വേനചൂടില്‍ വെന്തുരുകി കേരളം

Kerala

 

സ്വന്തം റിപ്പോര്‍ട്ടര്‍

വെന്തുരുകുന്ന മാസമാണ് മീനം. അതായത് മാര്‍ച്ച് പകുതി മുതല്‍ ഏപ്രില്‍ പകുതി വരെ. അതു കഴിഞ്ഞാല്‍ മേടത്തിന്റെ നേരിയ തണുപ്പും ഇടവപ്പാതിയുടെ വരവുമായി. എന്നാലിന്ന് കാലം മാറി. മീനം അവസാനിക്കാറായിട്ടും പൊള്ളുന്ന ചൂട്.
മഴക്കാലത്ത് രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബോധവത്ക്കരണ പരിപാടികള്‍ നടത്തുന്നതു പോലെ വേനലില്‍ ചൂടിനെ നേരിടാനും സൂര്യതാപം ഏല്‍ക്കാതിരിക്കാനും ജനങ്ങളെ ബോധവത്ക്കരിക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക പദ്ധതികള്‍ നടപ്പാക്കിക്കഴിഞ്ഞു. ചൂട് അധികമായ ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നര വരെ പൊതുസ്ഥലത്ത് ജോലി ചെയ്യുന്നത് നിരുത്സാഹപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.
ആശങ്കാജനകമായ ഒരു സാഹചര്യത്തിലേക്കാണു കേരളം നീങ്ങുന്നത്. അന്തരീഷത്തിന്റെ ആര്‍ദ്രത (ഹ്യുമിഡിറ്റി) 50 ശതമാനത്തില്‍ താഴെ പോകുന്നതാണ് ഇന്ന് പ്രധാന പ്രശ്‌നം. സൗദി അറേബ്യ പോലുള്ള മധ്യപൂര്‍വ്വ ദേശങ്ങളില്‍ 30 ശതമാനത്തില്‍ താഴേക്ക് ആര്‍ദ്രത എത്തുന്നതാണ് അവിടങ്ങളില്‍ ചൂട് കൂടാനുള്ള കാരണം. ഇതുപോലെ നമ്മുടെ സംസ്ഥാനവും വലിയ കാലാവസ്ഥ പ്രശ്‌നത്തിലേക്ക് നീങ്ങുകയാണെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തില്‍ ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ 50 ഡിഗ്രിയോട് അടുത്താണ് അന്തരീഷ ഉഷ്മാവ്. മുമ്പ് പാലക്കാട് അനുഭവപ്പെട്ടിരുന്ന അത്രയും ചൂട് ഇന്ന് എറണാകുളം, കോട്ടയം ജില്ലകളില്‍ അനുഭവപ്പെട്ടു തുടങ്ങി. രാത്രി കാലത്ത് പോലും അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തിലും ഗണ്യമായ വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്.
മേയ് അദ്യവാരം തന്നെ സംസ്ഥാനത്തെ പകുതിയിലധികം ജലസ്രോതസുകളും വറ്റിവരണ്ടു പോകുമെന്നാണു പഠനങ്ങള്‍. മഴക്കാലത്ത് ജലസംരക്ഷണത്തിന് ആവശ്യമായ പദ്ധതികളുടെ അഭാവം വരള്‍ച്ചയെ ക്ഷണിച്ചു വരുത്തുന്നു. വീടുകളും സ്ഥാപനങ്ങളും പരിസരം ഓട് പാകി ഭംഗിയാക്കുന്നതിനാല്‍ മഴവെള്ളം ഭൂമിയിലേക്കു നേരിട്ടു താഴാനുള്ള സാഹചര്യം കുറഞ്ഞു വരികയാണെന്നും അതിനാല്‍ ടൈല്‍സ് പാകിയുള്ള മോഡി പിടിപ്പിക്കല്‍ കര്‍ശനമായി നിയന്ത്രിക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
വനനശീകരണവും മണ്ണെടുക്കലും വയലുകള്‍ മണ്ണിട്ട് നികത്തുന്നതും കാലാവസ്ഥ വ്യതിയാനത്തിന്റെ ആക്കം കൂട്ടുന്നുണ്ട്. കോണ്‍ക്രീറ്റ് സൗധങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് ചൂട് കൂടാന്‍ മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. മേയ് അവസാനത്തോടെ തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയില്ലെങ്കില്‍ കേരളം കടുത്ത ജലക്ഷാമത്തെയാകും അഭിമുഖീകരിക്കുക.