Meninblue

ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ഇന്ത്യന്‍ ടീമിനെ ഉടച്ചുവാര്‍ക്കും

India

മുംബൈ: ഓസ്ട്രേലിയയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ഇന്ത്യന്‍ ടീമിനെ ഉടച്ചുവാര്‍ക്കുമെന്നു സൂചന. ഇനി വെറും 18 മാസങ്ങള്‍ മാത്രമാണ് ടി20 ലോകകപ്പ് ടൂര്‍ണമെന്റിന് അവശേഷിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ മധ്യനിര ബാറ്റ്സ്മാന്മാരായ കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ ടീമില്‍നിന്നും പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇന്ത്യയ്ക്കു പുറത്ത് കളിക്കുമ്പോള്‍ സമ്മര്‍ദ്ദ സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഇവര്‍ക്കു സാധിക്കുന്നില്ലെന്നതിന്റെ പശ്ചാത്തലത്തിലാണ് ഇവരെ ഒഴിവാക്കാന്‍ പോകുന്നത്. ദിനേഷ് കാര്‍ത്തിക് 15 വര്‍ഷം മുന്‍പാണ് ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്രാവിശ്യമായിരുന്നു ലോകകപ്പില്‍ ആദ്യമായി കളിച്ചത്. പക്ഷേ, തിളങ്ങാനായില്ല. അതുപോലെ കുല്‍ദീപ് യാദവും, യുസ്വേന്ദ്ര ചാഹലും മികച്ച കളിക്കാരാണെങ്കിലും ലോകകപ്പ് ടൂര്‍ണമെന്റില്‍ അവര്‍ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.
ടി20 ലോകകപ്പിന് കോഹ്ലി, രോഹിത്, രാഹുല്‍, ഹാര്‍ദ്ദിക്, ബുമ്ര, ഋഷഭ് പന്ത്, കുല്‍ദീപ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീമിനെയായിരിക്കും പ്രധാനമായും പരിഗണിക്കുക. ഈ സംഘത്തിലേക്ക് ചാഹലിനെയും, മുഹമ്മദ് ഷമിയെയും ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. മലയാളി താരം സഞ്ജു സാംസനെ ഇന്ത്യന്‍ എ ടീമിന്റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഉയര്‍ത്തിക്കാണിക്കുന്നുണ്ടെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.