Kapil Dev

കപില്‍ദേവ് ഉപദേശക സമിതിയില്‍ നിന്നും രാജിവച്ചു

Top Stories

ന്യൂഡല്‍ഹി: ബിസിസിഐയുടെ ഉപദേശക സമിതിയില്‍ നിന്നും (ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി-സിഎസി) കപില്‍ ദേവ് രാജിവച്ചു. സുപ്രീം കോടതി നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ സമിതിയെ (സിഒഎ) തീരുമാനം അറിയിച്ചതായും കപില്‍ ദേവ് പറഞ്ഞു. സിഒഎയുടെ തലവന്‍ വിനോദ് റായിയും, സിഇഒ രാഹുല്‍ ജോഹ്‌രിയുമാണ്.

 

ഉപദേശക സമിതിയുടെ അധ്യക്ഷനായിരുന്നു കപില്‍ ദേവ്. സമിതിയില്‍ അനുഷ്മാന്‍ ഗെയ്ക്‌വാദും, ശാന്ത രംഗസ്വാമിയുമായിരുന്നു മറ്റ് രണ്ട് അംഗങ്ങള്‍. ബിസിസിഐയുടെ ഭരണഘടന പ്രകാരം ഒരു വ്യക്തിക്ക് ഒരേസമയം ഒന്നില്‍ക്കൂടുതല്‍ പദവികള്‍ വഹിക്കാന്‍ കഴിയില്ലെന്നിരിക്കവേ, കപില്‍ ദേവ് ഉള്‍പ്പെടെ സമിതിയിലെ മൂന്ന് അംഗങ്ങളും മറ്റ് പദവികള്‍ വഹിക്കുന്നുണ്ടെന്നു ചൂണ്ടിക്കാണിച്ചു മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജീവ്
ഗുപ്ത പരാതി നല്‍കിയിരുന്നു.

 

ഭിന്നതാല്‍പര്യ വിഷയത്തിലെ(conflict of interest) വ്യവസ്ഥകള്‍ ലംഘിച്ചു എന്നാണ് പരാതിക്കാരന്‍ കണ്ടെത്തിയതും. ഇതേത്തുടര്‍ന്നു ബിസിസിഐ എത്തിക്‌സ് വിഭാഗം തലവന്‍ ഡി.കെ. ജെയ്ന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഒക്ടോബര്‍ പ്ത്തിനകം മറുപടി നല്‍കണമെന്നും അറിയിച്ചു.

ഭിന്നതാല്‍പര്യ വിഷയത്തില്‍ പരാതി ഉയര്‍ന്നതോടെ ഉപദേശക സമിതിയംഗമായ ശാന്തരംഗ സ്വാമി രാജിവച്ചിരുന്നു. ഇതിനു ശേഷം ഇപ്പോള്‍ കപില്‍ ദേവും രാജിവച്ചിരിക്കുകയാണ്.