Subinmaliakal

പര്‍വ്വതാരോഹണം പാഷനാക്കിയ സുബിന്‍

Feature

സാഹസികത ഇഷ്ടപ്പെടുന്നവരാണു നമ്മളില്‍ ഭൂരിഭാഗവും. മൗണ്ടനീയറിംഗ് അഥവാ പര്‍വ്വതാരോഹണമാണു ചിലര്‍ക്കു സാഹസികത. മറ്റു ചിലര്‍ക്ക് അഭിലാഷ് ടോമിയെ പോലെ ഒറ്റയ്ക്ക് പായ്ക്കപ്പലില്‍ സമുദ്രത്തിലൂടെ സഞ്ചരിക്കുന്നതോ, കടലിടുക്കുകള്‍ (strait) നീന്തി കടക്കുന്നതോ ഒക്കെയായിരിക്കും. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി സുബിന്‍ മാളിയേക്കലിനു മൗണ്ടനീയറിംഗ് എന്നത് ഒരു പാഷനാണ്. അതോടൊപ്പം സഹനശീലം അഭ്യസിക്കാനുള്ള ഒരു മാര്‍ഗമായും സുബിന്‍ മൗണ്ടനീയറിംഗിനെ കാണുന്നു. പര്‍വതങ്ങളില്‍ മാത്രമാണു മനുഷ്യര്‍ അവരുടെ യഥാര്‍ഥ വ്യക്തിത്വത്തെ തുറന്നുകാട്ടുന്നത്. ഓരോരുത്തരുടെയും ഉള്ളിലുള്ള യഥാര്‍ഥ വ്യക്തിത്വത്തെ അറിയാന്‍ സാധിക്കുന്നതും അവിടെ വച്ചാണെന്നു സുബിന്‍ പറയുന്നു. അര ഡസനിലേറെ കൊടുമുടികള്‍ 35-കാരനായ സുബിന്‍ ഇതിനോടകം കീഴടക്കി കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ പുതിയ ദൗത്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ഹിമാചല്‍ പ്രദേശിലുള്ള മൗണ്ട് ഡിയോ ടിബ്ബ കീഴടക്കാനായി യാത്ര തിരിച്ചിരിക്കുകയാണു സുബിന്‍. ജുലൈ 15 മുതല്‍ ദൗത്യം ആരംഭിക്കും. മൗണ്ട് ഡിയോ ടിബ്ബയിലെ പര്‍വ്വതാരോഹണത്തിനു പുറമേ സ്റ്റോക്ക് കാംഗ്രിയില്‍ ഒരു ട്രെക്കിംഗും പൂര്‍ത്തിയാക്കി ഓഗസ്റ്റ് പത്താം തീയതിയോടെ നാട്ടില്‍ തിരിച്ചെത്താനാണു പദ്ധതിയിട്ടിരിക്കുന്നത്. 6001 മീറ്റര്‍ ഉയരമുള്ളതാണ് മൗണ്ട് ഡിയോ ടിബ്ബ. സ്റ്റോക്ക് കാംഗ്രിയുടെ ഉയരം 6153 മീറ്ററും.

ഇന്ത്യന്‍ നേവിയില്‍ ഏവിയേഷന്‍ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുമ്പോഴാണു സുബിനു മലകയറ്റത്തോടും ട്രെക്കിംഗിനോടും ഇഷ്ടം തോന്നിത്തുടങ്ങിയത്. പിന്നീട് 2015-ല്‍ അരുണാചല്‍ പ്രദേശിലുള്ള നിമാസില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗ് ആന്‍ഡ് അലൈഡ് സ്പോര്‍ട്സ്) മൗണ്ടനീയറിംഗിനെ കുറിച്ചുള്ള ബേസിക് കോഴ്സ് പരിശീലിച്ചു. ഒരു മാസം നീണ്ടു നില്‍ക്കുന്നതാണ് ഈ കോഴ്സ്. ഒട്ടേറെ കഠിനയും ക്ലേശവും നിറഞ്ഞതാണു കോഴ്സെന്നു സുബിന്‍ പറയുന്നു. ഈ കോഴ്സ് പൂര്‍ത്തിയാക്കി കഴിഞ്ഞതോടെ ട്രെക്കിംഗിനെ കുറിച്ചുള്ള സുബിന്റെ കാഴ്ചപ്പാട് മാറി. അത്രയും കാലം ട്രെക്കിംഗും മൗണ്ടനീയറിംഗും എന്നാല്‍ തന്നെ സംബന്ധിച്ച് വിനോദത്തിനു വേണ്ടിയുള്ള വെറുമൊരു കായിക ഇനമാണെന്നായിരുന്നു ധരിച്ചിരുന്നതെന്നു സുബിന്‍ പറയുന്നു. ഇന്ത്യയില്‍ മൗണ്ടനീയറിംഗ് പരിശീലിപ്പിക്കുന്ന ആറോളം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട്. ഭൂരിഭാഗവും ഉത്തരേന്ത്യയിലാണുള്ളത്. ഈ സ്ഥാപനങ്ങള്‍ ഇന്ത്യയുടെ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചാണു പരിശീലനം നല്‍കുന്നത്. ഇവിടെ പ്രവേശനം ലഭിക്കണമെങ്കില്‍ ഇന്ന് അപേക്ഷ സമര്‍പ്പിച്ചാല്‍ അഡ്മിഷന്‍ ലഭിക്കാന്‍ ഏകദേശം രണ്ട് വര്‍ഷത്തോളം കാത്തിരിക്കേണ്ടതുണ്ട്. 20,000 രൂപയോളം വരും പരിശീലന ഫീസ്.

Trekking

വടക്ക്-കിഴക്ക്, മണാലി, ഗോവ, ജമ്മു, സ്പിതി താഴ്വര എന്നിവിടങ്ങളിലാണു സുബിന്‍ ട്രെക്കിംഗും മൗണ്ടനീയറിംഗും നടത്തിയിരിക്കുന്നത്. ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും പ്രതിസന്ധി നിറഞ്ഞതും എന്നാല്‍ മനോഹരവുമായ ട്രെക്കിംഗ് ബെയ്ലി ട്രാക്റ്റിലേതായിരുന്നെന്നു സുബിന്‍ പറയുന്നു. 20-25 കിലോമീറ്റര്‍ വരെ നീണ്ടതായിരുന്നു ബെയ്ലി ട്രാക്റ്റിലെ ട്രെക്കിംഗ്. മഞ്ഞു വീഴ്ച, മഞ്ഞ് ഇടിച്ചില്‍ (avalanche) തുടങ്ങിയവ ട്രെക്കിംഗിനിടെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒരിക്കല്‍ സൂര്യതപമേറ്റ് (sun burn) മുഖത്തെ തൊലി വിട്ടു പോയിട്ടുണ്ട്. ട്രെക്കിംഗിലും മൗണ്ടനീയറിംഗിലും സംഭവിക്കാവുന്ന പൊതുവായ റിസ്‌ക്ക് എന്നു പറയുന്നത് അക്യൂട്ട് മൗണ്ടന്‍ സിക്ക്നെസ് (Acute Mountain Sickness), ഹൈപ്പോ തെര്‍മിയ, ലോ പ്രഷര്‍, ഫ്രോസ്റ്റ് ബൈറ്റ്, അനോക്സിയ(ഓക്സിജന്റെ അഭാവം) തുടങ്ങിയവയാണ്. ഇവയിലേതെങ്കിലും ഒന്നിന്റെ ആഘാതമുണ്ടായാല്‍ നമ്മള്‍ക്ക് മനസിന്റെ നിയന്ത്രണം വരെ നഷ്ടപ്പെടും. ട്രെക്കിംഗില്‍ മനസിന്റെ ശരീരത്തിന്റെ ശക്തി വളരെ അത്യാവശമാണെന്നു സുബിന്‍ പറയുന്നു. കായികശേഷി കൈവരിക്കാന്‍ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും പെരിയാറില്‍ നീന്താറുണ്ട്. പിന്നെ സൈക്കളിംഗും നടത്താറുണ്ട്. എന്നാല്‍ മനസിനെ ശക്തിപ്പെടുത്താന്‍ പ്രത്യേകം പരിശീലനമൊന്നും നടത്തിയിട്ടില്ല. യോഗ അഭ്യസിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നു സുബിന്‍ പറയുന്നു.

മൗണ്ടനീയറിംഗിന് പോകുന്നവര്‍ ഒരിക്കലും ഒറ്റയ്ക്കല്ല. അവര്‍ ഒരു സംഘമായിട്ടായിരിക്കും മല കയറുന്നത്. മല കയറ്റത്തില്‍ നയിക്കാന്‍ ഒരു ലീഡറുണ്ടായിരിക്കും. അയാളെ ലീഡ് ക്ലൈംബറെന്നാണു വിളിക്കുന്നത്. പിന്നെ ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും ചുമയ്ക്കാന്‍ കുറച്ചു പേരും. ഈ സംഘത്തില്‍ ഷേര്‍പ്പകളുമുണ്ടാകും. ചില സ്ഥലങ്ങളില്‍ ചുമട് ചുമയ്ക്കാന്‍ കഴുതകളെ സജ്ജീകരിക്കാറുണ്ട്.

ട്രെക്കിംഗിന്റെ മറ്റൊരു ഗുണമായി സുബിന്‍ കാണുന്നത് വന്യജീവി, പ്രകൃതി എന്നിവയുടെ അപാര സൗന്ദര്യം ദര്‍ശിക്കാനാവുമെന്നതാണ്. ഇന്ത്യാക്കാര്‍ ഏറ്റവും ഭാഗ്യമുള്ളവരാണ്. കാരണം ഹിമാലയത്തിലെ ഉയര്‍ന്ന മലനിരകളിലേക്ക് ആക്സസ് ഇന്ത്യയില്‍നിന്നും ഉണ്ട്. ട്രെക്കിംഗിനും മൗണ്ടനീയറിംഗിനും ഇത്രയേറെ അവസരം മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് ഇല്ല. ഈ അവസരം ആരും നഷ്ടപ്പെടുത്തരുതെന്നാണു തനിക്കു നിര്‍ദേശിക്കാനുള്ളതെന്നു സുബിന്‍ പറയുന്നു.