ldf fields six mla loksabha poll2019

മത്സരിക്കുന്നത് ആറ് ഇടത് എംഎല്‍എമാര്‍: ലക്ഷ്യമിടുന്നത് ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ പ്രാതിനിധ്യമെന്ന സ്വപ്നം

India
author

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി എല്‍ഡിഎഫ് പ്രചാരണത്തിലേക്ക് കടന്നു. അവസാനവട്ട കൂട്ടലുകളും കിഴിക്കലുകള്‍ക്ക് ശേഷം കൃത്യമായ ചേരുവകളോടെയാണ് സിപിഐ, സിപിഎം പാര്‍ട്ടികള്‍ മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഒരര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ എന്നു പറയുന്നതാകും കൂടുതല്‍ യോജിക്കുന്നത്. ഇടതു മുന്നണിയിലെ ജനാധിപത്യ പാര്‍ട്ടികള്‍ക്കൊന്നും ഡല്‍ഹിയിലേക്ക് ടിക്കറ്റെടുക്കാന്‍ അവസരമില്ല.
സീനിയര്‍ നേതാക്കള്‍, പരിചയ സമ്പന്നര്‍, വനിതകള്‍, യുവാക്കള്‍, പൊതുസമ്മത സ്വതന്ത്രര്‍ എല്ലാമുള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥിപ്പട്ടിക സാമുദായിക സന്തുലനവും ഉറപ്പാക്കുന്നു. കൂടുതല്‍ വിജയ സാധ്യതയെന്ന ന്യായം നിരത്തി ആറ് സിറ്റിങ് എംഎല്‍എമാര്‍ പട്ടികയില്‍ ഇടംപിടിച്ചത് കല്ലുകടിയായി. എങ്കിലും ജനകീയ മുഖമുള്ളവര്‍ക്കെപ്പം രാഷ്ട്രീയപ്പോരാട്ടത്തിനും വഴി തുറന്നാണ് എല്‍ഡിഎഫ് കളത്തിലിറങ്ങുന്നത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ കടുത്ത മത്സരത്തിലൂടെ എല്‍ഡിഎഫ് സ്വന്തമാക്കിയ നിലമ്പൂര്‍, ആറന്മുള മണ്ഡലങ്ങളിലെ എംഎല്‍എമാരെ ലോകസഭയിലേക്ക് നിര്‍ത്തി വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് സിപിഎം. നിയമസഭ ഉപ തെരഞ്ഞെടുപ്പ് വേണ്ടി വന്നാല്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത മണ്ഡലങ്ങളിലെ എംഎല്‍എമാരെ മത്സരിപ്പിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ പ്രാതിനിധ്യമെന്ന ആവശ്യം അവര്‍ ഗൗരവത്തേടെ കാണുന്നതിന്റെ തെളിവാണ്.

പ്രാദേശികമായി കൂടുതല്‍ ജനപ്രീതിയും അഭിപ്രായമുള്ളവരുമാണ് ലോകസഭയിലേക്ക് മത്സരിക്കുന്ന എംഎല്‍എമാരെന്നതിനാല്‍ മറ്റ് ആരോപണങ്ങളൊന്നും സിപിഎം കണക്കിലെടുക്കുന്നില്ല. കടുത്ത മത്സരത്തിലൂടെ കെ.സി. വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരെ സ്വന്തം മണ്ഡലങ്ങളില്‍ തളച്ചിടുകയെന്ന ലക്ഷ്യവും അവര്‍ക്കുണ്ട്. തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ച് വിജയിച്ചവരെ ഒഴിവാക്കുകയെന്ന നയത്തിന് ഇളവ് നല്‍കി സിറ്റിങ് എംപിമാരായ മൂന്നു പേര്‍ക്ക് അവസരം നല്‍കിയത് കൂടുതല്‍ വിജയ സാധ്യതയെന്ന ഒറ്റക്കാരണത്താലാണ്.
കഴിഞ്ഞ തവണ ഒരു പിബി അംഗവും മൂന്ന് കേന്ദ്രക്കമ്മറ്റിയംഗങ്ങളും മത്സരിച്ച സ്ഥാനത്ത് ഇത്തവണ സിപിഎം ലിസ്റ്റില്‍ പി.കെ. ശ്രീമതി മാത്രമാണ് കേന്ദ്രക്കമ്മറ്റിയില്‍ നിന്നും മത്സരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍-2 സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ – 6 ജില്ലാ കമ്മറ്റിയംഗങ്ങള്‍- 3 ഏരിയ കമ്മറ്റിയംഗം- ഒന്ന്. വീണ ജോര്‍ജ് എന്നീ 13 പേരും സിപിഎം നേതാക്കള്‍. ചാലക്കുടി എം.പി ഇന്നസെന്റ് ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ എത്തുന്നു. മറ്റു രണ്ടു സീറ്റുകളില്‍ മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ജോയ്‌സ് ജോര്‍ജ്, പി.വി അന്‍വര്‍ എന്നിവര്‍ മാറ്റുരയ്ക്കുന്നു.
സിപിഐ ലിസ്റ്റില്‍ മത്സരത്തിനിറങ്ങുന്ന മൂന്നുപേര്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗങ്ങളും ഒരാള്‍ സംസ്ഥാന കമ്മറ്റിയംഗവുമാണ്. കഴിഞ്ഞ തവണ നാല് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പരീക്ഷിച്ചിടത്ത് ഇത്തവണ സ്വതന്ത്രരായി രണ്ടുപേര്‍ മാത്രം. ഇതില്‍ നിന്നും കൃത്യമായ രാഷ്ട്രീയപ്പോരാട്ടമാണ് എല്‍.ഡി.എഫ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍

കാസര്‍ഗോഡ്- കെ.പി. സതീഷ് ചന്ദ്രന്‍
ജനകീയ കമ്യൂണിസ്റ്റെറ്റ് വിളിപ്പേരുള്ള സിപിഎമ്മിലെ സൗമ്യ മുഖങ്ങളിലൊന്ന്. വടക്കന്‍ മലബാറിലെ ചുവന്ന മണ്ണുകളായ കയ്യൂരും കരിവെള്ളൂരും അടങ്ങുന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നും ഇ.കെ. നായനാര്‍ക്ക് ശേഷം രണ്ടു തവണ എം.എല്‍.എ. പിന്നീട് 10 വര്‍ഷം സിപിഎം ജില്ലാ സെക്രട്ടറി. ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന ജോ. സെക്രട്ടറി.
മത്സര രംഗത്ത് കന്നിക്കാരന്‍ മലപ്പുറത്തെ സ്ഥാനാര്‍ത്ഥി വി.പി സാനു മാത്രമാണ്. എഫ്.എഫ്.ഐ ദേശീയ പ്രസിഡന്റായ ഇദ്ദേഹം ലിസ്റ്റിലെ ഏറ്റവും ജൂനിയറുമാണ്. എംകോം, എംഎസ്.ഡബ്‌ളിയു ഇരട്ട ബിരുദാനന്ദര ബിരുദധാരിയാണ്.
കണ്ണൂര്‍- പി.കെ. ശ്രീമതി
സി.പി.എം കേന്ദ്രക്കമ്മറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ട്രഷററുമാണ്. മുന്‍ ആരോഗ്യമന്ത്രിയായ പി.കെ. ശ്രീമതിക്ക് കണ്ണൂരില്‍ ഇത് രണ്ടാമങ്കം.
വടകര- പി. ജയരാജന്‍
1998 ലെ ലോകസഭ തെരഞ്ഞെടുപ്പ് വേളയില്‍ വടകര മണ്ഡലം എല്‍.ഡി.എഫ് കണ്‍വീണറായിരുന്ന ജയരാജനെ കൊലപ്പെടുത്താനുണ്ടായ ശ്രമം ചര്‍ച്ചാ വിഷയമായിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി. മൂന്നു തവണ കൂത്ത്പറമ്പ് എം.എല്‍.എയായിരുന്നു. ലോകസഭയിലേക്ക് ഇതാദ്യം.
വയനാട്- പി.പി. സുനീര്‍
സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റഗം. രണ്ടു തവണ പൊന്നാനിയില്‍ നിന്നും ലോകസഭയിലേക്ക് മത്സരിച്ചിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തംഗമായിരുന്നു.
കോഴിക്കോട്- എ. പ്രദീപ്കുമാര്‍
ജനകീയ എംഎല്‍എയെന്ന് പേരെടുത്ത സൌമ്യമുഖം. സിപിഎം സംസ്ഥാന കമ്മറ്റിയംഗം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു.

മലപ്പുറം- വി.പി. സാനു
സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ ഏറ്റവും ജൂനിയര്‍. എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് നേരിടുന്നത് കരുത്തനായ പി.കെ. കുഞ്ഞാലിക്കുട്ടിയെ. ഇരട്ട ബിരുദാനന്ദര ബിരുദധാരിയായ സാനുവിന് ഇത് കന്നിയംഗം.
പൊന്നാനി- പി.വി. അന്‍വര്‍
കോണ്‍ഗ്രസില്‍ നിന്നും ഇടതു സഹയാത്രികനിലേക്ക് മാറിയ നേതാവ്. മുന്‍ ഐ ഗ്രൂപ്പ് നേതാവായിരുന്ന അന്‍വര്‍ നിലമ്പൂര്‍ സിറ്റിങ് എം.എല്‍.എ. ലോകസഭയിലേക്ക് ആദ്യ മത്സരം.
പാലക്കാട്- എം.ബി. രാജേഷ്
ഹാട്രിക്ക് വിജയം ലക്ഷ്യമിടുന്നു. സിപിഎം സംസ്ഥാന കമ്മറ്റിയംഗമായ ഡി.വൈ.എഫ്.ഐ മുന്‍ ദേശീയ അദ്ധ്യക്ഷന്‍ ലോകസഭയിലെ ശ്രദ്ധേയരായ എംപിമാരിലൊരാളാണ്.
ആലത്തൂര്‍- ഡോ. പി.കെ. ബിജു
സിപിഎം സംസ്ഥാന കമ്മറ്റിയംഗമായ പി.കെ. ബിജു എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്റാണ്. മികച വാഗ്മിയും പോളിമര്‍ കെമിസ്ട്രിയില്‍ പിഎച്ച്ഡിയുമുള്ള ബിജു മൂന്നാം തവണയാണ് ആലത്തൂരില്‍ മത്സരിക്കുന്നത്.
തൃശൂര്‍- രാജാജി മാത്യു തോമസ്
ലോക യുവജന ഫെഡറേഷന്‍ മുന്‍ വൈസ് പ്രസിഡന്റ്. മുന്‍ ഒല്ലൂര്‍ എംഎല്‍എ. ജനയുഗം പത്രാധിപര്‍. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം. മീഡിയ അക്കാദമിയംഗം. ലോകസഭയിലേക്ക് ഇതാദ്യം
ചാലക്കുടി- ഇന്നസെന്റ്
110 ശതമാനം എംപി ഫണ്ടിന് അനുമതി നേടി കൈയ്യടി വാങ്ങി. സിനിമ സംഘടനയായ എ.എം.എം.എയുടെ മുന്‍ പ്രസിഡന്റ്. കഴിഞ്ഞ തവണ സ്വതന്ത്രനായി രംഗത്തെത്തി. ഇത്തവണ സിപിഎം ചിഹ്നത്തില്‍ രണ്ടാമങ്കത്തിന്.
എറണാകുളം- പി. രാജീവ്
ദേശാഭിമാനി പത്രാധിപര്‍. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം. രാജ്യസഭ മുന്‍ അംഗവും അഷ്വറന്‍സ് കമ്മറ്റി ചെയര്‍മാനും. എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി.
ഇടുക്കി- അഡ്വ. ജോയ്‌സ് ജോര്‍ജ്
രണ്ടാമങ്കത്തിനിറങ്ങുന്ന കെ.എസ്.യു മുന്‍ നേതാവ്. മലയോര വികസന സമിതി നേതാവ്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമായി 16 വര്‍ഷത്തെ അഭിഭാഷകവൃത്തി.
കോട്ടയം- വി.എന്‍. വാസവന്‍
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി. മുന്‍ നിയമസഭാഗം. റബ്‌കോ മുന്‍ ചെയര്‍മാന്‍, ജീവകാരുണ്യ സംഘടനയായ ‘അഭയം’ സംഘാടകരിലൊരാള്‍.
ആലപ്പുഴ- എ.എം. ആരിഫ്
അരൂരില്‍ കെ.ആര്‍. ഗൌരിയമ്മയെ പരാജയപ്പെടുത്തിയ കരുത്തുമായി ഹാട്രിക്ക് പൂര്‍ത്തിയാക്കിയ എം.എല്‍.എ. സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയംഗം.
മാവേലിക്കര- ചിറ്റയം ഗോപകുമാര്‍
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം. സിപിഐ നിയമസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി. ലോകസഭയിലേക്ക് ഇതാദ്യം.
പത്തനംതിട്ട- വീണ ജോര്‍ജ്
മുന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകയും അധ്യാപികയുമായിരുന്നു. ആറമ്മുള എംഎല്‍എ. സിപിഎം പത്തനംതിട്ട ഏരിയാ കമ്മറ്റിയംഗം. ലോകസഭയിലേക്ക് കന്നി മത്സരം.
കൊല്ലം- കെ.എന്‍. ബാലഗോപാല്‍
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം. മുന്‍ രാജ്യസഭാഗം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.വൈ സംഘടനകളുടെ മുന്‍ അഖിലേന്ത്യ പ്രസിഡന്റ്.
ആറ്റിങ്ങല്‍- അഡ്വ. എ. സമ്പത്ത്
പഴയ ചിറയന്‍കീഴ് മണ്ഡലത്തില്‍ നിന്നും ഒരു തവണയും ആറ്റിങ്ങലില്‍ നിന്നും രണ്ടു തവണയും ലോകസഭാഗം. മുന്‍ എം.പിയും എം.എല്‍.എയുമായിരുന്ന സിപിഎം നേതാവ് എന്‍. അനിരുദ്ധന്റെ മകന്‍. 31 വര്‍ഷമായി തിരുവനന്തപുരം ബാറിലെ അഭിഭാഷകന്‍.
തിരുവനന്തപുരം- സി. ദിവാകരന്‍
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം. മുന്‍ സിവില്‍ സപ്ലൈസ് മന്ത്രി. എ.ഐ.ടി.യു.സി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി. നിലവില്‍ നെടുമങ്ങാട് എം.എല്‍.എ. ലോകസഭയിലേക്ക് ആദ്യ പോരാട്ടം.