കോണ്‍ഗ്രസിന്റെ ‘ പ്രിയങ്ക’രി

Uncategorized

 

jj

 

ഴിഞ്ഞ കുറേ വര്‍ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോണിയഗാന്ധിക്കും രാഹുല്‍ഗാന്ധിക്കുമൊപ്പം  പ്രിയങ്കഗാന്ധിയെകൂടി ഉള്‍പ്പെടുത്തി പോസ്റ്ററുകളും ബാനറുകളും തയ്യാറാക്കുന്നത് പതിവായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മനസില്‍ വളരെ മുന്‍പു തന്നെ പ്രിയങ്ക ഗാന്ധിയെ നേതാവായി പ്രതിഷ്ഠിച്ചിരുന്നു എന്നതാണു കാരണം.ബെല്ലാരിയില്‍ 1999ലെ ലോകസഭ തെരഞ്ഞെടുപ്പ് വേളയില്‍ തുറന്ന വാഹനത്തില്‍ പ്രചരണത്തിന് ഇറങ്ങിയ സോണിയയുടെ പിന്നില്‍ നിന്നും ജനമധ്യത്തിലേക്ക് നീട്ടിപ്പിടിച്ച കൈകളുമായി നിന്ന 27 കാരിയെ അന്നേ കോണ്‍ഗ്രസ് നേതാവായി മനസില്‍ അവരോധിച്ചതാണ്. അതിന്റെ പൂര്‍ത്തീകരണം മാത്രമാണ് ഇപ്പോള്‍ നടന്നത്.

എഐസിസിയുടെ നേതൃത്വത്തിലേക്കുള്ള അവരുടെ ഇപ്പോഴത്തെ കടന്നു വരവ് പുത്തന്‍ ഉണര്‍വാണെന്നതില്‍ സംശയമില്ല.

ഇന്ദിരാഗാന്ധിയുമായി സാമ്യമുള്ള പ്രിയങ്കയെ കോണ്‍ഗ്രസ് തലപ്പത്ത് എത്തിക്കാന്‍ കഴിഞ്ഞ 20 വര്‍ഷമായി നടത്തി വന്ന ശ്രമമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

സോണിയയുടെ പിന്‍ഗാമിയായി രാഹുല്‍ഗാന്ധി എത്തുന്ന കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയെയും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അമ്മയുടേയും സഹോദരന്റെയും മണ്ഡലങ്ങളില്‍ മാത്രം ഒതുങ്ങി അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം. അതിനപ്പുറം പ്രിയങ്ക കടന്നു വരുമെന്ന് തോന്നിയ സന്ദര്‍ഭങ്ങളിലെല്ലാം അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെ പേരിലുള്ള കേസുകള്‍ ഉയര്‍ത്തി സമര്‍ഥമായി തടയിടാന്‍ ബി.ജെ.പി ശ്രമിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ ബി.ജെ.പി വലിയ ആരോപണങ്ങള്‍ നേരിടുന്ന സമയത്ത് കൃത്യമായ റിക്രൂട്ടമെന്റ് നടത്തി കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നു.

രാജസ്ഥാനിലും മദ്ധ്യപ്രദേശിലും തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കം രൂഷമായപ്പോള്‍ പഴയ കളിക്കൂട്ടുകാരായ സച്ചിന്‍ പൈലറ്റിനെയും ജ്യോതിരാജ സിന്ധ്യയെയും വിളിച്ചു വരുത്തി അനുനയിച്ചിച്ച പ്രിയങ്കഗാന്ധി കോണ്‍ഗ്രസിനെ വലിയ പരീക്ഷണത്തില്‍ നിന്നുമാണു കരകയറ്റിയത്. അവിടെ പ്രകടമായത് പ്രിയങ്കയിലെ നേതൃമികവ് കൂടിയാണ്.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായായിട്ടാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നതെങ്കിലും രാജ്യം മുഴുവന്‍ നിയന്ത്രിക്കുന്ന കോണ്‍ഗ്രസ് നേതാവായി അമ്മയ്ക്കും സഹോദരനുമൊപ്പം ഇനി പ്രിയങ്കഗാന്ധി സജ്ജീവമായിരിക്കും. ദേശീയ നേതൃത്വത്തില്‍ ശക്തമായ അഴിച്ചുപണി നടത്തി യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന രാഹുല്‍ഗാന്ധിക്ക് പ്രിയങ്കയുടെ കടന്നു വരവ് ഏറെ സഹായകമാണ്.
കോണ്‍ഗ്രസ് റാലികളില്‍ അത്യാവേശമുണ്ടാക്കുന്ന ‘ക്രൗഡ് പുള്ളറല്ല’ രാഹുല്‍ഗാന്ധി. സോണിയയ്ക്കും ജനങ്ങളെ ആവേശം കൊള്ളിക്കാന്‍ പഴയതു പോലെ സാധിക്കുന്നില്ല. എന്നാല്‍ നേതൃത്വത്തിലില്ലാതിരുന്ന കാലത്തും ഇന്ദിരാഗാന്ധിയെ പോലെ ജനങ്ങളെ ആവേശത്തിലാക്കാന്‍ കഴിഞ്ഞിരുന്ന പ്രിയങ്ക നേതൃനിരയിലെത്തുമ്പോള്‍ ബി.ജെ.പി ക്യാമ്പ് പ്രതിരോധത്തിന്റെ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നത് തീര്‍ച്ച.
ഇനി അറിയേണ്ടത് പ്രിയങ്ക ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്നാണ്. ഒരു പക്ഷേ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പ്രിയങ്ക ആയാല്‍ അത്ഭുതപ്പെടേണ്ട. പാര്‍ട്ടി നേതൃത്വം സഹോദരനെ ഏല്‍പ്പിച്ച് അധികാര രാഷ്ട്രീയത്തില്‍ പ്രിയങ്ക എത്തിയാല്‍ തെരഞ്ഞെടുപ്പില്‍ എതിര്‍പക്ഷത്തിനു പണികൂടും. 2019 ലെ ലോകസഭ തെരഞ്ഞെടുപ്പിനു ശേഷം ഭരണം വേണമെന്ന ഉറച്ച വാശിയിലാണ് കോണ്‍ഗ്രസ്. അതിനായി വജ്രായുധം തന്നെ അവര്‍ പ്രയോഗിക്കുമ്പോള്‍ മറുവശത്ത് എന്ത് എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.