ഏഞ്ചല മെര്‍ക്കല്‍: റഷ്യയുടെ അടുത്ത ലക്ഷ്യം

World

ഏഞ്ചല മെര്‍ക്കല്‍: റഷ്യയുടെ അടുത്ത ലക്ഷ്യം

അമേരിക്കയും റഷ്യയും തമ്മിലുള്ള ശത്രുതയ്ക്കു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൊണ്ടും കൊടുത്തുമാണ് ഇരുവിഭാഗവും മുന്നേറുന്നത്. 1991-ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ, അമേരിക്ക ഏകധ്രുവ ലോകമെന്ന ആശയം നടപ്പിലാക്കി. തുടര്‍ന്ന് രണ്ട് പതിറ്റാണ്ടിലേറെക്കാലം അമേരിക്ക സൂപ്പര്‍ പവറായി വിലസി. എന്നാല്‍ അമേരിക്കയ്ക്ക് ഇപ്പോള്‍ സൂപ്പര്‍ പവര്‍ പദവി നഷ്ടപ്പെടുകയാണെന്ന വാദം ശക്തമാണ്. പല കാര്യങ്ങളിലും യുഎസിന് കാലിടറുന്ന കാഴ്ചയാണ് പ്രകടമാകുന്നത്. സിറിയയില്‍ അമേരിക്കയുടെ നയങ്ങള്‍ പരാജയപ്പെട്ടു. അലെപ്പോ നഗരം വീഴുമ്പോള്‍ ഒരു ചെറുവിരല്‍ പോലും അനക്കാനാവാതെ ഒബാമയ്ക്ക് നോക്കി നില്‍ക്കേണ്ടി വരുന്നു. ദക്ഷിണ ചൈനാ കടലില്‍ ചൈന സൈനിക വിന്യാസം നടത്തുന്നതിനു മുന്‍പിലും യുഎസിനു മൗനം പാലിക്കേണ്ടി വരുന്നു. ഇതിനൊക്കെ പുറമേയാണു ഇക്കഴിഞ്ഞ നവംബറില്‍ നടന്ന യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഹാക്കര്‍മാരുടെ അനധികൃത ഇടപെടല്‍.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നെങ്കില്‍ ഇത്തരത്തില്‍ സംഭവിക്കുമായിരുന്നോ. ഒരിക്കലുമില്ലെന്നു തന്നെയാണ് ഉത്തരം. യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുണ്ടായെന്നു രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയും ഫെഡറല്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയും ഒബാമ ഭരണകൂടത്തിന് തെളിവ് നല്‍കിയതോടെ റഷ്യയ്‌ക്കെതിരേ ശക്തമായ നടപടിയെടുത്തിരിക്കുകയാണ് ഒബാമ.
എന്നാല്‍ അമേരിക്കയുടെ നടപടിയോട് ഇപ്പോള്‍ പ്രതികരിക്കേണ്ടെന്ന നിലപാടാണു പുടിന്. കാരണം ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ പുടിന് പ്രിയങ്കരനായ പ്രസിഡന്റും മോസ്‌കോയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്ന യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റും അധികാരത്തിലേല്‍ക്കുമെന്നതു തന്നെ. അമേരിക്കയോട് റഷ്യയ്ക്കുണ്ടായിരുന്ന ശത്രുതയ്ക്ക് ഏറെക്കുറെ അവര്‍ പകവീട്ടി കഴിഞ്ഞു. ഇനി റഷ്യയുടെ അടുത്ത ലക്ഷ്യം ജര്‍മനിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍.
മെര്‍ക്കലിനോട് പുടിന്റെ റഷ്യയ്ക്ക് പക തോന്നാന്‍ കാരണമെന്താണ് ?
ഈ വര്‍ഷം സെപ്റ്റംബറിലാണു ജര്‍മനിയില്‍ പൊതുതെരഞ്ഞെടുപ്പ്. നാലാം വട്ടം ചാന്‍സലര്‍ പദവിയിലേക്ക് മത്സരിക്കാനൊരുങ്ങുകയാണു മെര്‍ക്കല്‍. നിലവില്‍ യുകെ ഇല്ലാത്ത യൂറോപ്യന്‍ യൂണിയന്റെ നേതാവ് ജര്‍മനി തന്നെ. ജര്‍മനിയെ നയിക്കുന്നതാകട്ടെ മെര്‍ക്കലും. 2014ല്‍ റഷ്യ ക്രിമിയയില്‍ അധിനിവേശം നടത്തിയപ്പോള്‍, പുടിന്റെ റഷ്യയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നു വാശിപിടിച്ച നേതാവാണു മെര്‍ക്കല്‍. യൂറോപ്യന്‍ യൂണിയന്‍ ഒന്നിച്ചു നില്‍ക്കണമെന്നു ശക്തമായി നിലപാടെടുത്ത നേതാവാണു മെര്‍ക്കല്‍. ഇപ്പോഴും അവര്‍ ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുമുണ്ട്. യൂറോപ്യന്‍ യൂണിയന്‍ വിഘടിക്കുന്നത് സ്വപ്‌നം കാണുന്ന റഷ്യയ്ക്ക് മെര്‍ക്കലിന്റെ നിലപാട് ദോഷകരവുമാണ്. ഈയൊരു സാഹചര്യത്തിലാണു മെര്‍ക്കല്‍ വീണ്ടും ചാന്‍സലറാകാന്‍ ശ്രമിക്കുന്നത്. ഇത് ഭീഷണിയാകുമെന്നു മുന്നില്‍ കണ്ടുകൊണ്ടാണ് മെര്‍ക്കലിനെ ലക്ഷ്യമിടാന്‍ റഷ്യ തീരുമാനിക്കുന്നതും.
2016ല്‍ ഹിലരി ക്ലിന്റനോട് ചെയ്ത അതേ മാതൃകയില്‍ മെര്‍ക്കലിനെതിരേയും പ്രവര്‍ത്തിക്കാനാണ് റഷ്യ തയാറെടുക്കുന്നത്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെയും ഹിലരിയുടെ വിശ്വസ്തരുടെയും വെബ്‌സൈറ്റ് ഹാക്ക് ചെയ്തു കൊണ്ടായിരുന്നു റഷ്യ ഹിലരിയെ ആക്രമിച്ചത്. ഫാന്‍സി ബെയര്‍(fancy bear), സൊഫാസി ഗ്രൂപ്പ് (sofacy group) തുടങ്ങിയ റഷ്യന്‍ സൈബര്‍ ചാരപ്രവര്‍ത്തന ഗ്രൂപ്പായിരുന്നു ഹിലരിക്കെതിരേ പ്രവര്‍ത്തിച്ചത്. ഇവര്‍ സമീപകാലത്ത് ജര്‍മന്‍ പാര്‍ലമെന്റിന്റെ കമ്പ്യൂട്ടര്‍ ശൃംഖലയും ആക്രമിക്കുകയുണ്ടായി. പാര്‍ലമെന്റംഗങ്ങളുടെ വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയതായും സംശയിക്കുന്നുണ്ട്.
അമേരിക്കയുടെ തെരഞ്ഞെടുപ്പില്‍ റഷ്യ എപ്രകാരമായിരുന്നു ഇടപെട്ടത് എന്ന് ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങള്‍ ജര്‍മനിക്ക് വലിയൊരളവില്‍ ഉപകാരപ്രദവുമാകുന്നുണ്ട്. കാരണം അവര്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുകയാണ്. റഷ്യ അമേരിക്കയില്‍ പയറ്റിയ തന്ത്രം ജര്‍മന്‍ തെരഞ്ഞെടുപ്പിലും പയറ്റുമെന്ന് ഉറപ്പാണ്. അതുകൊണ്ട് അമേരിക്ക പുറത്തുവിടുന്ന മുന്നറിയിപ്പ് ജര്‍മനിയെ സംബന്ധിച്ച് വിലയേറിയ വിവരമായിരിക്കും. അതുമുന്നില്‍ കണ്ട് മുന്‍കരുതലെടുക്കുകയും ചെയ്യാമെന്നും അവര്‍ കണക്കുകൂട്ടുന്നുണ്ട്.

…..തുടരും

Comments are closed.