യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ ഇടതുമുന്നണി; അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ക്കും സാധ്യത

Uncategorized

jj
തെരഞ്ഞെടുപ്പുകളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ ഇറക്കുന്നതില്‍ കൂടുതല്‍ മിടുക്ക് ഇടതുപക്ഷത്തിനാണ്. താരതമ്യേന വിജയ സാധ്യത കുറഞ്ഞ മണ്ഡലങ്ങളിലും ശക്തരായ എതിരാളികള്‍ക്കെതിരേയും ഇത്തരത്തിലുണ്ടായ മിക്ക ഇടതു നീക്കങ്ങളും വിജയം കണ്ടിട്ടുമുണ്ട്. ജനാധിപത്യ പാര്‍ട്ടികളുടെ കോട്ടയായ കോട്ടയം ലോകസഭ മണ്ഡലത്തില്‍ 1984 ലെ ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തെയും മറികടന്ന് സിപിഎമ്മിലെ യുവനേതാവ് കെ. സുരേഷ് കുറുപ്പ് നേടിയ വിജയം ഇത്തരം നീക്കങ്ങളുടെ ആക്കം കൂട്ടി. അതിനു മുമ്പ് ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യരും ജോസഫ് മുണ്ടശ്ശേരിയും രാമു കാര്യാട്ടും അടക്കം പല പ്രമുഖരേയും ഇടതുപക്ഷം പരീക്ഷിച്ചിരുന്നു. ടി.ജെ. ആഞ്ചലോസ് (ആലപ്പുഴ-1991) എ.പി. അബ്ദുള്ളക്കുട്ടി (കണ്ണൂര്‍-1999) ഡോ. കെ.എസ്. മനോജ് (ആലപ്പുഴ-2004) ഇന്നസെന്റ് (2014) എന്നിവയെല്ലാം ഇത്തരം പരീക്ഷണങ്ങളായിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തൃത്താല മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പറയപ്പെട്ടിരുന്ന ഡിവൈഎഫ്‌ഐ നേതാവ് എം. സ്വരാജിനെ തൃപ്പൂണിത്തറയിലിറക്കി കെ. ബാബുവിനെ തോല്‍പ്പിച്ചതു പോലെ അപ്രതീക്ഷിത നീക്കങ്ങളാകും എല്‍ഡിഎഫ് നടത്തുവാന്‍ പോകുന്നതെന്നാണു സൂചന. ശബരിമല വിഷയത്തിലും മറ്റ് വിവാദ പ്രശ്‌നങ്ങളിലും ഇടപെട്ട് ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് സമ്പാദിച്ച നേതാക്കളാരും മത്സര രംഗത്തേക്ക് കടന്നുവരാന്‍ സാധ്യതയില്ല. പകരം സൗമ്യരും യുവാക്കളുമായവരെയാകും കളിത്തിലിറക്കുക.
സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും ലോകസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ഇടതുപക്ഷത്തെ പാര്‍ട്ടികള്‍ ആരംഭിച്ചു. സിപിഎം മേഖലാ റിപ്പോര്‍ട്ടിങ്ങും പാര്‍ട്ടിയുടെ ബൂത്ത്തലം വരെയുള്ള കമ്മറ്റികളും ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു. ഓരോ ബൂത്തിലേയും വോട്ടര്‍പട്ടിക പരിശോധിച്ചു വിട്ടുപോയ പാര്‍ട്ടി വോട്ടുകള്‍ കണ്ടെത്തി അവരുടെ പേര് വോട്ടര്‍ പട്ടികയിലുള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നു. അതോടൊപ്പം മരിച്ചു പോയവരുടേയും സ്ഥലത്തില്ലാത്ത എതിര്‍പക്ഷക്കാരുടെ വോട്ടുകളും കണ്ടെത്തി നീക്കം ചെയ്യുന്നതിലും നേതൃത്വം ശ്രദ്ധിക്കുന്നു. ഓരോ ബൂത്തിലും തങ്ങള്‍ക്ക് ലഭിക്കാനിടയുള്ള വോട്ട് സംബന്ധിച്ച് വോട്ടേഴ്‌സ് ലിസ്റ്റിന്റെ സഹായത്തോടെ കണക്കെടുപ്പും നടത്തി വരുന്നു. മുന്നണിയിലെ മറ്റ് ഘടകകക്ഷികള്‍ക്ക് ഇത്ര വിപുലമായ സംവിധാനമൊന്നുമില്ലെങ്കിലും അവരും തെരഞ്ഞെടുപ്പ് സംവിധാനം ക്രമപ്പെടുത്തുന്ന തിരക്കിലാണ്.
ഫെബ്രുവരി ആദ്യവാരത്തോടെ പ്രാഥമിക ഘട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കു തുടക്കമാകും. ആകെയുള്ള 20 ലോകസഭ മണ്ഡലങ്ങളില്‍ സിപിഎം- 15, സിപിഐ-4, ജനതാദള്‍-1 എന്നിങ്ങനെയാണ് 2014 ല്‍ മത്സരിച്ചത്. ഇത്തവണ ജനാധിപത്യ കേരള കോണ്‍ഗ്രസ്, ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം എന്നിവര്‍ക്ക് ഓരേ സീറ്റുകള്‍ വിട്ടു നല്‍കാന്‍ സിപിഎം തയ്യാറായേക്കും. ജനതാദളിന് മലബാറിലും കേരള കോണ്‍ഗ്രസിന് മധ്യകേരളത്തിലുമാകും സീറ്റ് ലഭിക്കുക.
ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം ആവശ്യപ്പെടാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍ വടകരയും കോഴിക്കോടുമാണ്. എന്നാല്‍ അവര്‍ക്ക് വയനാട്, മലപ്പുറം എന്നീ സീറ്റുകളില്‍ ഒന്നായിരിക്കും സിപിഎം നല്‍കാന്‍ സന്നദ്ധമാകുന്നത്. സിപിഎം തീരുമാനത്തിനു മാറ്റമില്ലെങ്കില്‍ ദള്‍ വയനാട് ഏറ്റെടുക്കുമെന്നാണു പൊതു കണക്കുകൂട്ടല്‍. ഇപ്പോള്‍ ജനതാദള്‍ സെക്യുലര്‍ കൈവശംവച്ചിരിക്കുന്ന കോട്ടയത്തിനു പകരം പത്തനംതിട്ടയോ എറണാകുളമോ ആകും സിപിഎം നിര്‍ദ്ദേശിക്കുക. നിലവിലെ സാഹചര്യത്തില്‍ ജയസാധ്യത കണക്കിലെടുത്ത് പത്തനംതിട്ടയാകും അവര്‍ വാങ്ങുന്നത്.
സിപിഐ മണ്ഡലമായ വയനാട് ദളിന് നല്‍കിയാല്‍ പകരം പൊന്നാനി നല്‍കാന്‍ സിപിഎം തയ്യാറായേക്കും. 1984 മുതല്‍ 2004 വരെ പൊന്നാനി ലോകസഭ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചിരുന്നത്. തിരുവനന്തപുരത്തിനു പകരം കൊല്ലം മണ്ഡലം സിപിഐ ആവശ്യപ്പെടുമെങ്കിലും സിപിഎം വഴങ്ങില്ലെന്നാണ് കരുതുന്നത്. തൃശൂര്‍ സീറ്റില്‍ സിപിഎമ്മിന് താത്പര്യമുണ്ട്. എന്നാല്‍ അത് വിട്ടുകൊടുക്കാന്‍ സിപിഐ തയ്യാറാകില്ല. മുന്നണിയിലെ മറ്റ് ഘടകകക്ഷികളായ എന്‍സിപി, കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ്- ബി, സിഎംപി, ആര്‍എസ്പി (കുഞ്ഞുമോന്‍) എന്നിവയൊന്നും സീറ്റില്‍ അവകാശവാദം ഉന്നയിക്കില്ല. അഥവാ ഒന്നയിച്ചാലും സിപിഎം അത് അംഗീകരിക്കുകയുമില്ല.
ഇടതുമുന്നണി കഴിഞ്ഞ തവണ മത്സരിച്ച ആറ്റിങ്ങല്‍, ഇടുക്കി, ചാലക്കുടി, തൃശൂര്‍, ആലത്തൂര്‍, പാലക്കാട്, കണ്ണൂര്‍, കാസറകോട് മണ്ഡലങ്ങളിലെ എംപിമാരില്‍ നിലവില്‍ ഇടുക്കിയില്‍ നിന്നും വിജയിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയുള്ള സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജിനു മാത്രമാണ് ഇത്തവണയും സീറ്റ് ഉറപ്പുള്ളത്.
രണ്ടു തവണ തുടര്‍ച്ചയായി വിജയിച്ചവര്‍ക്ക് അവസരം നല്‍കേണ്ടെന്ന നിലപാട് സിപിഎം കര്‍ശനമായി തുര്‍ന്നാല്‍ എ. സമ്പത്ത് (ആറ്റിങ്ങല്‍), എം.ബി. രാജേഷ് (പാലക്കാട്), പി.കെ. ബിജു (ആലത്തൂര്‍) പി. കരുണാകരന്‍ (കാസറകോട്) എന്നിവര്‍ മാറിനില്‍ക്കേണ്ടിവരും. ചാലക്കുടി എംപി സിനിമതാരം ഇന്നസെന്റ് ഇക്കുറി മത്സരിക്കാനില്ലെന്ന് പരസ്യമായി പറയുകയും ചെയ്തു. കണ്ണൂര്‍ എംപി പി.കെ. ശ്രീമതി മത്സരിക്കുന്ന കാര്യത്തിലും ഇതുവരെ ഉറപ്പില്ല. ലോകസഭയില്‍ സിപിഐ വിജയിച്ച ഏക മണ്ഡലമായ തൃശൂരില്‍ സി.എന്‍. ജയദേവന്‍ വീണ്ടു മത്സരിക്കാന്‍ സാധ്യത കുറവാണ്. അങ്ങനെ വന്നല്‍ എട്ട് സിറ്റിംഗ് എംപിമാരില്‍ ജോയ്‌സ് ജോര്‍ജ് മാത്രമാകും വീണ്ടും ജനവിധി തേടുന്നത്.