Pre school

അവര്‍ കളിച്ചു വളരട്ടെ; പ്രീ സ്‌കൂള്‍ കുട്ടികളുടെ പരീക്ഷകള്‍ നിരോധിച്ച് എന്‍സിഇആര്‍ടി

India

ന്യൂഡല്‍ഹി: പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് നടത്തുന്ന പരീക്ഷകള്‍ നിരോധിച്ച് എന്‍സിഇആര്‍ടി. എഴുത്ത്, അഭിമുഖ പരീക്ഷകള്‍ നടത്തരുതെന്ന കര്‍ശന നിര്‍ദേശവും എന്‍സിഇആര്‍ടി മുന്നോട്ടു വച്ചിട്ടുണ്ട്. തീരെ ചെറിയ കുട്ടികള്‍ക്ക് പരീക്ഷകള്‍ നടത്തുന്നത് സാമൂഹ്യവിരുദ്ധമായ പ്രവര്‍ത്തിയാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. മാത്രമല്ല ഹോം വര്‍ക്കുകളും പരീക്ഷകളും നടത്തുന്നതു വഴി കുട്ടികള്‍ക്കു കളിക്കാനുള്ള അവസരങ്ങള്‍ നഷ്ടമാകുന്നതായും എന്‍സിഇആര്‍ടി വ്യക്തമാക്കുന്നുണ്ട്.

പ്രീ സ്‌കൂള്‍ തലങ്ങളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും എന്തൊക്കെ ചെയ്യരുതെന്നും വിശദീകരിക്കുന്ന മാര്‍ഗരേഖയും പുറത്തിറക്കിയിട്ടുണ്ട്. നിരന്തരമായ ചര്‍ച്ചകളിലൂടെയും കഥകളിലൂടെയും ചെറു കളികളിലൂടെയുമാണ് കുട്ടികളുടെ പുരോഗതി വളര്‍ത്തേണ്ടതെന്നാണു പ്രധാന നിര്‍ദേശം.

കുട്ടികള്‍ എന്തൊക്കെയാണു ചെയ്യുന്നതെന്നും അവരുടെ ഭാഷ, അവര്‍ ഇടപെടുന്ന ആളുകള്‍, ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള അവരുടെ താത്പര്യം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അധ്യാപകര്‍ ചെറു നോട്ടുകള്‍ തയാറാക്കി വയ്ക്കണം. വര്‍ഷത്തില്‍ രണ്ടുതവണ കുട്ടികളുടെ വളര്‍ച്ചാ പുരോഗതി രക്ഷിതാക്കളെ പ്രോഗ്രസ് റിപ്പോര്‍ട്ട് വഴി അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.