kohli worldcup cricket

രോഹിതും ബുംറെയും തിളങ്ങി; ഇന്ത്യ സെമിയില്‍

Top Stories

author

വസാനം വരെ പൊരുതി നിന്ന ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ പ്രവേശിച്ചു. ടൂര്‍ണ്ണമെന്റില്‍ തന്റെ നാലാം സെഞ്ച്വറി തികച്ച രോഹിത് ശര്‍മ (104), അര്‍ധ സെഞ്ച്വറി നേടിയ കെ.എല്‍. രാഹുല്‍ (77) എന്നിവരുടെ മികച്ച ബാറ്റിങ്ങും ബുംറെ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മികച്ച ബൗളിങ്ങുമാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറ പാകിയത്. ഷാക്കിബ് അല്‍ ഹസന്‍ (66), മുഹമ്മദ് സെയ്ഫുദ്ദീന്‍ (51) എന്നിവരുടെ ബാറ്റിങ് പ്രകടനവും അഞ്ച് ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുത മുസ്തഫിസുര്‍ റഹ്മാന്റെ പ്രകടനവും ബംഗ്ലാ നിരയില്‍ മികച്ചു നിന്നു. രോഹിത് ശര്‍മയാണ് കളിയിലെ കേമന്‍.
കേദാര്‍ യാദവ്, കുല്‍ദീപ് ജാദവ് എന്നിവര്‍ക്ക് പകരം പേസര്‍ ഭുവനേശ്വര്‍ കുമാര്‍, ദിനേശ് കാര്‍ത്തിക് എന്നിവരെയുള്‍പ്പെടുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.
തുടര്‍ച്ചയായി രണ്ടാം മത്സരത്തില്‍ ബെര്‍മിഹാമില്‍ ഇറങ്ങിയ ഇന്ത്യ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ, മത്സരങ്ങളില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഓപ്പണിങ് ജോഡി മികച്ച അടിത്തറയാണ് ടീമിനു നല്‍കിയത്. ഇരു ഓപ്പണര്‍മാരും 92 പന്തുകള്‍ വീതം നേരിട്ടപ്പോള്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തകര്‍ത്താടിയ രോഹിത് ശര്‍മ ഇടിമുഴക്കമായി. 7 ഫോറും അഞ്ച് സിക്‌സും പിറന്ന ആ ഇന്നിങ്‌സില്‍ 113.04 ശരാശരിയില്‍ 104 റണ്‍സ് കുറിച്ച് 30 ആം ഓവറിലെ രണ്ടാം പന്തില്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ 181. രോഹിതിന് മികച്ച പിന്തുണ നല്‍കിയ കെ.എല്‍. രാഹുല്‍ ഏറെ താമസിക്കാതെ 33 ആം ഓവറിലെ നാലാം പന്തില്‍ 77 റണസ് നേടി പുറത്തായി. ഈ സമയത്ത് ടീം ടോട്ടല്‍ 350 മേലെ പോകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ നായകന്‍ വിരാട് കോലിയുള്‍പ്പെടെയുള്ള മധ്യനിര ഉത്തരവാദിത്വം ഏറ്റെടുക്കാതെ വിക്കറ്റുകള്‍ കളഞ്ഞു കുളിച്ചപ്പോള്‍ പിടിമുറുക്കിയ ബംഗ്ലാ ബൗളര്‍മാര്‍ കളിയില്‍ ആതിപത്യം നേടി. ഋഷഭ് പന്ത് (48), ധോണി (35), കോലി (26) എന്നിവര്‍ക്കൊഴികെ ആര്‍ക്കും പിന്നീട് രണ്ടക്കം കാണാന്‍ സാധിച്ചില്ല. 50 ഓവര്‍ അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിന്റെ വിജയ ലക്ഷ്യം 315.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് തുടക്കം ഭേദപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍മാര്‍ കളി തങ്ങളുടെ വരുതിയിലാക്കി. ബാറ്റിങ്ങില്‍ പൂജ്യത്തിനു പുറത്തായെങ്കിലും പന്തു കൊണ്ട് നിര്‍ണ്ണായക പ്രകടനം നടത്തിയ ഹാര്‍ദിക് പാണ്ഡ്യ മികച്ച ഫോമില്‍ തുടരുന്ന അല്‍ ഹസന്‍, ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍, ലിട്ടന്‍ ദാസ് എന്നിവരെ പുറത്താക്കി തന്റെ ഓള്‍റൗണ്ട് മികവ് വ്യക്തമാക്കി.
മൂന്ന് പേസര്‍മാരെ ടീമിലുള്‍പ്പെടുത്തിയ ഇന്ത്യക്കായി കളത്തിലിറങ്ങിയ ഏക സ്പിന്നിര്‍ ചഹല്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം 50 റണ്‍സിലധികം വിട്ടു നല്‍കിയത് ടീമിനെ ആശങ്കയിലാഴ്ത്തി. പാര്‍ട്ട്‌ടൈം ബൗളര്‍മാരുടെ അഭാവം ഇന്ത്യയെ വല്ലാതെ വലച്ച മത്സരമായിരുന്നു ഇന്നലത്തേത്. കൃത്യം 5 ബൗളര്‍മാരുമായി കളത്തിലിറങ്ങിയതിനാല്‍ ബൗളിങ്ങില്‍ മറ്റൊരു പരീക്ഷണത്തിനുള്ള സാധ്യതയില്ലാതായി. ദിനേശ് കാര്‍ത്തികിന് പകരം രവീന്ദ്ര ജഡേജ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതായിരുന്നു കൂടുതല്‍ അഭികാമ്യമെന്ന് കമന്റേറ്റര്‍മാര്‍ നിരന്തരം ഓര്‍മ്മിപ്പിക്കുന്നത് കേള്‍ക്കാമായിരുന്നു.
വലിയ ടോട്ടല്‍ പിന്തുടര്‍ന്ന ബംഗ്ലാദേശ് നിരയില്‍ എല്ലാവരും ശരാശരി പ്രകടനം പുറത്തെടുത്തു. എന്നാല്‍ വിജയത്തിനു പോരുന്ന ഒറ്റയാന്‍ പ്രകടനത്തിന് ആര്‍ക്കും സാധിക്കാതെ പോയതാണ് അവരുടെ പരാജയത്തിനു മുഖ്യകാരണം. എട്ടാംവിക്കറ്റിലെത്തിയ മുഹമ്മദ് സെയ്ഫുദ്ദീന്റെ പ്രകടനമായിരുന്നു എടുത്തു പറയേണ്ടത്.
അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ പേസര്‍മാര്‍ ബംഗ്ലാദേശിന് വിജയം നിക്ഷേധിക്കുകയായിരുന്നു. സമിയുടെ 47 ഓവര്‍ അവസാനിക്കുമ്പോള്‍ സമി, ബുംറെ, ഭുവനേശ്വര്‍ എന്നിവര്‍ക്ക് ഓരോ ഓവര്‍ ബാക്കി നില്‍പ്പുണ്ടായിരുന്നു. സാധാരണയായി 49 ഓവര്‍ എറിയാറുണ്ടായിരുന്ന ബുംറെയെ പതിവിനു വിപരീതമായി 48 ആം ഓവര്‍ എറിയാന്‍ ഏല്‍പ്പിച്ച തീരുമാനമാണ് നിര്‍ണ്ണായകമായത്. റൂബന്‍ ഹോസിന്‍ ആ ഓവറിലെ നാലാം പന്ത് ലോങ് ഓണില്‍ ബൗണ്ടറി നേടിയപ്പോള്‍ ഇന്ത്യന്‍ കൈയ്യില്‍ നിന്നം മത്സരം വഴുതുമോയെന്ന് ഏവരും ഭയപ്പെട്ടു. എന്നാല്‍ അഞ്ചും ആറും പന്തുകളില്‍ തുടര്‍ച്ചയായി യോര്‍ക്കറിലൂടെ വിക്കറ്റ് സ്വന്തമാക്കിയ ബുംറ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ഈ കളിയോടെ എട്ടുകളികളില്‍ നിന്നും 13 പോയിന്റോടെയാണ് ഇന്ത്യ സെമിയിലെത്തുന്നത്. ഇത്രയും മത്സരത്തില്‍ നിന്നും 14 പോയിന്റ് നേടിയ ഓസ്‌ട്രേലിയ ഇതിനോടകം സെമി ഉറപ്പിച്ചിരുന്നു. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായി ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ ടീമുകള്‍ പരിശ്രമിക്കുന്നു. ഇന്ന് നടക്കുന്ന ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് മത്സരം മൂന്നാം സെമി ഫൈനലിസ്റ്റിനെ തീരുമാനിക്കും. ഇന്ന് ഇംഗ്ലണ്ട് പരാജയപ്പെട്ടാല്‍ അഞ്ചിന് നടക്കുന്ന ബംഗ്ലാദേശ് പാക്കിസ്ഥാന്‍ മത്സര ഫലത്തെ ആശ്രയിച്ചിരിക്കും ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം. ന്യൂസിലാന്‍ഡ് പരാജയപ്പെട്ടാല്‍ മികച്ച റണ്‍ ശരാശരിയില്‍ ബംഗ്ലാദേശിനെ മറികടക്കാതെ പാക്കിസ്ഥാന് സെമിയിലെത്താനാകില്ല. ഏതായാലും നിലവിലെ സാഹചര്യത്തില്‍ ന്യൂസിലാന്‍ഡോ, ഇംഗ്ലണ്ടോ ആയിരിക്കും ഇന്ത്യയുടെ സെമിഫൈനല്‍ എതിരാളികള്‍.