മാണിയും ജോസഫും അകലുന്നു; കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്കോ ?

Top Stories

jj

 

 

”വളരുന്തോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണു കേരള കോണ്‍ഗ്രസ്”. കരിങ്കോഴക്കല്‍ മാണി മാണി എന്ന കെ.എം. മാണിയുടെ കണ്ടെത്തലാണിത്.

കേരള കോണ്‍ഗ്രസ് രൂപം കൊണ്ട 1964 ഒക്ടോബര്‍ 9 നു ശേഷം പാര്‍ട്ടി എത്ര പ്രാവശ്യം പിളര്‍ന്നന്നോ ആരെല്ലാമായിരുന്നു ഓരോ കഷണത്തിന്റെയും നേതാക്കളെന്നോ ചോദിച്ചാല്‍ മാണിക്കും ജോസഫിനും ബാലകൃഷ്ണപിള്ളയ്ക്കും പോലും ഉത്തരമില്ല. പരസ്പരം പോരടിച്ചു നില്‍ക്കുന്നവര്‍ ഒരു മേശയ്ക്കു ഇരുപുറവും ഇരുന്ന് ചായകുടിക്കുന്ന സമയത്തിനുള്ളില്‍ ലയിക്കുകയും ചെയ്യും.

കേരള കോണ്‍ഗ്രസിന്റെ സ്ഥാപനം കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയുടെ മരണ ശേഷം കൃത്യം മൂന്നുമാസം കഴിഞ്ഞായിരുന്നുവെങ്കിലും പാര്‍ട്ടിയുടെ ആചാര്യനായി കരുതുന്നത് അദ്ദേഹത്തെയാണ്. മൂവാറ്റുപുഴക്കാരന്‍ കെ.എം. ജോര്‍ജ്ജ് ആയിരുന്നു ആദ്യ ചെയര്‍മാന്‍. പിളര്‍ന്ന് പല കഷണമാകുമ്പോഴും എല്ലാ കേരള കോണ്‍ഗ്രസുകാരും അംഗീകരിക്കുന്ന രണ്ട് നേതാക്കളും ഇവര്‍ മാത്രമാണ്. ഇപ്പോള്‍ കേരളത്തില്‍ കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ്- ബി, കേരള കോണ്‍ഗ്രസ്- ജേക്കബ്, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ജനപക്ഷം (പഴയ കേരള കോണ്‍ഗ്രസ്- സെക്യുലര്‍), കേരള കോണ്‍ഗ്ര് പിസി തോമസ് എന്നിങ്ങനെ പ്രധാനമായും ഏഴ് വിഭാഗമുണ്ട്.

ഇവ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളിലുമായി ചിതിറിക്കിടക്കുന്നു. കര്‍ഷകരുടെ പാര്‍ട്ടിയാണെന്നാണു കേരള കോണ്‍ഗ്രസിനെ കുറിച്ചു പൊതുവേ പറയുന്നത്. സിറിയന്‍ കത്തോലിക്കരും നായര്‍ വിഭാഗവുമാണു പാര്‍ട്ടിയുടെ കരുത്ത്. കര്‍ഷകരെ അകമഴിഞ്ഞു സ്‌നേഹിക്കുന്ന കേരള കോണ്‍ഗ്രസില്‍ നിന്നു വിവിധ കഷണങ്ങളിലെ ധാരാളം പേര്‍ മന്ത്രിയായിട്ടുണ്ടെങ്കിലും ഇതുവരെ ആരും കൃഷി വകുപ്പ് ഏറ്റെടുത്തിട്ടില്ല. അതാണ് പാര്‍ട്ടിയുടെ കര്‍ഷക സ്‌നേഹത്തിന്റെ ഒരു ലൈന്‍.

കേരള കോണ്‍ഗ്രസിലെ പ്രബല വിഭാഗങ്ങളായ കേരള കോണ്‍ഗ്രസ് മാണി, കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുകള്‍ 2011 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഒന്നിച്ചു യുഡിഎഫിന്റെ ഭാഗമായപ്പോള്‍ പാര്‍ട്ടിക്കു പഴയ ശക്തി കൈവന്നുവെന്നു പലരും കരുതി. എന്നാല്‍ അവിടെ നിന്നും പി.സി. ജോര്‍ജ്ജും ഫ്രാന്‍സിസ് ജോര്‍ജ്ജും പി.സി. തോമസും പടിയിറങ്ങി. ഇപ്പോള്‍ പി.ജെ. ജോസഫ് വിഭാഗം മാണിയുമായി അത്ര രസത്തിലല്ല.

മാണിയുടെ പുത്രനും കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനുമായ ജോസ് കെ. മാണി നടത്തുന്ന കേരള യാത്രയെക്കുറിച്ചു തന്നോടും പഴയ ജോസഫ് ഗ്രൂപ്പുകാരോടും ആലോചിച്ചില്ലെന്നു പി.ജെ. ജോസഫ്.

എല്‍ഡിഎഫിലായിരുന്ന കാലത്ത് മുന്നണിയുടെ പൂമുഖത്ത് ഇരുന്ന ജോസഫ് ഇപ്പോള്‍ കേരള കോണ്‍ഗ്രസിന്റെ കോലായിലാണ് ഇരിക്കുന്നതെന്നു വിമര്‍ശകര്‍. തന്നോടൊപ്പം വന്നവരെ വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ലെന്നതാണു ജോസഫിനെ ചൊടിപ്പിക്കുന്നത്. മാണി ഗ്രൂപ്പില്‍ ലയിച്ച ശേഷം ജോസഫ് വിഭാഗത്തിനു വേണ്ട പരിഗണന കിട്ടിയില്ലെന്നതു സത്യമാണ്. യുഡിഎഫില്‍ ലഭിച്ച ഏക പാര്‍ലമെന്റ് സീറ്റ് മാണിയുടെ മകന്‍ ജോസ് കെ. മാണിക്കും രാജ്യസഭ അംഗത്വം മാണിയുടെ വിശ്വസ്തന്‍ ജോയി ഏബ്രഹാമിനും നല്‍കിയതു മുതല്‍ പാര്‍ട്ടിയില്‍ അസ്വാരസ്യം പുകയുന്നതാണ്.

പ്രബല കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളെ ഒന്നാക്കി യുഡിഎഫില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പെടാപ്പാടുപെട്ട പാര്‍ട്ടിയുടെ അടിത്തറയായ സുറിയാനി കൃസ്ത്യാനികളുടെയും എന്‍എസ്എസിന്റെയും നേതാക്കന്‍മാര്‍ ഇക്കാര്യത്തില്‍ ഇടപെട്ട് അനുരജ്ഞനം ഉണ്ടാക്കിയില്ലെന്നും ജോസഫ് പക്ഷത്തിനു പരാതിയുണ്ട്. മാണിയുമായി തെറ്റിയ പാര്‍ട്ടിയുടെ ആചാര്യ നേതാക്കളായ പി.ടി ചാക്കോയുടെ മകന്‍ പി.സി തോമസും കെ.എം. ജോര്‍ജ്ജിന്റെ മകന്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ്ജും പുതിയ പാര്‍ട്ടികള്‍ രൂപീകരിച്ചു. ഇടതു മുന്നണിയില്‍ ആയിരിക്കുമ്പോള്‍ രണ്ടു തവണ ഇടുക്കിയില്‍ നിന്നും ലോകസഭയിലെത്തിയ ഫ്രാന്‍സിസ് ജോര്‍ജിന് എംഎല്‍എ സീറ്റ് ലഭിക്കാതിരിക്കാന്‍ 2011 വരെ മാണി വിഭാഗത്തിന്റെ കൈവശമായിരുന്ന മൂവാറ്റുപുഴ നിയമസഭ മണ്ഡലം കോണ്‍ഗ്രസിനു നല്‍കിയെന്നു പഴയ ജോസഫ് ഗ്രൂപ്പുകാര്‍ക്ക് അടക്കം പറയുന്നു.

രാജ്യസഭ സീറ്റ് ഒഴിവുവന്നപ്പോള്‍ ജോയി ഏബ്രഹാമിനു പകരം ഫ്രാന്‍സിസ് ജോര്‍ജ്ജിനെ പരിഗണിക്കുമെന്നും കരുതിയെങ്കിലും മാണി വഴങ്ങിയില്ല. ഏറ്റവും ഒടുവില്‍ രാജ്യസഭ സീറ്റ് വീണ്ടും ലഭിച്ചപ്പോള്‍ കോട്ടയം എംപിയായ സ്വന്തം മകന്‍ ജോസ് കെ. മാണിയെ ആ സ്ഥാനത്ത് അവരോധിച്ചു കോട്ടയം പാര്‍ലമെന്റ് മണ്ഡലം അനാഥമാക്കി. 2019 ലെ ഇലക്ഷനില്‍ ജോസഫ് വിഭാഗത്തിനു കോട്ടയം സീറ്റ് നല്‍കുമെന്നാണു പൊതുവേ കരുതിയിരുന്നത്. എന്നാലിപ്പോള്‍ ആ സീറ്റും കൈവശപ്പെടുത്താന്‍ മാണി വിഭാഗം നടത്തുന്ന ശ്രമമാണു ജോസഫ് ഗ്രൂപ്പിനെ ചൊടിപ്പിച്ചത്.
കെ.എം. മാണിയുടെ മരുമകള്‍ നിഷ ജോസ് കെ. മാണി മത്സരിക്കില്ലെന്ന് ഉറപ്പിച്ചു പറയുമ്പോഴും മാണിയും കൂട്ടരും തന്ത്രപരമായ നീക്കമാണു നടത്തുന്നതെന്നാണു ജോസഫ് വിഭാഗത്തിന്റെ ആക്ഷേപം. ഇടുക്കി എംഎല്‍എയും മാണി വിഭാഗത്തിലെ പ്രമുഖനുമായ റോഷി അഗസ്റ്റ്യനെ കോട്ടയത്തു നിന്നു പാര്‍ലമെന്റിലേക്കു വിജയിപ്പിക്കുകയും ഒഴിവു വരുന്ന ഇടുക്കി അസംബ്ലി മണ്ഡലത്തില്‍ നിഷ ജോസ്. കെ. മാണിയേയോ, ഗ്രൂപ്പിലെ വിശ്വസ്തരില്‍ ആരെയെങ്കിലുമോ മത്സരിപ്പിച്ചു വിജയിപ്പിക്കാമെന്നു മാണി വിഭാഗം കണക്കു കൂട്ടുന്നതായാണു സൂചന.

ജോസഫ് ഗ്രൂപ്പിലെ പ്രമുഖനും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫിനെ കോട്ടയത്തു മത്സരിപ്പിക്കണമെന്നാണ് ഈ വിഭാഗത്തിന്റെ ആവശ്യമെന്നു പറയപ്പെടുന്നു. ഇതിനു തയ്യാറാകാതെ വന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ഇടതു മുന്നണിയിലേക്കു വീണ്ടും പ്രവേശിക്കാനും ജോസഫ് ഗ്രൂപ്പിനു പദ്ധതിയുണ്ട്. ഇത് മുന്‍കൂട്ടി മനസിലാക്കിയ യുഡിഎഫിലെ ചിലര്‍ കേരള കോണ്‍ഗ്രസിന് ഇടുക്കി മണ്ഡലം നല്‍കി അവിടെ നിന്നു പി.ജെ. ജോസഫിനെ മത്സരിപ്പിക്കാന്‍ പദ്ധതിയിട്ടതായും അറിയുന്നു. എന്നാല്‍ ജയസാധ്യത കൂടിയ കോട്ടയം കൈവിടാന്‍ ഇരു കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ക്കും താത്പര്യമില്ല. കോട്ടയത്ത് റോഷി അഗസ്റ്റ്യനോ മോന്‍സ് ജോസഫോ എന്ന കാര്യത്തില്‍ മാത്രമേ ഇനി തീരുമാനമാകാനുള്ളൂവെന്നാണ് അവരുടെ വാദം.

1989 ലെ ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ മൂവാറ്റുപുഴ ലോകസഭ മണ്ഡലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം ജോസഫ് ഗ്രൂപ്പിനെ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ എത്തിച്ചത്. ആ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മൂവാറ്റുപുഴയില്‍ മത്സരിച്ച പി.ജെ. ജോസഫിന് ലഭിച്ചത് 68619 വോട്ട്. കെട്ടിവച്ച കാശ് നഷ്ടപ്പെട്ട ജോസഫ് ഇടതു മുന്നണിയില്‍ പ്രവേശിക്കുകയും 1991 ല്‍ ഇടുക്കിയില്‍ നിന്ന് ലോകസഭയില്‍ മത്സരിച്ച് പാല കെ.എം. മാത്യുവിനോട് 25206 വോട്ടിന് പരാജയപ്പെടുകയും ചെയ്തു. എങ്കിലും 1996 ലും 2006 ലും ഇടതു മന്ത്രിസഭകളില്‍ പി.ജെ. ജോസഫ്, ടി.യു. കുരുവിള, മോന്‍സ് ജോസഫ് എന്നിവര്‍ അംഗങ്ങളാകുകയും ഇടുക്കിയില്‍ നിന്നും രണ്ടു തവണ കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് ലോകസഭയിലും വക്കച്ചന്‍ മറ്റത്തില്‍ രാജ്യസഭയിലും അംഗമായി. ഈ പരിഗണന യുഡിഎഫില്‍ ഒരിക്കലും ജോസഫ് വിഭാഗത്തിനു ലഭിച്ചിട്ടില്ലെന്നതു വസ്തുതയാണ്.

കോട്ടയം സീറ്റ് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു സാധിക്കാതെ വന്നാല്‍ ജോസഫ് ഗ്രൂപ്പിലെ അവശേഷിക്കുന്നവര്‍ പഴയ ജോസഫ് ഗ്രൂപ്പുകാരുടെ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ഭാഗമായി എല്‍ഡിഎഫിലെത്താനുള്ള സാധ്യതയേറുകയാണ്. അങ്ങനെ വന്നാല്‍ കോട്ടയം സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കി ഫ്രാന്‍സിസ് ജോര്‍ജിനു മത്സരിക്കാന്‍ ഇടതുപക്ഷം കളമൊരുക്കും.

വാല്‍കഷണം: കേരള കോണ്‍ഗ്രസുകളുടെ പിളര്‍പ്പ് പലപ്പോഴും പല സ്വതന്ത്ര ചിഹ്നങ്ങളും സംസ്ഥാന പാര്‍ട്ടി ചിഹ്നമായി മാറ്റിയിട്ടുണ്ട്. പാര്‍ട്ടികള്‍ ലയിക്കുമ്പോള്‍ തത്ക്കാലത്തേക്ക് ഒരു ചിഹ്നം മരവിപ്പിക്കാനാണു പതിവ്. കേരള കോണ്‍ഗ്രസിന്റെ അഭിമാന ചിഹ്നമായ കുതിര ആദ്യ പിളര്‍പ്പിനു ശേഷം മാണി വിഭാഗത്തിന് ലഭിച്ചു. അന്ന് ജോസഫ് വിഭാഗം ആനയുടെ ഉടമകളായി. ഇവര്‍ വീണ്ടും ലയിച്ചപ്പോള്‍ ആന മരവിപ്പിച്ചു. 1989 നു ശേഷം പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കുതിരയെ ജോസഫ് പൊക്കി. മാണി രണ്ടിലയില്‍ അഭയം പ്രാപിച്ചു. പിന്നീട് കുതിരക്കായി ഇരുവിഭാഗവും പൊരുതി നോക്കി. അതോടെ ഇലക്ഷന്‍ കമ്മീഷന്‍ ചിഹ്നം മരവിപ്പിച്ചു. ജോസഫ് വിഭാഗം സൈക്കിള്‍ ഏറ്റെടുത്തു. 2011 ലെ ലയനം സൈക്കിളിനെ ”വര്‍ക്ക്‌ഷോപ്പിലാക്കി”. ഇനിയും ഒരു പിളര്‍പ്പുണ്ടായാല്‍ ഏത് ചിഹ്നമാകും ഒരു വിഭാഗം സ്വന്തമാക്കുന്നതെന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. കേരള കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഉദയസൂര്യനാണ് അവരുടെ ചിഹ്നം. ജേക്കബ് വിഭാഗം തെങ്ങ്, തൈയ്യല്‍ മിഷീന്‍, ടോര്‍ച്ച്, ഓട്ടോറിക്ഷ തുടങ്ങി ചിഹ്നങ്ങള്‍ മാറി പരീക്ഷിക്കുകയാണ്. ഉദയസൂര്യനില്‍ മത്സരിച്ചിരുന്ന പി.സി ജോര്‍ജിന് ഇപ്പോള്‍ തൊപ്പിയോടാണ് പ്രിയം. പി.സി തോമസിന് ചിഹ്നങ്ങളോട് അത്ര കടുംപിടുത്തമില്ല. ഏതായാലും കേരള രാഷ്ട്രീയത്തെ പിളര്‍പ്പും ലയനവും കൊണ്ട് സമ്പുഷ്ടമാക്കുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്.