മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംപി പെന്‍ഷന്‍ നല്‍കി ഇന്നസെന്റ്

Top Stories

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഒരു വര്‍ഷത്തെ എംപി പെന്‍ഷന്‍ ഇന്നസെന്റ് നല്‍കി. മുന്‍ എംപിയെന്ന നിലയില്‍ ലഭിക്കുന്ന ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുകയാണു നല്‍കിയത്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂര്‍ കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ എസ്. ഷാനവാസിനു കൈമാറി.
25000 രൂപയാണ് പ്രതിമാസ പെന്‍ഷനായി ലഭിക്കുന്നത്. ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക പൂര്‍ണ്ണമായും ദുരിതബാധിതര്‍ക്കായി നീക്കി വെക്കുകയാണെന്ന് ഇന്നസെന്റ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന നിക്ഷിപ്ത താല്‍പര്യക്കാരുടെ പ്രചാരണത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

എംപി ആയിരിക്കേ, രണ്ട് സന്ദര്‍ഭങ്ങളിലായി 6 മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഓഖി ദുരന്തകാലത്ത് 2 മാസത്തേയും 2018ലെ പ്രളയകാലത്ത് 4 മാസത്തേയും ശമ്പളമാണ് ഇപ്രകാരം നല്‍കിയത്. ഒട്ടാകെ 3 ലക്ഷം രൂപ അന്നും സംഭാവനയായി മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറിയ കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇതൊക്കെ വിളിച്ചു പറയുന്നത് ഇഷ്ടപ്പെടുന്നില്ല. പക്ഷേ എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഇത് ആവര്‍ത്തിച്ചാല്‍, അത് അതിജീവിക്കുന്ന കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും. ഒപ്പം ഈ ദുരിതാശ്വാസനിധിയെക്കുറിച്ച് നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന പ്രചാരണത്തെ നേരിടേണ്ടതുണ്ടെന്നും കരുതുന്നതു കൊണ്ടാണ് ഇക്കാര്യം ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. കെ.വി.അബ്ദുള്‍ ഖാദര്‍ എംഎല്‍എ സന്നിഹിതനായിരുന്നു.