ലോകകപ്പ് റിപ്പോര്‍ട്ടിംഗിനിടെ വനിതാ ടിവി ജേണലിസ്റ്റിനെ യുവാവ് ചുംബിക്കാന്‍ ശ്രമിച്ചു (വീഡിയോ)

Top Stories

 

മോസ്‌കോ: റഷ്യയിലെങ്ങും ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശമാണ്. കഴിഞ്ഞ ദിവസം യെകാറ്റെറിന്‍ബെര്‍ഗില്‍ ജപ്പാന്‍, സെനഗല്‍ മത്സരത്തിനു മുന്‍പ് ഒരു യുവാവ് ആവേശഭരിതനായിട്ടാണോ എന്നറിയില്ല, ഒരു യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചത് വലിയ വാര്‍ത്തയാവുകയും ചെയ്തു. ബ്രസീലിയന്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ജൂലിയ ഗ്യൂമരാസിനെയാണു യുവാവ് ചുംബിക്കാന്‍ ശ്രമിച്ചത്. ടിവി ഗ്ലോബോ & സ്‌പോര്‍ട് ടിവിയുടെ റിപ്പോര്‍ട്ടറാണു ജൂലിയ. ഇവര്‍ മത്സരത്തിന്റെ വിശേഷങ്ങള്‍ കാമറയില്‍ നോക്കി തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരുങ്ങവേയാണു യുവാവ് ഓടി വന്നു ജൂലിയയുടെ കവിളില്‍ ചുംബിക്കാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ ജൂലിയ തെന്നി മാറുകയും ചെയ്തു.

‘ ഇത് ഇനി ആവര്‍ത്തിക്കരുത് ‘ എന്ന് ഉച്ചത്തില്‍ യുവാവിനോട് ജൂലിയ വിളിച്ചു പറയുകയും ചെയ്തു. യുവാവ് തത്ക്ഷണം മാപ്പ് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
‘ ഇത് ഇനി ആവര്‍ത്തിക്കരുത്, ഞാന്‍ അതിന് അനുവദിക്കില്ല, ഓകെ ? ഇത് മാന്യതയല്ല, ഇത് ശരിയല്ല. ഇങ്ങനെ ഒരു സ്ത്രീയോട് ഒരിക്കലും ചെയ്യരുത്. ഓകെ ? സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ ‘ ജൂലിയ യുവാവിനോട് പറഞ്ഞു. ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ജൂലിയ ജോലി ചെയ്യുന്ന ചാനല്‍ നവമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.

റഷ്യയില്‍ നേരിട്ട അനുഭവത്തെ കുറിച്ച് സംഭവശേഷം ജൂലിയ ട്വീറ്റ് ചെയ്യുകയുമുണ്ടായി.

റഷ്യയില്‍ നേരിട്ട അനുഭവത്തെ കുറിച്ചു വിശദീകരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഇത്തരം അനുഭവം എനിക്ക് ബ്രസീലില്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ റഷ്യയില്‍ ഈ അനുഭവം രണ്ട് തവണ നേരിടേണ്ടി വന്നു. മോശം, ലജ്ജാകരം !