മാലിന്യം വലിച്ചെറിയുന്നതു തടയുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച കമ്പി വേലി ഫലപ്രദമാകുന്നില്ലെന്ന് ആക്ഷേപം

Kerala

മുണ്ടക്കയം: മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതു തടയുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച കമ്പി വേലി ഫലപ്രദമാകുന്നില്ലെന്ന് ആക്ഷേപം. മണിമലയാറ്റിലെ ക്രോസ് വേ പാലത്തില്‍നിന്നും മാലിന്യം വലിച്ചെറിയുന്നതു പതിവാണ്. ഇതു തടയുന്നതിനു വേണ്ടിയാണു പാലത്തിനു സമീപം മീന്‍ മാര്‍ക്കറ്റിനോടു ചേര്‍ന്നും, വരിക്കാനി റോഡിലേക്കു തിരിയുന്ന ഭാഗത്തും കമ്പി വേലി സ്ഥാപിച്ചത്. പക്ഷേ പാലത്തിന്റെ വശങ്ങളില്‍ കമ്പനി വേലി സ്ഥാപിച്ചിട്ടുമില്ല. ഇവിടെ തുറന്നു തന്നെ കിടക്കുകയാണ്. ഇങ്ങനെ തുറന്നുകിടക്കുന്നതിനാല്‍ പാലത്തിലൂടെ മാലിന്യം വലിച്ചെറിയാന്‍ സൗകര്യമൊരുങ്ങുകയാണ്. ഫലത്തില്‍ കമ്പി വേലി കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്നതാണു വസ്തുത. മുഴുവന്‍ വശങ്ങളും കമ്പി വേലി സ്ഥാപിക്കാനാണു കരാര്‍ നല്‍കിയതെന്നു പറയുന്നുണ്ട്. എന്നാല്‍ ചില സ്ഥലങ്ങളില്‍ മാത്രമായി കമ്പി വേലി ചുരുങ്ങി. കമ്പനി വേലി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കരാറില്‍ അഴിമതിയുണ്ടോയെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്.
വേനല്‍ക്കാലത്ത് ജലക്ഷാമം അനുഭവിക്കുമ്പോഴാണു മാലിന്യം മണിമലയാറ്റിലേക്കു വലിച്ചെറിയുന്ന പ്രവണത വര്‍ധിച്ചുവരുന്നത്. വേസ്റ്റ് കുന്നുകൂടുമ്പോള്‍ പരിസരം വൃത്തിഹീനമായി മാറുമെന്നു മാത്രമല്ല, ദുര്‍ഗന്ധം വമിക്കുകയും ചെയ്യും. മാലിന്യം കാരണം ആറിന്റെ ചുറ്റു വട്ടത്തുള്ളവര്‍ക്കു വെള്ളം ഉപയോഗിക്കാനാവാത്ത സ്ഥിതിവിശേഷവുമുണ്ട്. മാലിന്യവിഷയത്തില്‍ ക്രിയാത്മകമായി പ്രതികരിക്കേണ്ട മുണ്ടക്കയം പഞ്ചായത്ത് നിഷ്‌ക്രിയമാണെന്ന പരാതി ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
പഞ്ചായത്തില്‍ ഫലപ്രദമായ വേസ്റ്റ് മാനേജ്മെന്റിന്റെ അഭാവമാണു കാര്യങ്ങള്‍ ഇത്രത്തോളം പരിതാപകരമാക്കിയിരിക്കുന്നത്. തുറന്നു കിടക്കുന്ന പാലത്തിനു ചുറ്റും കമ്പിവേലികള്‍ സ്ഥാപിക്കപ്പെടണം. വേസ്റ്റ് നിക്ഷേപിക്കാന്‍ വന്‍നഗരങ്ങള്‍ മാതൃകയാക്കി വീടുകളില്‍ കുടുംബശ്രീ പദ്ധതി ഉപയോഗിച്ച് വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുകയും അവ തരം തിരിച്ചു ശേഖരിക്കുകയും ചെയ്യണം. വേസ്റ്റ് നിക്ഷേപിക്കാന്‍ വലിയ വേസ്റ്റ് ബിന്നുകള്‍ ഒഴിഞ്ഞ സ്ഥലങ്ങളില്‍ സ്ഥാപിക്കുകയും അവയെ കുറിച്ച് എല്ലാവര്‍ക്കും അറിയുകയും വേണം. മാലിന്യം കൃത്യമായി ശേഖരിച്ചു ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യണം. പല പഞ്ചായത്തുകളും മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കി വഴി വിളക്കുകള്‍ പ്രകാശിപ്പിക്കുന്നുണ്ട്. ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും വേണം. മാലിന്യം വലിച്ചെറിയുന്നവരെ കൈയ്യോടെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം. ഇതിനായി ക്രോസ്സ്വേ പാലം പോലെ ഉള്ള പൊതുസ്ഥലങ്ങളില്‍ CCTV ക്യാമറ സ്ഥാപിക്കണം. ഇതിലൂടെ സാമൂഹ്യ വിരുദ്ധരെ പിടികൂടി പിഴ ഈടാക്കാന്‍ കഴിയും. ഇത്തരം ഫലപ്രദമായ കാര്യങ്ങള്‍ ചെയ്യാതെ ഇരുട്ടു കൊണ്ടുള്ള ഓട്ട അടക്കാന്‍ ശ്രമിക്കുകയാണു മുണ്ടക്കയം പഞ്ചായത്ത് അധികാരികളെന്നു സിപിഎം മുണ്ടക്കയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.വി. അനില്‍കുമാര്‍ ആരോപിച്ചു.