാദും ഗുണമേന്മയുമുള്ള ദോശയും ഇഡലിയും വടയും തുച്ഛമായ വിലയ്ക്ക് ലഭ്യമാക്കിയതാണ് ശരവണ ഭവന്റെ വിജയ ഫോര്‍മുലയായി കണക്കാക്കുന്നത്.
ജീവനക്കാരോട് പ്രത്യേക സ്നേഹം പുലര്‍ത്തിയിരുന്നു രാജഗോപാല്‍. അവരുടെ ആരോഗ്യസംരക്ഷണം, താമസം, സ്‌റ്റൈപന്‍ഡ്, അവരുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ഫണ്ട് എന്നിവയ്ക്കെല്ലാം രാജഗോപാല്‍ പണം നല്‍കി. അങ്ങനെ ജീവനക്കാര്‍ രാജഗോപാല്‍ ജീവനക്കാരുടെ അണ്ണാച്ചി (തമിഴില്‍ മൂത്ത ജ്യേഷ്ഠന്‍) ആയി മാറി.
1990-കളില്‍ ചെന്നൈ ശരവണഭവനിലെ അസിസ്റ്റന്റ് മാനേജറിന്റെ മകള്‍ ജീവജ്യോതിയെ വിവാഹം ചെയ്യാന്‍ രാജഗോപാല്‍ തീരുമാനിച്ചു. ഈ തീരുമാനമെടുത്തത് ഒരു ജ്യോത്സ്യന്റെ ഉപദേശപ്രകാരമായിരുന്നെന്നു പറയപ്പെടുന്നു. രാജഗോപാലിന് അപ്പോള്‍ രണ്ട് ഭാര്യമാരുണ്ടായിരുന്നു. എന്നാല്‍ ജീവജ്യോതി രാജഗോപാലിന്റെ വിവാഹാലോചന തള്ളി. ജീവജ്യോതി സഹോദരന്റെ കണക്ക് അധ്യാപകനും ക്രിസ്ത്യാനിയുമായ ശാന്തകുമാറിനെ 1999-ല്‍ വിവാഹം കഴിച്ചു. ശാന്തകുമാറുമായുള്ള വിവാഹത്തിന് ജീവജ്യോതിയുടെ പിതാവ് രാമസ്വാമിക്ക് ഇഷ്ടമായിരുന്നില്ല. എന്നാല്‍ രാമസ്വാമിയെ എതിര്‍ത്ത് ജീവജ്യോതി ശാന്തകുമാറിനെ 1999 ഏപ്രിലില്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. രാമസ്വാമി ശരവണഭവനിലെ അസിസ്റ്റന്റ് മാനേജരായിരുന്നു. ഇദ്ദേഹം പിന്നീട് മലേഷ്യയിലേക്ക് പോയി.
രാജഗോപാല്‍ ദമ്പതികളെ ഭീഷണിപ്പെടുത്തി. 2001-ല്‍ ദമ്പതികള്‍ രാജഗോപാലിനെതിരേ പരാതി നല്‍കി. നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നു പരാതിയില്‍ ചൂണ്ടിക്കാണിച്ചു. പരാതി സമര്‍പ്പിച്ച് ഏതാനും ദിവസങ്ങള്‍ക്കു ശേഷം രാജഗോപാലിന്റെ ശിങ്കിടികള്‍ ജീവജ്യോതിയുടെ ഭര്‍ത്താവ് ശാന്തകുമാറിനെ തട്ടിക്കൊണ്ടു പോയി. തുടര്‍ന്നു ജീവജ്യോതി പൊലീസില്‍ പരാതി നല്‍കി. 2001 ഒക്ടോബര്‍ മൂന്നിന് ശാന്തകുമാറിന്റെ ജഡം കൊടൈക്കനാലിലുള്ള ടൈഗര്‍ ചോല വനത്തില്‍ വനം വകുപ്പ് അധികൃതര്‍ കണ്ടെത്തി. ശ്വാസംമുട്ടിച്ച് കൊന്നതായിട്ടാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു നവംബര്‍ 23ന് രാജഗോപാല്‍ കീഴടങ്ങി. 2003 ജുലൈ 15ന് രാജഗോപാലിനു ജാമ്യം ലഭിച്ചു. ജയിലിന് പുറത്തിറങ്ങിയ രാജഗോപാല്‍ മറ്റൊരു വിവാദത്തിലകപ്പെട്ടു. ആറ് ലക്ഷം രൂപ ജീവജ്യോതിക്കു നല്‍കി കൊണ്ട് സ്വാധീനിക്കാന്‍ ശ്രമിച്ചതായിരുന്നു ആ വിവാദം. ഇതിനു പുറമേ ജീവജ്യോതിയെ ഭീഷണിപ്പെടുത്തുകയും, അവരുടെ സഹോദരനെ ഉപദ്രവിക്കുകയും ചെയ്തു രാജഗോപാല്‍. 2004-ല്‍ രാജഗോപാലിനെ സെഷന്‍സ് കോടതി പത്ത് വര്‍ഷം കഠിന തടവിനു ശിക്ഷിച്ചു. 2009-ല്‍ മദ്രാസ് ഹൈക്കോടതി ജീവപരന്ത്യം തടവിനും ശിക്ഷിച്ചു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചു കൊണ്ടു സുപ്രീംകോടതിയും വിധി പുറപ്പെടുവിച്ചു. 2009 മുതല്‍ രാജഗോപാല്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. എന്നാല്‍ ഈ മാസം ഏഴാം തീയതി കീഴടങ്ങണമെന്നു ഉത്തരവിട്ടു.

കോടതിയില്‍ കീഴടങ്ങവേ, തനിക്ക് ചികിത്സയുടെ ഭാഗമായി തടവ് ശിക്ഷ ആരംഭിക്കുന്നത് നീട്ടണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും കോടതി നിരസിച്ചു. രാജഗോപാലിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നു കാട്ടി മകന്‍ ശരവണന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു.