റെക്‌സ് ടില്ലേഴ്‌സനെ സേറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും ട്രംപ് തെറിപ്പിച്ചു

World

 

വാഷിംഗ്ടണ്‍: യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലേഴ്‌സനെ സ്ഥാനത്തുനിന്നും ട്രംപ് ചൊവ്വാഴ്ച രാവിലെ നീക്കം ചെയ്തു. പകരം സിഐഎ (സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി) ഡയറക്ടര്‍ മൈക്ക് പോംപിയോയെ സെക്രട്ടറി ഓഫ് സ്റ്റേറ്റായി നിയമിച്ചു. ട്രംപിന്റെ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. കാരണം വ്യക്തമാക്കിയതുമില്ല.
ExxonMobil ന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവായിരുന്ന റെക്‌സ് ടില്ലേഴ്‌സന്‍, ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളായിട്ടാണ് അറിയപ്പെട്ടിരുന്നത്. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവിയില്‍ കേവലം ഒരു വര്‍ഷം മാത്രം പിന്നിട്ടപ്പോഴാണ് ടില്ലേഴ്‌സനെ ട്രംപ് നീക്കം ചെയ്തിരിക്കുന്നത്.
ഏറെ നാളായി ട്രംപും ടില്ലേഴ്‌സനും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഖത്തറും സൗദിയും തമ്മിലുള്ള തര്‍ക്കം മുതല്‍ റഷ്യയുടെ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വരെയായി ഇരുവരും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ വച്ച് റഷ്യയുടെ മുന്‍ചാരന്‍ ആക്രമിക്കപ്പെടാനുണ്ടായ സംഭവത്തില്‍ റഷ്യയെ ടില്ലേഴ്‌സന്‍ താക്കീത് ചെയ്യുകയുമുണ്ടായി.
ടില്ലേഴ്‌സനെ നീക്കം ചെയ്ത സംഭവം വൈറ്റ് ഹൗസ് വൃത്തങ്ങളില്‍ വന്‍ ഞെട്ടലാണ് ഉളവാക്കിയത്. പ്രത്യേകിച്ച് ഉത്തര കൊറിയന്‍ പ്രസിഡന്റുമായി ട്രംപ് മേയ് മാസം കൂടിക്കാഴ്ച നടത്താനിരിക്കവേ, അതുമായി ബന്ധപ്പെട്ട തയാറെടുപ്പുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണു ടില്ലേഴ്‌സന്‍ പുറത്തായത്.