അങ്കം കുറിച്ച് പ്രേമചന്ദ്രന്‍; കൊല്ലത്തെ പോരിന് മീനച്ചൂടിനെക്കാള്‍ കടുപ്പം

Top Stories

jj

 

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലം കൊല്ലമാണ്. തങ്ങളുടെ പരമ്പരാഗത മണ്ഡലം തിരിച്ചു വേണമെന്ന ആര്‍എസ്പിയുടെ പിടിവാശി ഇടതുമുന്നണിയില്‍ സിപിഎം അംഗീകരിക്കാതെ വന്നതും ഇതേത്തുടര്‍ന്നുണ്ടായ കോലാഹലങ്ങളുമാണു മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്. ആര്‍എസ്പി യുഡിഎഫിലെത്തി കൊല്ലത്ത് മത്സരിച്ചു. സിപിഎം പിബി അംഗം എം.എ. ബേബിയെ 37649 വോട്ടുകള്‍ക്ക് ആര്‍എസ്പി സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തി. അന്ന് പിണറായിയുടെ ”പരനാറി” പ്രയോഗവും തുടര്‍ന്നുണ്ടായ കോലാഹലവും സംസ്ഥാനത്തെ മുഴുവന്‍ മത്സരഫലത്തെ ബാധിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഇത്തവണ കൊല്ലം മണ്ഡലത്തില്‍ ത്രികോണ മത്സരത്തിനു കളമൊരുങ്ങുന്നതായാണു സൂചന. ഇടത്-വലത് മുന്നണികള്‍ക്കൊപ്പം ബിജെപിയും മണ്ഡലത്തില്‍ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നു. മത്സരച്ചൂട് കനക്കും മുമ്പേ എന്‍.കെ. പ്രേമചന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് യുഡിഎഫ് ഒരു പടി മുമ്പേ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ബിജെപി ക്യാമ്പില്‍ ശബരിമല വിഷയത്തിലൂടെ ലഭിച്ച മൈലേജും സുരേഷ്‌ഗോപിയുടെ താരപരിവേഷവും വോട്ടാക്കാനുള്ള തന്ത്രങ്ങളാണ് മെനയുന്നത്. ഇടതുപക്ഷത്ത് നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എന്‍. ബാലഗോപാലാകും അങ്കത്തിനുറങ്ങുതെന്നാണ് സൂചന.
മികച്ച മൂന്ന് സ്ഥാനാര്‍ത്ഥികള്‍ പോരടിക്കുമ്പോള്‍ കൊല്ലത്തെ തെരഞ്ഞെടുപ്പ് മീനച്ചൂടിനെക്കാള്‍ കടുക്കുമെന്ന് നിരീക്ഷകര്‍. കുന്നത്തൂര്‍, കരുനാഗപ്പള്ളി,ചവറ, കുണ്ടറ, കൊല്ലം,ഇരവിപുരം, ചാത്തന്നൂര്‍ നിയമസഭ മണ്ഡലങ്ങളാണ് കൊല്ലം ലോകസഭ മണ്ഡലത്തിലുള്‍പ്പെടുന്നത്. ഈ ഏഴ് മണ്ഡലവും നിലവില്‍ ഇടതുപക്ഷത്തിനു സ്വന്തമാണ്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിലെ കണക്ക്പ്രകാരം 1,39,758 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തില്‍ ഇടതുപക്ഷത്തിനുണ്ട്. എന്‍.കെ. പ്രേമചന്ദ്രന്റെ വ്യക്തി പ്രഭാവം കൊണ്ട് ഈ കണക്കിനെ മറികടക്കാമെന്ന് യുഡിഎഫും സുരേഷ്‌ഗോപിയുടെ താരപരിവേഷവും നാട്ടുകാരനെന്ന ഇമേജും ശബരിമല പ്രശ്‌നവും കാര്യങ്ങള്‍ തങ്ങളുടെ വരുതിയിലേക്ക് എത്തിക്കുമെന്ന് ബിജെപിയും വിശ്വസിക്കുന്നു.
എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ അഖിലേന്ത്യ ജോ. സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലൂടെ വിദ്യാര്‍ത്ഥി-യുവജന രംഗത്ത് കരുത്തു കാട്ടിയ നേതാവാണ് കെ.എന്‍. ബാലഗോപാല്‍. ഒരു കാലത്ത് വി.എസ്. അച്ച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന ബാലഗോപാല്‍ 2006 ല്‍ വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് രാജ്യസഭ അംഗമായ അദ്ദേഹം എംപി എന്ന നിലയില്‍ മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ തുടര്‍ച്ചയായി രണ്ടാം തവണയും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബാലഗോപാല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ആ സ്ഥാനം ഒഴിഞ്ഞത്.
ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും നിലാപാട് ചാനല്‍ ചര്‍ച്ചകളിലൂടെ അവതരിപ്പിക്കുന്നവരില്‍ പ്രധാനിയുമാണ് കെ.എന്‍. ബാലഗോപാല്‍. പത്തനംതിട്ട സ്വദേശിയായ ഇദ്ദേഹത്തിന്റെ തട്ടകം എന്നും കൊല്ലമായിരുന്നു. 1996 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അടൂരില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് മത്സരിച്ചെങ്കിലും 9201 വോട്ടിന് പരാജയപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ കെ.എന്‍. ബാലഗോപാലിനോളം മികച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകില്ലെന്ന് സിപിഎം കരുതുന്നു. മുന്‍. എം.പി. പി. രാജേന്ദ്രന്‍, പി.കെ. ഗുരുദാസന്‍ എന്നിവരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും സാധ്യത ബാലഗോപാലിന് തന്നെയാണ്.
നിലവില്‍ രാജ്യസഭയിലെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമായ സുരേഷ്‌ഗോപി ബിജെപിയുടെ ഗ്ലാമര്‍ സ്ഥാനാര്‍ത്ഥിയാണ്. കൊല്ലത്ത് നിലവിലെ രാഷ്ട്രീയ സ്വാധീനത്തിനൊപ്പം സിനിമതാരത്തിന്റെ താരപ്പകിട്ടും വോട്ടാകുമെന്ന് അവര്‍ കരുതുന്നു. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന പി.എം. വേലായുധന്‍ നേടിയ 58671 വോട്ട് 2016 നിയമസഭ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ 141712 ആയി വര്‍ദ്ധിച്ചത് എന്‍ഡിഎ മുന്നണിക്ക് ആത്മവിശ്വാസം പകരുന്നു. മാത്രമല്ല ചാത്തന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി ബിജെപിയുടെ ബി.ബി. ഗോപകുമാര്‍ രണ്ടാംസ്ഥാനത്തുമെത്തി. സിപിഐ സ്ഥാനാര്‍ത്ഥി ജെ.എസ്. ജയലാല്‍ 34405 വോട്ടിന് വിജയിച്ചെങ്കിലും മണ്ഡലത്തില്‍ എന്‍ഡിഎ നിര്‍ണ്ണായക ശക്തിയായി.
ഈ സാഹചര്യത്തില്‍ ബിജെപിയില്‍ നിന്നും കൊല്ലം സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ട് ബിജെഡിഎസ് കളത്തിലിറങ്ങിയിട്ടുണ്ട്. കുന്നത്തൂര്‍, ഇരവിപുരം, കൊല്ലം, കരുനാഗപ്പള്ളി മണ്ഡലങ്ങളില്‍ മത്സരിച്ച ബിജെഡിഎസ് സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടുകളും മണ്ഡലത്തില്‍ പാര്‍ട്ടിക്കുന്ന സ്വാധീനവുമാണ് അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ബിജെഡിഎസ് പിടിവാശിക്ക് ബിജെപി വഴങ്ങാതിരുന്നാല്‍ സുരേഷ് ഗോപി തന്നെ ഇവിടെ സ്ഥാനാര്‍ത്ഥിയാകും.
യുഡിഎഫില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാണ് പ്രചരണം നടത്തുന്നത്. കൊല്ലം ബൈപ്പാസ് ഉത്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിളിച്ചു വരുത്തി കളം എന്‍ഡിഎക്ക് ഒരുക്കി നല്‍കിയെന്ന ആരോപണമാണ് പ്രേമചന്ദ്രനെതിരേ ഇടതുമുന്നണി ആയുധമാക്കുന്നത്. യുഡിഎഫിലും എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിയ തീരുമാനം പ്രേമചന്ദ്രന് കനത്ത തലവേദനയാണ്. 2011 നിയമസഭ തെരഞ്ഞെടുപ്പില്‍ ചവറ മണ്ഡലത്തില്‍ ഷിബുബേബി ജോണിനോട് ഇടതു മുന്നണി സ്ഥാനര്‍ത്ഥിയായി മത്സരിച്ച് 6061 വോട്ടിന് പരാജയപ്പെട്ടത് ഒഴിച്ചാല്‍ ഗ്രാമപഞ്ചായത്ത് മുതല്‍ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ച ചരിത്രമാണ് പ്രേമചന്ദ്രന് പറയാനുള്ളത്. 1996 ലോകസഭ തെരഞ്ഞെടുപ്പില്‍ ഹാട്രിക്ക് വിജയത്തിന്റെ പകിട്ടുമായി കൊലത്ത് നിന്ന് ലോകസഭയിലേക്ക് നാലാമൂഴത്തിനെത്തിയ മുന്‍ കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാറിനെ 78370 വോട്ടിന് പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം നാവായിക്കുളം സ്വദേശിയായ പ്രേമചന്ദ്രന്‍ കൊല്ലത്തിന്റെ മണ്ണില്‍ കാലൂന്നിയത്. 1998 ല്‍ അദ്ദേഹം 71762 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ആവര്‍ത്തിച്ചെങ്കിലും 1999 ല്‍ സിപിഎം മണ്ഡലം പിടിച്ചെടുത്ത് മത്സരിച്ചു. അന്നത്തെ എല്‍ഡിഎഫ് തീരുമാന പ്രകാരം ആര്‍എസ്പിക്ക് ലഭിച്ച രാജ്യസഭ സീറ്റില്‍ പ്രേമചന്ദ്രന്‍ എം.പിയായി. തുടര്‍ന്ന് 2006 ല്‍ ചവറയില്‍ നിന്ന് 1786 വോട്ടിന് വിജയിച്ച് വി.എസ്. മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയായി. പിന്നീടാണ് കൊല്ലത്തെച്ചൊല്ലി തര്‍ക്കം മുറുകുന്നതും പ്രേമചന്ദ്രനും ആര്‍എസ്പിയും യുഡിഎഫിലെത്തുന്നതും.
യുഡിഎഫ്, എന്‍ഡിഎ മുന്നണികളെ പരാജയപ്പെടുത്തുന്നതിലുപരി എന്‍.കെ. പ്രേമചന്ദ്രനെ വീഴ്ത്തുകയെന്ന അഭിമാന പ്രശ്‌നവുമുണ്ട് എല്‍ഡിഎഫിനും സിപിഎമ്മിനും. ഒരുകാലത്ത് മുന്നണിയിലെ വിശ്വസ്തനായിരുന്ന പ്രേമചന്ദ്രന്‍ മറുകണ്ടം ചാടിയതിലെ അമര്‍ഷം വാക്കുകളായി പുറത്തുവന്നതും അത് ഉപയോഗപ്പെടുത്തി യുഡിഎഫ് ക്യാമ്പയിന്‍ ചെയ്തതും പിണറായിക്ക് കഴിഞ്ഞ തവണ നേരിട്ട വ്യക്തിപരമായ അടികൂടിയായിരുന്നു. അതിനുള്ള കണക്ക് തീര്‍ക്കാന്‍ ഇടതുപക്ഷവും തോല്‍ക്കാന്‍ മനസില്ലാതെ യുഡിഎഫും കരുത്തുകാട്ടാന്‍ എന്‍ഡിഎയും കച്ചകെട്ടുമ്പോള്‍ കൊല്ലത്തെ അങ്കത്തട്ടില്‍ അടവുകളും പൂഴിക്കടകവും എല്ലാ ചേര്‍ന്ന് തീപാറുന്ന പോരാട്ടം ഉറപ്പ്.