Priyankachopra

പ്രിയങ്ക ചോപ്രയെ യുഎന്‍ ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനത്തുനിന്നും നീക്കണമെന്നു പാക് മന്ത്രി

Top Stories

ന്യൂയോര്‍ക്ക്: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ യുഎന്‍ ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നു പാകിസ്ഥാന്‍ മനുഷ്യാവകാശ മന്ത്രി ഷിരീന്‍ മസാരി യൂനിസെഫിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തെയും മോദി സര്‍ക്കാരിനെയും പരസ്യമായി പിന്തുണച്ച് രംഗത്തുവന്നതാണു പാക് മന്ത്രിയെ പ്രകോപിപ്പിച്ചത്. നീക്കം ചെയ്തില്ലെങ്കില്‍ അത്തരം നിയമനങ്ങള്‍ പരിഹാസ്യമായി തീരുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഓണററി സ്ഥാനങ്ങളിലേക്ക് ഒരാളെ നിയമിക്കുമ്പോള്‍ അയാളെ കുറിച്ചു യുണിസെഫ് കൂടുതല്‍ ശ്രദ്ധാലുവായിരിക്കണമെന്നു പാക് മന്ത്രി ട്വീറ്റിലൂടെ നിര്‍ദേശിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെടാനിയായ സംഭവത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധത്തില്‍ സംഘര്‍ഷം രൂക്ഷമാവുകയുണ്ടായി. ബലാകോട്ടിലെ തീവ്രവാദ ക്യാംപില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഈ സമയത്ത് പ്രിയങ്ക ചോപ്ര ജയ്ഹിന്ദ് എന്ന് ഇന്ത്യന്‍ സൈന്യത്തോടു പറഞ്ഞിരുന്നു. ഇതാണു പാക് മന്ത്രിയെ പ്രകോപിപ്പിച്ചത്.

 

അടുത്തിടെ ലോസ് ഏഞ്ചല്‍സില്‍ നടന്ന പരിപാടിയില്‍, ആയിഷ മാലിക് എന്ന പാകിസ്ഥാന്‍ പെണ്‍കുട്ടി പ്രിയങ്കയെ വിളിച്ചത്, കപടവിശ്വാസിയെന്നും ”പാകിസ്ഥാനെതിരെ പ്രിയങ്ക ആണവയുദ്ധം പ്രോത്സാഹിപ്പിക്കുകയാണെന്നും” ആരോപിച്ചിരുന്നു.

‘നിങ്ങള്‍ സമാധാനത്തിന്റെ യൂണിസെഫ് അംബാസഡറാണ്, നിങ്ങള്‍ പാകിസ്ഥാനെതിരെ ആണവയുദ്ധം പ്രോത്സാഹിപ്പിക്കുകയാണ്. ഇതില്‍ ആരും വിജയികളാകുന്നില്ല … ഒരു പാകിസ്ഥാനിയെന്ന നിലയില്‍, എന്നെപ്പോലുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ നിങ്ങളുടെ ബോളിവുഡ് ബിസിനസില്‍ നിങ്ങളെ പിന്തുണച്ചിട്ടുണ്ട്, പക്ഷേ, നിങ്ങള്‍ ആണവയുദ്ധമുണ്ടാകാന്‍ പ്രോത്സാഹിപ്പിക്കുന്നു ‘ പാകിസ്ഥാനി വംശജ ആയിഷ മാലിക് പറഞ്ഞു.
ഇതിന് പ്രിയങ്ക മറുപടി പറഞ്ഞത്,
എനിക്ക് പാകിസ്ഥാനില്‍ നിന്ന് ധാരാളം, ധാരാളം സുഹൃത്തുക്കള്‍ ഉണ്ട്, ഞാന്‍ ഇന്ത്യയില്‍ നിന്നാണ്. യുദ്ധം ഞാന്‍ ശരിക്കും ഇഷ്ടപ്പെടുന്ന ഒന്നല്ല, പക്ഷേ ഞാന്‍ ദേശസ്‌നേഹിയാണ്, അതിനാല്‍ എന്നെ സ്‌നേഹിക്കുന്ന ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണം. പക്ഷേ, നമുക്കെല്ലാവര്‍ക്കും നടക്കേണ്ട ഒരു തരം വിട്ടുവീഴ്ചയുടെ പാത ഉണ്ടെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ ഒരുപക്ഷേ ചെയ്യുന്നതുപോലെ. നിങ്ങള്‍ ഇപ്പോള്‍ എന്നെ സമീപിച്ച രീതി പോലെ …സഹോദരി, ആക്രോശിക്കരുത്, നാമെല്ലാവരും ഇവിടെ സ്‌നേഹത്തിനായി വേണം നിലകൊള്ളേണ്ടത്.