ഏറ്റവും നീളമേറിയ 3ഡി പ്രിന്റഡ് കോണ്‍ക്രീറ്റ് പാലം തുറന്നു

Uncategorized

 

ബീജിംഗ്: പൂര്‍ണമായും 3ഡി പ്രിന്റിംഗ് ടെക്നോളജി ഉപയോഗിച്ചു നിര്‍മിച്ച കോണ്‍ക്രീറ്റ് പാലം ചൈനയില്‍ ഞായറാഴ്ച തുറന്നു. ബീജിംഗിലെ സിംഗുവ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍നിന്നുള്ള വിദഗ്ധ സംഘമാണു പാലം നിര്‍മിച്ചത്. പ്രഫസര്‍ വു വെയ്ഗുവാണു പാലത്തിന്റെ ഡിസൈനര്‍. ഷാങ്ഹായിലെ വെന്‍സാഓബാങ് നദിയിലെ കനാലിനു കുറുകെയാണു പാലം സ്ഥാപിച്ചിരിക്കുന്നത്.
26.3 മീറ്റര്‍ നീളവും, 3.6 മീറ്റര്‍ വീതിയുമുള്ളതാണു പാലം. ഡിസൈനറായ വു വെയ്ഗു പാലം നിര്‍മിക്കാനായി 3ഡി കോണ്‍ക്രീറ്റ് സംവിധാനം വികസിപ്പിക്കുകയായിരുന്നു. ഈ സംവിധാനം ചെലവ് കുറഞ്ഞതാണ്.
3ഡി കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ പ്രിന്റ് ചെയ്യുന്നതിനു സഹായകരമായി ഈ സംവിധാനം. സ്മാര്‍ട്ട് ടെക്നോളജിയും ഡിജിറ്റല്‍ ഡിസൈനുമാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഓരോന്നിനും 3ഃ3ഃ5 അടി വരുന്ന, 44, 3ഡി പ്രിന്റഡ് യൂണിറ്റുകളാണു പാലം നിര്‍മിക്കാന്‍ ഉപയോഗിച്ചത്. 19 ദിവസമെടുത്തു കോണ്‍ക്രീറ്റ് യൂണിറ്റ് നിര്‍മിക്കാന്‍. പാലത്തിനു കൈവരി നിര്‍മിക്കാന്‍ 68 കോണ്‍ക്രീറ്റ് യൂണിറ്റുകളും ഉപയോഗിച്ചു. കമ്പിയും, വാര്‍ക്കലും ഒഴിവാക്കിയതിനാല്‍ ചെലവ് 33 ശതമാനം കുറയ്ക്കാന്‍ സാധിച്ചതായി അധികൃതര്‍ പറഞ്ഞു. ഷാങ്ഹായ് വിസ്ഡം ബേ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനിയുമായി സഹകരിച്ചാണു പാലം നിര്‍മിച്ചത്.
മാനുഫാക്ചറിംഗ് രംഗത്തെ വിപ്ലവമാണു 3ഡി പ്രിന്റിംഗ് എന്നു പ്രഫസര്‍ വു വെയ്ഗു പറഞ്ഞു. ഇനി 3ഡി പ്രിന്റിംഗ് ടെക്നോളജി ഉപയോഗിച്ചു വീടാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.