ഓരോ പോസ്റ്റിനും ലക്ഷക്കണക്കിന് ലൈക്കുകളും കമന്റുകളും നേടുന്ന മാധ്യമ പ്രവര്‍ത്തകയെ പരിചയപ്പെടാം

Feature

സോഷ്യല്‍ മീഡിയയില്‍ 4,30,000 എന്‍ഗേജ്‌മെന്റുകള്‍ (ലൈക്ക്, കമന്റ്, ഷെയര്‍ ഉള്‍പ്പെടുന്നത്) സൃഷ്ടിക്കാന്‍ പ്രാപ്തമായ പോസ്റ്റ് അല്ലെങ്കില്‍ ട്വീറ്റ് എഴുതാന്‍ സാധിക്കുന്നതിനെ കുറിച്ചു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ?

ചിന്തിച്ചിട്ടുണ്ടാവും പക്ഷേ, അത്രയും വലിയ പ്രതികരണം ലഭിക്കാറില്ലെന്നതാണ് വാസ്തവം.
ഇവിടെയാണ് എമിലി ഡ്ര്വീവറി എന്ന മാധ്യമ പ്രവര്‍ത്തക വ്യത്യസ്തയാവുന്നത്.
ഫോബ്‌സ് എന്ന മാധ്യമ സ്ഥാപനത്തില്‍ സീനിയര്‍ സോഷ്യല്‍ കണ്ടന്റ് മാനേജറായി ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുകയാണ് എമിലി. ഏകദേശം 12 ദശലക്ഷം ഫോളോവേഴ്‌സുള്ള ഫോബ്‌സിന്റെ ട്വിറ്റര്‍ എക്കൗണ്ട് കൈകാര്യം ചെയ്യുന്നത് എമിലിയാണ്. ഓരോ ദിവസവും എമിലി പോസ്റ്റ് ചെയ്യുന്ന ട്വീറ്റ് ലക്ഷക്കണക്കിന് പേര്‍ ലൈക്കും കമന്റും ഷെയറുമൊക്കെ ചെയ്യാറുണ്ട്.
അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ മെഡില്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തില്‍നിന്നും 2015-ല്‍ ബിരുദം കരസ്ഥമാക്കി. 2016-ല്‍ ഫോബ്‌സില്‍ സോഷ്യല്‍ മീഡിയ എഡിറ്ററായി ജോലിക്കു ചേര്‍ന്നു. ലിങ്ക്ഡിന്‍ എന്ന നവമാധ്യമത്തിലൂടെയാണ് ഫോബ്‌സില്‍ ജോലി ഒഴിവുണ്ടെന്ന് അറിഞ്ഞത്. അപ്പോള്‍ തന്നെ ബയോഡാറ്റ അയച്ചു. അഭിമുഖത്തിനു ശേഷം ജോലി ലഭിക്കുകയും ചെയ്തു. ഫോബ്‌സില്‍ ഇപ്പോള്‍ സീനിയര്‍ സോഷ്യല്‍ കണ്ടന്റ് മാനേജറായി ജോലി ചെയ്യുന്നു.
ക്ഷമയും, ഏതു സാഹചര്യത്തിലും അതിജീവിക്കാനുള്ള മനസും, എഡിറ്റോറിയല്‍ സ്‌കില്ലുമാണ് തന്റെ ജോലിക്ക് അത്യാന്താപേക്ഷിതമെന്നു എമിലി പറയുന്നു. റിച്ചാര്‍ഡ് ബ്രാന്‍സനെ പോലുള്ള ലോകപ്രശസ്തരായ ബിസിനസ് സംരംഭകരെ ഇന്റര്‍വ്യൂ ചെയ്യുന്നതടക്കമുള്ള ജോലികള്‍ എമിലിക്ക് ചെയ്യേണ്ടി വരാറുണ്ട്. സയന്‍സ്, ടെക്‌നോളജി, ബിസിനസ് അങ്ങനെ നിരവധി മേഖലകളെ കുറിച്ചും ലേഖനങ്ങള്‍ തയാറാക്കേണ്ടി വരാറുണ്ട് എമിലിക്ക്.
ട്വീറ്റ് എഴുതുക എന്നത് വെല്ലുവിളി നിറഞ്ഞതാണെന്നു എമിലി പറയുന്നു. ട്വീറ്റ് ചെയ്യാന്‍ പരിമിതികള്‍ ഒരുപാടുണ്ട്. ഒന്നാമതായി ട്വിറ്ററില്‍ വാക്കുകള്‍ പരിമിതമായി മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. പോസ്റ്റ് സംഗ്രഹിക്കുക അഥവാ ചുരുക്കുക എന്നതാണ് മറ്റൊരു വെല്ലുവിളി. ഒരു കണ്ടന്റ് വെറുതേ പോസ്റ്റ് ചെയ്തിട്ട് അത് ജനങ്ങള്‍ ഏറ്റെടുത്തു കൊള്ളുമെന്നു വിചാരിക്കരുത് പകരം, എപ്പോള്‍ ട്വീറ്റ് ചെയ്യണമെന്നും, ഒരു സംഭാഷണത്തിന്റെ ഭാഗമാകാന്‍ എപ്പോള്‍ ട്വീറ്റ് ചെയ്യണമെന്നും അറിഞ്ഞിരിക്കേണ്ടതുണ്ടെന്ന് എമിലി പറയുന്നു.
ഉള്ളടക്കം നിര്‍ണായക പങ്ക് വഹിക്കുന്ന (content-driven) ഇന്നത്തെ ലോകത്തില്‍ ബ്രാന്‍ഡ് അടിസ്ഥാനമാക്കിയ വസ്തുക്കള്‍ സൃഷ്ടിക്കുക എന്നത് പ്രസിദ്ധീകരണങ്ങള്‍ക്കും, വന്‍കിട കോര്‍പറേഷനുകള്‍ക്കും അത്യാവശ്യമായി വന്നിരിക്കുകയാണെന്നു എമിലി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇല്ലാതെ വിജയിക്കുക എന്നത് അസാദ്ധ്യമാണെന്നും അവര്‍ പറയുന്നു.