KV Thomas

സോണിയ ഇടക്കാല അധ്യക്ഷയായത് കെ.വി. തോമസിന് ഗുണകരമാകുമോ ?

Top Stories

സണ്ണി പുല്‍പ്പറമ്പില്‍

കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനു ഗുണകരമാകുമെന്നു സൂചന. എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്ന പേരുകളില്‍ ഒന്നാണു തോമസ് മാഷിന്റേത്. എന്നാല്‍ എറണാകുളം ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദിന്റെയും മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡൊമിനിക്ക് പ്രസന്റേഷന്റെയും പേരുകളും സജീവ പരിഗണനയിലുള്ളത് തോമസ് മാഷിന്റെ സാധ്യതയ്ക്കു മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് തലപ്പത്തേയ്ക്കു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് തോമസ് മാഷിനു ഗുണകരമാകുമെന്നാണ് അണിയറ സംസാരം. സോണിയ ഗാന്ധിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണു തോമസ് മാഷ്. ഇത് മാഷിന് എറണാകുളം നിയമസഭയിലേക്കു നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കുമെന്നു ജില്ലയിലെ ഒരു യുവ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇപ്രാവിശ്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എറണാകുളം മണ്ഡലത്തില്‍ ടിക്കറ്റ് ലഭിക്കാതെ വന്നപ്പോള്‍ തോമസ് മാഷ് പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പിന്നീട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മാഷിന് അര്‍ഹിക്കുന്ന പദവികള്‍ നല്‍കാമെന്നു വാഗ്ദാനവും ചെയ്തിരുന്നു. ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനമായിരുന്നു അവയിലൊന്ന്. അല്ലെങ്കില്‍ കേരളത്തില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്‍കുന്ന കാര്യവും പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. ബെന്നി ബഹ്ന്നാനാണു യുഡിഎഫ് കണ്‍വീനര്‍. ബെന്നി ബഹ്ന്നാന്‍ ചാലക്കുടിയില്‍നിന്നും ഇപ്രാവിശ്യം ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വച്ചിരിക്കുന്നതിനാല്‍ ഇപ്പോള്‍ പ്രത്യേകിച്ച് ഗ്രൂപ്പിലൊന്നും ഇല്ലാത്ത തോമസ് മാഷിന് അത് ലഭിക്കാന്‍ ഇടയില്ല. പിന്നെയുള്ളത് ഏതെങ്കിലും സംസ്ഥാനത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനമാണ്. അതിനും ചില്ലറ പ്രശ്‌നങ്ങളുണ്ട്. കോണ്‍ഗ്രസിന് ഭരണമുള്ള സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം ലഭിക്കുകയാണെങ്കില്‍ മാത്രമാണു ആ സ്ഥാനം കൊണ്ട് ഗുണമുള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനം വിരലില്‍ എണ്ണാവുന്ന അത്രയുമാണുള്ളത്. അതു കൊണ്ട് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം ലഭിച്ചാലും തോമസ് മാഷിന് പ്രത്യേകിച്ചു ഗുണമൊന്നും ലഭിക്കില്ല.
പിന്നെയുള്ളത് കേരളത്തില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനമാണ്. എം.ഐ. ഷാനവാസും, കെ. സുധാകരനുമായിരുന്നു കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്. ഇവരില്‍ കെ.സുധാകരന്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. എം. ഐ. ഷാനവാസ് മരണപ്പെടുകയും ചെയ്തു. ഈ രണ്ട് സ്ഥാനങ്ങള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പക്ഷേ, ഈ സ്ഥാനങ്ങളിലേക്ക് ഇനി നിയമനം നടത്തേണ്ടതില്ലെന്ന നിലപാടാണു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുള്ളത്. കോണ്‍ഗ്രസില്‍ പുനസംഘടന പോലും നടത്താന്‍ പ്രയാസപ്പെട്ടു നില്‍ക്കുമ്പോള്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനവും തോമസ് മാഷിന് സ്വപ്‌നം കാണാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം എറണാകുളം നിയമസഭാ മണ്ഡലത്തിനു വേണ്ടി കരുക്കള്‍ നീക്കുന്നത്. എറണാകുളം നിയമസഭയെ മുന്‍പ് പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തി കൂടിയാണു തോമസ് മാഷ്. മണ്ഡലത്തില്‍ ശക്തമായ ലത്തീന്‍ സമുദായംഗവും കൂടിയാണ് മാഷ്. വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരുമായും സമുദായ നേതാക്കളുമായും ഊഷ്മള ബന്ധം സൂക്ഷിക്കുന്ന തോമസ് മാഷിന് എറണാകുളത്തു മത്സരിച്ചാല്‍ ഈസി വാക്ക് ഓവറായിരിക്കുമെന്നാണ് അഥവാ അനായാസ വിജയം കൈവരിക്കാനാകുമെന്നും പ്രതീക്ഷയുണ്ട്.