ജെഫ് ബെസോസും ഭാര്യയും വേര്‍പിരിയുന്നു

Business

 

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും, ആമസോണ്‍ സിഇഒയുമായ ജെഫ് ബെസോസും ഭാര്യ മക്കെന്‍സിയും വേര്‍പിരിയുന്നു.
‘ ദീര്‍ഘകാലത്തെ പ്രണയ പര്യവേക്ഷണത്തിനും, ബന്ധം തുടരണോ വേണ്ടയോ എന്നത് നിശ്ചയിക്കാന്‍ ഉഭയ സമ്മത പ്രകാരം വേര്‍പിരിഞ്ഞ് താമസിച്ചതിനു ശേഷം, ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. സുഹൃത്തുക്കളായി ജീവിതം തുടരാനും തീരുമാനിച്ചു ‘ ഇരുവരും ബുധനാഴ്ച ട്വീറ്റ് ചെയ്തു. മൂന്ന് ആണ്‍മക്കളും, ദത്തെടുത്ത ഒരു പെണ്‍കുട്ടിയുമടക്കം ഇരുവര്‍ക്കും നാല് മക്കളാണുള്ളത്. രചയിതാവാണു 48-കാരിയായ മക്കെന്‍സി.

ന്യൂയോര്‍ക്കിലുള്ള ഹെഡ്ജ് ഫണ്ടില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടതും പിന്നീട് 1993-ല്‍ ഒരുമിച്ച് ജീവിതം ആരംഭിച്ചതും. 1994-ലാണ് ജെഫ് ബെസോസ് ആമസോണ്‍ ആരംഭിച്ചത്. ബ്ലൂംബെര്‍ഗ് ബില്യനേഴ്‌സ് സൂചികപ്രകാരം, 54-കാരനായ ബെസോസിന്റെ കണക്കാക്കപ്പെടുന്ന മൂല്യം 137 ബില്യന്‍ ഡോളറാണ്. വാഷിംഗ്ടണ്‍ പോസ്റ്റ് എന്ന പത്രത്തിന്റെയും ബഹിരാകാശ പര്യവേക്ഷണ കമ്പനിയായ ബ്ലൂ ഒറിജിന്റെയും ഉടമ കൂടിയാണു ബെസോസ്.