ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത് 68ാം വയസില്‍

Sports

 

വെല്ലിംഗ്ടണ്‍: കായികരംഗത്ത് കളിക്കാരുടെ വിരമിക്കല്‍ പ്രായം സാധാരണയായി മുപ്പതുകളുടെ മധ്യത്തിലായിരിക്കും. എന്നാല്‍ ന്യൂസിലാന്‍ഡില്‍നിന്നും വ്യത്യസ്തമായൊരു റിപ്പോര്‍ട്ടാണു പുറത്തുവന്നിരിക്കുന്നത്. ഇവന്‍ ചാറ്റ്ഫീല്‍ഡ് എന്ന ക്രിക്കറ്റ് താരം 68-ാം വയസിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 1975-ല്‍ ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് മാച്ചില്‍ അരങ്ങേറ്റം കുറിച്ച ചാറ്റ്ഫീല്‍ഡ് ന്യൂസിലാന്‍ഡിന്റെ ദേശീയ ടീമിനെ 43 ടെസ്റ്റുകളിലും 114 ഏകദിനങ്ങളിലും പ്രതിനിധീകരിച്ചു. ടീമിലെ മീഡിയം പേസറായിരുന്നു ചാറ്റ്ഫീല്‍ഡ്. ടെസ്റ്റില്‍ 123 വിക്കറ്റുകളും, ഏകദിനത്തില്‍ 140 വിക്കറ്റുകളും കരസ്ഥമാക്കി. ക്രിക്കറ്റ് ഇതിഹാസം റിച്ചാര്‍ഡ് ഹാഡ്ലിക്കൊപ്പം 70,80 കളില്‍ കളിച്ചിട്ടുണ്ട് ചാറ്റ്ഫീല്‍ഡ്. 1975-ല്‍ ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് മത്സരത്തില്‍ അവസാന വിക്കറ്റ് കൂട്ട്കെട്ടില്‍ ജെഫ് ഹോവാര്‍ത്തുമൊത്ത് 44 റണ്‍സെടുത്തത് ചരിത്രത്തിലിടം നേടിയിരുന്നു. ചാറ്റ്ഫീല്‍ഡിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു അത്.
ഈ മാസം 26നാണ് അദ്ദേഹം വിരമിക്കുന്നതായി പ്രഖ്യാപനം നടത്തിയത്. ന്യൂസിലാന്‍ഡ് ടീമിനു വേണ്ടി അവസാനമായി കളിച്ചത് പാകിസ്ഥാനെതിരേ 1989ലായിരുന്നെങ്കിലും വിരമിക്കല്‍ ഇപ്പോഴാണ് പ്രഖ്യാപിച്ചത്. 1989നു ശേഷം ഇത്രയും കാലം വെല്ലിംഗ്ടണിലുള്ള നാനേ ഓള്‍ഡ് ബോയ്സ് എന്നു പേരുള്ള ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി കളിച്ചു കൊണ്ടിരുന്നു.