Pacebowling

സ്പിന്‍ തട്ടകത്തില്‍ പേസ് വസന്തം

Sports

author

ഴുപതുകളുടെ തുടക്കം. ഹരിയാനയിലെ ജൂനിയര്‍ ക്രിക്കറ്റ് താരങ്ങളുടെ ക്യാമ്പാണ് വേദി. താരങ്ങള്‍ ഉച്ചഭക്ഷണത്തിനു ക്യൂ നില്‍ക്കുന്നു. ശാന്തരായി തങ്ങളുടെ ഭക്ഷണം വാങ്ങി സ്വസ്ഥമായിരുന്നു ഭക്ഷണം കഴിക്കുന്നു. ഇതിനിടയില്‍ ഒരു താരം ഭക്ഷണം വിളമ്പുന്നവരുമായി തര്‍ക്കിക്കാന്‍ തുടങ്ങി. ഒരാള്‍ക്ക് മൂന്ന് ചപ്പാത്തി മതിയാകില്ലെന്നാണു പയ്യന്റെ നിലപാട്. മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തില്‍ പരാതിയില്ലെന്നും അതിനാല്‍ ഒരാള്‍ക്കായി ഭക്ഷണം കൂടുതല്‍ നല്‍കാനാവില്ലെന്നും വിളമ്പുകാരും നിലപാടെടുത്തു. പ്രശ്‌നം ക്യാമ്പ് മേധാവിയുടേയും കോച്ചുമാരുടേയും മുന്നിലെത്തി.

കൂടുതല്‍ ഭക്ഷണം ആവശ്യപ്പെട്ട പയ്യന്‍ തനിക്ക് കൂടുതല്‍ ചപ്പാത്തി വേണമെന്ന് വാശി പിടിച്ചു. അതിന്റെ കാരണം അന്വേഷിച്ച ക്യാമ്പ് മേധാവികള്‍ പയ്യന്റെ മറുപടി കേട്ട് പൊട്ടിച്ചിരിച്ചു. 14 കാരനായ അവന്‍ ഒരു ഫാസ്റ്റ് ബൗളറാണെന്നും ഫാസ്റ്റ് ബൗളര്‍ക്ക് കൂടുതല്‍ ഫിറ്റ്‌നസും ഊര്‍ജ്ജവും വേണ്ടതിനാലാണു ഭക്ഷണത്തിന്റെ അളവ് കൂട്ടാന്‍ ആവശ്യപ്പെട്ടതെന്നുമായിരുന്നു പയ്യന്റെ മറുപടി! ക്യാമ്പ് മേധാവി അവനോട് ശാന്തമായി പറഞ്ഞു. ”മോനെ, ഇന്ത്യയില്‍ ഫാസ്റ്റ് ബൗളര്‍മാരില്ല. അതിനുള്ള ശാരീരിക ക്ഷമത ഇന്ത്യക്കാര്‍ക്കില്ല. ഇവിടെ ഇന്നിങ്‌സിലെ ആദ്യ ഓവറുകള്‍ എറിയുന്ന മീഡിയം പേസര്‍മാരുടെ ദൗത്യം വിക്കറ്റ് എടുക്കലല്ല. മറിച്ച് പന്തിന്റെ മിനുസം കളഞ്ഞ് സ്പിന്‍ ബൗളിങ്ങിന് പന്ത് പാകമാകുക എന്നതു മാത്രമാണ്. അതിനാല്‍ നീ ബാറ്റിങ്ങില്‍ ശ്രദ്ധിക്കൂ. നിനക്ക് ഭാവിയുണ്ട്. ബൗളിങ്ങില്‍ പന്തിന്റെ മിനുസം കളയാനുള്ള ഏറിന് നിനക്ക് ഇത്രയും ഫിറ്റ്‌നസ് മതി”

അന്ന് ഈ മറുപടി കൊടുത്ത ക്യാമ്പ് മേധാവിയും കൂടെയുണ്ടായിരുന്നവരും ആരെന്ന് അറിയില്ല. എന്നാല്‍ ഭക്ഷണത്തിനായ് വാശിപിടിച്ച പയ്യനെ ലോകം അറിയും. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആ പേരിന് പ്രഥമ സ്ഥാനമാണ്. കപില്‍ദേവ് രാം ലാല്‍ നികഞ്ച്. അതെ ഇന്ത്യയെ ആദ്യ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ”ചെകുത്താന്‍മാരുടെ” കപ്പിത്താന്‍.
കപില്‍ദേവ് എന്ന പ്രതിഭ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉദയം ചെയ്യുന്നതു വരെ പേസ് ബൗളിങ് എന്ന ഡിപ്പാര്‍ട്ട്‌മെന്റ് ആദ്യ അഞ്ചോ പത്തോ ഓവര്‍ എറിഞ്ഞ് പന്ത് പതം വരുത്തുന്ന ജോലിക്കാര്‍ മാത്രമായിരുന്നു. ലൈനും ലെങ്തും കൈവിടാതെ പന്തെറിയുന്ന ഏതെങ്കിലും ഒരു താരം ഈ ദൗത്യം നിര്‍വഹിച്ചു പോന്നു. ബിഷന്‍സിങ് ബേദി, വെങ്കിട്ടരാഘവന്‍ തുടങ്ങി എണ്ണം പറഞ്ഞ സ്പിന്നര്‍മാര്‍ ബാക്കി ജോലി പൂര്‍ത്തിയാക്കും.

മികച്ച ബാറ്റ്‌സ്മാനായ കപില്‍ദേവ് ഫാസ്റ്റ് ബൗളിങ്ങിലുള്ള തന്റെ പാഠവം തേച്ചു മിനുക്കിയെടുത്തതോടെ ഇന്ത്യന്‍ നിരയിലേക്ക് ധാരാളം പേസര്‍മാര്‍ പിന്നീട് കടന്നു വന്നു. ഈ ഹരിയാനക്കാരന്‍ അന്ന് ക്യാമ്പ് അധികൃതരുടെ വാക്കുകേട്ട് ഫാസ്റ്റ് ബൗളറാകാനുള്ള തീരുമാനം മാറ്റിയിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവിധി മറ്റൊന്നാകുമായിരുന്നു എന്നതില്‍ സംശയം വേണ്ട.

കാലം ഏറെ കഴിഞ്ഞു. ഇന്ന് ഇന്ത്യന്‍ പേസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കരുത്ത് പരിശോധിക്കൂ. ഭുവനേശ്വര്‍ കുമാര്‍ പരുക്കു മൂലം പുറത്തായപ്പോള്‍ പകരമെത്തിയ മുഹമ്മദ് സമി രണ്ടു മത്സരങ്ങളില്‍ നേടിയത് 8 വിക്കറ്റ്. ഒരാള്‍ എതെങ്കിലും കാരണത്താല്‍ ആദ്യ ഇലവനില്‍ നിന്നും പുറത്തായാല്‍ തിരിച്ചെത്താന്‍ സാധിക്കാത്ത വിധം കടുത്ത മത്സരമാണ് ഇന്ത്യന്‍ പേസ് ഡിപ്പാര്‍ട്ടുമെന്റിലുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഇന്ത്യക്കാരനായ ജെസ് പ്രീത് ബുംറയെത്തി നില്‍ക്കുന്നു. നാലര പതിറ്റാണ്ട് മുമ്പ് പേസ് ബൗളര്‍മാരെ കുറിച്ച് ചിന്തിക്കാന്‍ പോലും തയ്യാറാകാതിരുന്ന ഒരു രാജ്യത്തുണ്ടായ മാറ്റമാണിത്.

തൊണ്ണൂറുകളുടെ തുടക്കത്തിലാണ് സ്പിന്‍ ബൗളിങ്ങിനൊപ്പം ഫാസ്റ്റ് ബൗളര്‍മാരും ഇന്ത്യയില്‍ തുല്ല്യ സ്ഥാനം നേടിത്തുടങ്ങിയത്. നമ്മുടെ അതേ ശരീരിക ഘടനയുള്ള പാക്കിസ്ഥാനില്‍ നമ്മളുടേതിനെക്കാള്‍ മികച്ച ഫാസ്റ്റ് ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് അക്കാലത്ത് ശക്തമായിരുന്നു. ഇമ്രാന്‍ഖാന്‍, വഖാര്‍ യൂനിസ്, വാസിം അക്രം, അക്വിബ് ജാവേദ് തുടങ്ങിയവരുടെ തീയുണ്ടകള്‍ എതിരാളികള്‍ക്ക് ഭീതി പരത്തിയ കാലം. ഉപഭൂഖണ്ഡത്തില്‍ ഇന്ത്യയ്ക്കും പേസ് ബൗളര്‍മാരെ വളര്‍ത്തിയെടുക്കുവാന്‍ തീവ്രശ്രമം തുടങ്ങി.

1987 ല്‍ ചെന്നൈ കേന്ദ്രമാക്കി ആരംഭിച്ച എംആര്‍എഫ് പേസ് ഫൗണ്ടേഷന്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് കൃത്യമായ ദിശാബോധം നല്‍കി. മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡെന്നീസ് ലില്ലിയായിരുന്നു ഫൗണ്ടേഷന്റെ ചുമതലക്കാരന്‍. രാജ്യത്തെ പല ഭാഗങ്ങളില്‍ നിന്നുമായി അക്കാദമിയിലേക്ക് താരങ്ങളെത്തി. അവരിലെ പേസ് ബൗളിങ് പ്രതിഭയെ മികച്ച വിദേശ ട്രെയ്‌നര്‍മാരുടെ സഹായത്തോടെ തേച്ചുമിനുക്കിയെടുത്തു. കപില്‍ദേവിനും മനോജ് പ്രഭാകര്‍ക്കും ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് എത്തിയ ജവഗല്‍ ശ്രീനാഥ് മുതല്‍ എല്ലാ പേസ് ബൗളര്‍മാരും ഈ അക്കാദമിയുടെ സംഭാവനയാണ്.

ഇന്ത്യയ്ക്ക് മാത്രമല്ല, ഇന്ന് ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും എംആര്‍എഫ് പേസ് ഫൗണ്ടഷന്റെ പിച്ചില്‍ പേസ് ബൗളിങ് ബാലപാഠം അഭ്യസിച്ച പ്രതിഭകളുണ്ട്. ഇപ്പോള്‍ ഇതില്‍ മുമ്പന്‍മാര്‍ ഇന്ത്യക്കാരായി മാറിയിരിക്കുന്നു എന്നത് ഏറെ അഭിമാനകരവുമാണ്. ഈ ലോകകപ്പില്‍ ഇന്ത്യ സ്വന്തമാക്കിയ 42 വിക്കറ്റില്‍ 29 എണ്ണവും നേടിയത് പേസ് സംഘമാണ്. ഇന്ത്യന്‍ പ്രതീക്ഷ മുഴുവന്‍ പേസ് സംഘത്തിലാണ്. കുത്തിഉയരുന്ന കറങ്ങുന്ന പന്തുകളില്‍ മാന്ത്രിക വിദ്യ ഒളിപ്പിക്കുന്ന പഴയ കാലത്ത് നിന്നും തീപാറുന്ന പന്തുകളുടെ ശക്തി കൈകളില്‍ ആവാഹിച്ച് ഇന്ത്യന്‍ പേസര്‍മാര്‍ പിച്ചിലേക്ക് അടുക്കുമ്പോള്‍ അതിരാളികളുടെ നെഞ്ചില്‍ ഉയരുന്ന ചങ്കിടിപ്പിനൊപ്പം ഇന്ത്യന്‍ മനസുകളില്‍ വീണ്ടും ഒരു ലോക കിരീടമെന്ന സ്വപ്നവും ചിറക് മുളയ്ക്കുന്നു.