മെസി കളം വിട്ടു, ഇനി എംബാബേ

Feature

jesy-s

പെലെക്ക് ശേഷം ലോകകപ്പില്‍ ഒരു കൗമാര താരത്തിന്റെ വിസ്മയ കടന്നു വരവ്. കൈലിയന്‍ എംബാബേ. ഫ്രാന്‍സിന്റെ വജ്രായുധം. അര്‍ജന്റീനയുടെ കഥ കഴിച്ചു. ആദ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ 4-3 ന്റെ തകര്‍പ്പന്‍ വിജയത്തോടെ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. 13 ആം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ അന്റോണിയോ ഗ്രീസ്മാന്‍, 57 ആം മിനുട്ടില്‍ പവാര്‍ഡ്, 64, 68 മിനിറ്റുകളില്‍ എംബാബേ എന്നിവര്‍ ഫ്രാന്‍സിനായി ഗോള്‍ കണ്ടത്തിയപ്പോള്‍ ഡി മരിയ (41മിനിറ്റ്), മെര്‍കാര്‍ഡോ (48 മിനിറ്റ് ) അഗ്വേറോ (90+3മിനിറ്റ് ) എന്നിവര്‍ അര്‍ജന്റീനക്കായി ഗോളുകള്‍ നേടി.

വ്യക്തമായ ഗെയിം പ്ലാനോടെയാണ് ഫ്രാന്‍സ് കളത്തില്‍ ഇറങ്ങിയത്. മീനുകള്‍ക്ക് ഭക്ഷണം ഇട്ടു കൊടുത്തു വരുത്തിയ ശേഷം വലവീശുന്ന മുക്കുവന്റെ തന്ത്രം. അര്‍ജന്റീനക്ക് ആക്രമണത്തിനു അവസരം നല്‍കുക. സ്വന്തം ഗോള്‍ മുഖത്തു നിന്നും പന്ത് വീണ്ടടുത്താല്‍ ശരവേഗത്തില്‍ പായുന്ന എംബാബേക്ക് പന്തെത്തിക്കുക. ദുര്‍ബലമായ അര്‍ജന്റീന പ്രതിരോധത്തെ മറികടന്നു ഗോള്‍ നേടുക. ഇതില്‍ ഫ്രാന്‍സ് വിജയിച്ചു.
കളിയുടെ നാലാം മിനുട്ടില്‍ ഗോള്‍ പോസ്റ്റിനു വെളിയില്‍ നിന്നും എംബാബേയെ വീഴ്ത്തിയതിനു ലഭിച്ച ഫ്രീ കിക്ക് ഗ്രീസ്മാന്റെ കാലുകളില്‍ നിന്നും ഉയര്‍ന്നത് പോസ്റ്റില്‍ തട്ടി മടങ്ങിയില്ലായിരുന്നു എങ്കില്‍ അര്‍ജന്റീനയുടെ തോല്‍വി ഇതിലും ദയനീയം ആകുമായിരുന്നു.

അതിവേഗ കൗണ്ടര്‍ നടത്തി 70 മീറ്ററോളം കുതിച്ചെത്തിയ എംബാബെയെ ഡി സര്‍ക്കിളില്‍ റോഹോ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗ്രീസ്മാന്‍ പിഴവില്ലാതെ വലയില്‍ എത്തിച്ചപ്പോള്‍ തന്നെ ഫ്രഞ്ച് തന്ത്രം മനസിലാക്കി മറുമരുന്ന് കണ്ടെത്താത്തതായിരുന്നു അര്‍ജന്റീനയുടെ തോല്‍വിക്ക് കാരണം.
സെര്‍ജി അഗ്വേറോ, ഹിഗ്ഗിന്‍, ഡിബാല എന്നീ സ്‌ട്രൈക്കെര്‍മാരെ ഒരുമിച്ചു സൈഡ് ബെഞ്ചില്‍ ഇരുത്തിയ സാംപോളിയുടെ നീക്കം അംബേ പരാജയമായി.
പ്രതീക്ഷയുടെ മുഴുവന്‍ ഭാരവും പേറി ഇറങ്ങിയ മെസ്സിയെ കൃത്യമായി മാര്‍ക്ക് ചെയ്യാന്‍ അതാതു പൊസിഷനില്‍ കളിക്കുന്നവര്‍ക്കു ചുമതല നല്‍കിയ ഫ്രഞ്ച് കോച്ച് ദഷാംപ്‌സിന്റെ തന്ത്രം വിജയിക്കുകയും ചെയ്തു.
മെസിയെ കൂടുതല്‍ മാര്‍ക്ക് ചെയ്ത് ഡി മരിയയെ വെറുതെ വിട്ട ഫ്രാന്‍സിനു കിട്ടിയ തിരിച്ചടിയായിരുന്നു അര്‍ജന്റീനയുടെ സമനില ഗോള്‍. കളിയുടെ 41 ആം മിനുട്ടില്‍ ബെനേഗ ഇടത്തെ മൂലയില്‍ നിന്നും അളന്നു മുറിച്ചു നല്‍കിയ ക്രോസ്സ് ഡി സര്‍ക്കിളിനു വിളിയില്‍ ഡി മരിയ സ്വീകരിക്കുമ്പോള്‍ മാര്‍ക്ക് ചെയ്യാന്‍ ഫ്രഞ്ച് താരങ്ങള്‍ ആരും ഇല്ലായിരുന്നു. അവസരം മുതലാക്കി ഡി മരിയ സെക്കന്റ് പോസ്റ്റിലേക്ക് എടുത്ത മനോഹരമായ കിക്ക് ഫ്രാന്‍സ് ഗോളിയും നായകനുമായ ഹ്യൂഗോ ലോറിസിനെ മറികടന്നു വലയില്‍.

ഫ്രാന്‍സ് അല്‍പ്പം ഒന്ന് പതറിയെങ്കിലും ഇടവേള വരെ അവര്‍ മികച്ച ചെറുത്തു നില്‍പ്പിലൂടെ പിടിച്ചു നിന്നും. ഗോള്‍ പോസ്റ്റിനു സമീപത്തു ഡി ക്കുള്ളില്‍ മെസിയെ ഗ്രീസ്മാന്‍ ട്രാക്കിള്‍ ചെയ്ത് അപകടം ഒഴിവാക്കിയ കാഴ്ച ഫ്രാന്‍സിന്റെ ഒത്തിണക്കം വെളിവാക്കി.

ഇടവേളക്ക് ശേഷം ഉണര്‍ന്നു കളിച്ച അര്‍ജന്റീന ഫ്രഞ്ച് ഗോള്‍ മുഖത്തു പ്രശ്‌നങ്ങള്‍ നിരന്തരം സൃഷ്ടിച്ചു. അത് ഫലം കണ്ടു. ഇടവേള കഴിഞ്ഞു മൂന്ന് മിനിട്ടാകുമ്പോള്‍ ഡി മരിയ യെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീ കിക്ക് എടുത്ത ബെനേഗ അത് മെസിയെ ലഷ്യമാക്കി നല്‍കി. പന്ത് പിടിച്ചെടുത്ത മെസി അസാധ്യമായ ആംഗിളില്‍ നിന്നും തൊടുത്ത കിക്ക് ഗോളിലേക്ക് വഴിതിരിച്ചു വിട്ട് മെര്‍കാര്‍ഡോ ഫ്രാന്‍സിന്റെ വല കുലുക്കി.

ഗോളിനു ശേഷം അര്‍ജന്റീന ഉണര്‍ന്നു. എന്നാല്‍ അപ്പോള്‍ ഒരു അതിവേഗ കൗണ്ടര്‍ അറ്റാക്കിനു കാത്തിരിക്കുകയായിരുന്നു ഫ്രാന്‍സ്. കളി 64 മിനിട്ടാകുമ്പോള്‍ മൈതാന മധ്യത്തു നിന്നും ഉയര്‍ത്തി നല്‍കിയ പാസ് സ്വീകരിച്ച ഫ്രഞ്ച് താരം പോസ്റ്റിലേക്ക് മറിച്ചു നല്‍കിയത് ഡി സര്‍ക്കിളില്‍ നിന്നും പുറത്തേക്കു വരുമ്പോള്‍ കാത്തുനിന്ന ഫ്രാന്‍സ് പ്രതിരോധ താരം പാവാര്‍ഡ് സമനിലയും അന്താരാഷ്ട്ര വേദിയില്‍ തന്റെ കന്നി ഗോളും കണ്ടത്തി.

 

mpp

പിന്നെ കസ്സാനിലെ കളിത്തട്ട് കണ്ടത് എംബാബേ മാജിക്.

അതിവേഗ കൗണ്ടര്‍കളിലൂടെ 64, 68 മിനിറ്റുകളില്‍ ഈ കൗമാര താരം ഗോളുകള്‍ നേടി. അര്‍ജന്റീനയുടെ പ്രതിരോധ നിരയുടെ നിറം കെട്ട പ്രകടനം ആണ് രണ്ടു ഗോളും വലയിലേക്ക് അനായാസം എത്തിക്കാന്‍ എംബാബേയെ സഹായിച്ചത്. ഫ്രാന്‍സിന്റെ മൂന്നാം ഗോള്‍ അല്പം മുന്നോട്ടു കയറിയിരുന്നങ്കില്‍ അര്‍ജന്റീനയുടെ ഗോളി അര്‍മാനിക്കു തടയാന്‍ സാധിക്കുമായിരുന്നു.
കളിയുടെ അവസാന 10 മിനിറ്റില്‍ അഗ്വേറോയെ കളത്തില്‍ ഇറക്കി സാംപോളി വരുത്തിയ മാറ്റമാണ് അര്‍ജന്റീനക്ക് മൂന്നാം ഗോള്‍ നേടിക്കൊടുത്തത്. ഇതിനു മുന്‍പ് തന്നെ പ്രധാന താരങ്ങളെ പിന്‍വലിച്ച ഫ്രാന്‍സ് അപകടം മണത്തതാണ്. എന്നാല്‍ കളിയുടെ അവസാന നിമിഷം കിട്ടിയ സുവര്‍ണവസരം ലാറ്റിന്‍ അമേരിക്കന്‍ ശക്തികള്‍ പാഴാക്കി.
മികച്ച തന്ത്രം ഇല്ലാതെ പോയതും പ്രതിരോധത്തിന്റെ പാളിച്ചയും ആണ് അര്‍ജന്റീനക്ക് കൂടുതല്‍ വിനയായത്. അതിനൊപ്പം കളിക്കാരുടെ പ്രായ കൂടുതല്‍. യുവനിരയുമായി എത്തിയ ഫ്രാന്‍സിന് മുന്നില്‍ ടീം പാളിയതും അവിടെയാണ്.
ഇനി ഒരു ലോകകപ്പില്‍ കൂടി മെസിക്ക് ബാല്യം ഉണ്ടെന്നു കരുതാന്‍ വയ്യ. ലോകകപ്പ് നേടിയില്ലെങ്കില്‍ സീക്കോ, സോക്രട്ടീസ്, പ്ലാറ്റിനി, റോബറ്റോ ബാജിയോ, ബാറ്റിസ്റ്റ, മാല്‍ദീനി തുടങ്ങിയവര്‍ക്കൊപ്പമാകും മെസ്സിയും. ജര്‍മ്മനിക്ക് പുറകെ അര്‍ജന്റീനയുടെ കൂടി മടക്കം ഈ ലോകകപ്പിന്റെ തിളക്കം കുറയ്ക്കും എന്നതില്‍ രണ്ടഭിപ്രായം ഇല്ല..