ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഇത്തവണ കേരളത്തില്‍ കൂടുതല്‍ വിഐപി സ്ഥാനര്‍ത്ഥികള്‍ക്ക് സാധ്യത

Uncategorized

jj

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എക്കാലവും സംസ്ഥാനത്തെ വിഐപി മണ്ഡലങ്ങളെ കുറിച്ചു ചര്‍ച്ചകള്‍ സജീവമാണ്. ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന എ.കെ. ഗോപാലന്‍ (കാസറകോട്, പാലക്കാട്) മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ (ഒറ്റപ്പാലം), വി.കെ. കൃഷ്ണമേനോന്‍, പി.കെ.വി, ശശി തരൂര്‍ (തിരുവനന്തപുരം) എസ്. കൃഷ്ണകുമാര്‍ (കൊല്ലം), മുല്ലപ്പള്ളി രാമചന്ദ്രന്‍ (കണ്ണൂര്‍, വടകര), ജി.എം. ബനാത്തുവാല (പൊന്നാനി, മഞ്ചേരി), ഇബ്രാഹിം സുലൈമാന്‍ സേട്ട് (കോഴിക്കോട്, മഞ്ചേരി, പൊന്നാനി), ഇ. അഹമ്മദ് (മഞ്ചേരി, മലപ്പുറം), പനമ്പള്ളി ഗോവിന്ദമേനോന്‍ (മുകുന്ദപുരം), കെ. കരുണാകരന്‍ (തിരുവനന്തപുരം, മുകുന്ദപുരം), ഇ.കെ. നായനാര്‍ (പാലക്കാട്), കെ.പി. ഉണ്ണികൃഷ്ണന്‍ (വടകര)…കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ വിഐപികളായി മത്സരിച്ചു ജയിച്ച പ്രമുഖര്‍ ധാരാളം. 1971 ല്‍ കാസറകോട് മണ്ഡലത്തില്‍ ഇ.കെ. നായനാര്‍ രാമചന്ദ്രന്‍ കടന്നപ്പളളിയോടും 1996 ല്‍ തൃശൂരില്‍ കരുണാകരന്‍ വി.വി. രാഘവനോടും പരാജയപ്പെട്ടു. അതു പോലുള്ള വന്‍ അട്ടിമറികള്‍ക്കും കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത്തവണ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ആരെല്ലാം വി.ഐ.പികളായി എത്തുമെന്ന് കാത്തിരിക്കുകയാണു വോട്ടര്‍മാര്‍.
ലോക്‌സഭയിലെ സിപിഎമ്മിന്റെ കക്ഷി നേതാവ് പി. കരുണാകരന്‍ ഇത്തവണ കാസറകോട് അങ്കത്തിനുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ അങ്കം കുറിക്കുമെന്നു തന്നെയാണ് സൂചനകള്‍. മുന്‍ കേന്ദ്രമന്ത്രിമാരായ കെ.വി തോമസ് (എറണാകുളം), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ശശി തരൂര്‍ (തിരുവനന്തപുരം) എന്നിവരും മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പിക്കാം. ഇവരിലും പ്രധാനികളായ ആരെങ്കിലും കേരളത്തില്‍ മത്സരിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
യുഡിഎഫില്‍ കോട്ടയം, ഇടുക്കി മണ്ഡലങ്ങളില്‍ സജ്ജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന പേര് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതാണ്. കേരള രാഷ്ട്രീയത്തില്‍ സജ്ജീവമായ ഉമ്മന്‍ചാണ്ടിക്ക് പണ്ടേ ഡല്‍ഹി അത്ര പഥ്യമല്ല. എ.കെ. ആന്റണി, വയലാര്‍ രവി എന്നീ മുതിര്‍ന്ന നേതാക്കളും കെ.സി. വേണുഗോപാലും ഡല്‍ഹി കേന്ദ്രീകരിക്കുമ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി കൂടി ഡല്‍ഹിക്ക് പോയാല്‍ കേരളത്തിലെ എ ഗ്രൂപ്പിന് കനത്ത ക്ഷീണമാണെന്ന് വിലയിരുത്തുന്നവര്‍ ധാരാളം. എങ്കിലും ഇദ്ദേഹം മത്സരത്തിനുണ്ടാകില്ലെന്ന് ഉറപ്പിക്കാനാവില്ല. ഹൈക്കമാന്‍ഡ് അവസാന നിമിഷം ആവശ്യപ്പെട്ടാല്‍ മധ്യകേരളത്തിലെ സൂപ്പര്‍ പോരാട്ടം കോട്ടയത്തോ, ഇടുക്കിയിലോ എന്നു മാത്രമേ തീരുമാനിക്കേണ്ടതായുള്ളൂ.
ബിജെപി ഏറെ പ്രതീക്ഷ വച്ചു പലര്‍ത്തുന്ന തിരുവനന്തപുരമാണു മറ്റൊരു വിഐപി പരിഗണനയുള്ള മണ്ഡലം. ഒ.രാജഗോപാലിനു കഴിഞ്ഞ തവണ തലനാഴിരയ്ക്കു നഷ്ടപ്പെട്ട മണ്ഡലം സ്വന്തമാക്കാന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം ശക്തമാണ്. മണ്ഡലത്തിനു വിഐപികളോടുള്ള പ്രത്യേക പരിഗണ കണക്കിലെടുത്തു കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനെയും ഇവിടെ ബിജെപി പരിഗണിക്കുന്നുണ്ട്. വെള്ളിത്തിരയില്‍ നിന്നും സുരേഷ്‌ഗോപി, മോഹന്‍ലാല്‍ എന്നിവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നു. ശശി തരൂര്‍ ഇതിനോടകം വീണ്ടും മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ഇവിടെ കോണ്‍ഗ്രസ്- ബി.ജെ.പി സ്ഥാനാര്‍ത്ഥികളോട് കിടപിടിക്കുന്ന സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഇടതുപക്ഷം നന്നേ വിയര്‍ക്കും.

ഇടതുപക്ഷത്തു നിന്ന് വിഐപി സ്ഥാനാര്‍ത്ഥികളുടെ പേര് ഇതുവരെ പറഞ്ഞു കേള്‍ക്കുന്നില്ലെങ്കിലും ഇത്തവണ അതിനു ഏറെ സാധ്യതയുണ്ടെന്നാണു പൊതുവിലയിരുത്തല്‍. ബംഗാളിലും ത്രിപുരയിലും നിന്ന് പ്രമുഖരെ പാര്‍ലമെന്റിലെത്തിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും ഒരു മികച്ച നേതാവിനെ പാര്‍ലമെന്റില്‍ എത്തിക്കാന്‍ സിപിഎമ്മിന് പദ്ധതിയുണ്ട്. കഴിഞ്ഞ തവണ എം.എ ബേബിയെ ഇത്തരത്തില്‍ കൊല്ലത്ത് ഇറക്കി നേരിട്ട പരാജയം കണക്കിലെടുക്കുമ്പോള്‍ ഇത്തവണ കൂടുതല്‍ കരുതലോടെയാകും സിപിഎം പദ്ധതി തയ്യാറാക്കുക.
കേന്ദ്ര നേതൃത്വത്തില്‍ നിന്നും ആരെയെങ്കിലും കേരളത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചാല്‍ ഏറെ സാധ്യത മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കരാട്ടിനു തന്നെയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. പാലക്കാട് വേരുകളുള്ള കാരാട്ടിനു വേണ്ടി സിപിഎം ആദ്യം പരിഗണിക്കുന്നതും ഈ മണ്ഡലമാണ്.

2009 ലെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആണവോര്‍ജ്ജ പ്രശ്‌നത്തിലടക്കം ശക്തമായ ഇടപെടല്‍ നടത്തി യുപിഎ നേതൃത്വത്തില്‍ മറ്റൊരു അധികാര കേന്ദ്രമായി ഉയര്‍ന്ന കരാട്ടിനെ ലോകസഭയിലെത്തിക്കേണ്ടത് അനിവാര്യമാണെന്ന വാദവും ശക്തമാണ്. പാലക്കാടിനു പകരം വടകരയിലും കരാട് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുണ്ടെന്നു വാദിക്കുന്നവരുണ്ട്. ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം ഈ സീറ്റ് ആവശ്യപ്പെടുന്നത് ഒഴിവാക്കാന്‍ കരാട്ടിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

സീതാറാം യെച്ചൂരി ബംഗാളില്‍ നിന്നും രാജ്യസഭയിലെത്തിയതു പോലെ ഇനി ഒരാളെ രാജ്യസഭയിലെത്തിക്കണമെങ്കിലും അത് കേരളത്തില്‍ നിന്നു തന്നെ വേണം. ഇതിനു കാത്തിരിക്കാതെ ലോകസഭയിലേക്കു മത്സരിപ്പിക്കുന്നതാണ് ഉചിതമെന്നു കേന്ദ്രനേതൃത്വം വിലയിരുത്തുന്നു.
വിഐപികളുടെ പേരുകള്‍ ധാരാളമായി കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ ആരെങ്കിലും മത്സരിക്കുമെന്ന് തീര്‍ത്ത് പറയാന്‍ സാധിക്കില്ല. എന്നിരുന്നാലും ഇത്തവണ ഒരു വിഐപി പോരാട്ടത്തിനായി കാത്തിരിക്കുകയാണ് കേരളത്തിലെ വോട്ടര്‍മാര്‍.