Britishpolitics

ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യന്‍ സ്വാധീനം

Feature

 

ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വാധീനം വര്‍ധിച്ചു വന്നിരിക്കുകയാണ്. 1890-കളില്‍ ഹൗസ് ഓഫ് കോമണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരന്‍ മുതല്‍ ഇപ്പോള്‍ ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ എന്ന നിലയില്‍ എത്തിയിരിക്കുന്നു ഇന്ത്യയുടെ സാന്നിധ്യം. ഇതിലൂടെ ഇന്ത്യന്‍ സമൂഹം ഒരുപാട് മുന്നേറിയിരിക്കുന്നു. അതോടൊപ്പം അധികാര സ്ഥാനങ്ങളില്‍ വെള്ളക്കാരല്ലാത്തവരെ ബ്രിട്ടന്‍ കൂടുതല്‍ സ്വീകരിക്കുന്ന പ്രവണതയും ഇതിലൂടെ വെളിപ്പെടുന്നു.
ഇന്ത്യന്‍ വേരുകളുള്ള പ്രീതി പട്ടേലാണ് ബ്രിട്ടന്റെ പുതിയ ആഭ്യന്തര സെക്രട്ടറി. ആഭ്യന്തരമന്ത്രിക്കു സമാനമാണിത്. മറ്റൊരു ഇന്ത്യാക്കാരനായ അലോക് ശര്‍മയാണ് ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് സെക്രട്ടറി. റിഷി സുനാക് എന്ന ഇന്ത്യന്‍ വംശജന് ക്യാബിനറ്റ് റാങ്ക് ഇല്ലെങ്കിലും ട്രഷറിയുടെ ചീഫ് സെക്രട്ടറിയാണ്. ഇദ്ദേഹത്തിന് ക്യാബിനറ്റ് യോഗങ്ങളില്‍ പങ്കെടുക്കാനും സാധിക്കും. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മരുമകനാണ് റിഷി സുനാക്.റിച്ച്മണ്ടിലെ എംപിയാണ് റിഷി.

Rishi sunak

റിഷി സുനാക്ക് കുടുംബത്തോടൊപ്പം

ഏകദേശം 15 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹമാണ് തൊഴിലിനും ബിസിനസിനും പഠനാവശ്യങ്ങള്‍ക്കുമായി ബ്രിട്ടനിലുള്ളത്. ഈ മൂന്ന് ഇന്ത്യന്‍ വംശജര്‍ ബ്രിട്ടന്റെ അധികാരസ്ഥാനങ്ങളിലേക്ക് അവരോധിതരായത് തീര്‍ച്ചയായും ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തിനു ഗുണകരമാണ്.
1892-ല്‍ ഹൗസ് ഓഫ് കോമണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരന്‍ ദാദാബായ് നവറോജിയായിരുന്നു. ലിബറല്‍ പാര്‍ട്ടിയായിരുന്നു അദ്ദേഹത്തിന്റേത്. പിന്നീട് മഞ്ചര്‍ജി ഭൗണ്‍ഗ്രീ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍നിന്നും 1895-ല്‍ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നീണ്ട പതിറ്റാണ്ടു കാലം ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ സാന്നിധ്യമില്ലായിരുന്നു. എന്നാല്‍ 1987-ല്‍ ലേബര്‍ പാര്‍ട്ടിയില്‍നിന്നും കീത്ത് വാസ് എന്ന ഇന്ത്യന്‍ വംശജന്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഇംഗ്ലണ്ടിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാണു ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും. ടോറി പാര്‍ട്ടിയെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അറിയപ്പെടുന്നു. ഇപ്പോള്‍ ഭരിക്കുന്ന ബോറിസ് ജോണ്‍സനും, മുന്‍പ്രധാനമന്ത്രിമാരായ ഡേവിഡ് കാമറോണും തെരേസ മേയും ടോറി പാര്‍ട്ടിയംഗങ്ങളാണ്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമായുള്ള ഇന്ത്യന്‍ വംശജരുടെ അടുപ്പം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചത് ഡേവിഡ് കാമറോണ്‍ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്. ഇന്ത്യന്‍ വംശജര്‍ക്ക് അനുകൂല തീരുമാനമെടുത്തതും ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിച്ചതും ഡേവിഡ് കാമറോണ്‍ ആയിരുന്നു. ഇത് കൂടുതല്‍ ഇന്ത്യന്‍ വംശജരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായി. 2002-ലെ കലാപത്തെ തുടര്‍ന്ന് ഗുജറാത്ത് ഗവണ്‍മെന്റിനെ ബ്രിട്ടന്‍ ബോയ്കോട്ട് ചെയ്തിരുന്നു. ഈ ബഹിഷ്‌കരണം 2013-ല്‍ എടുത്തുമാറ്റിയത് ഡേവിഡ് കാമറോണ്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്.

ബ്രിട്ടന്റെ പുതിയ ആഭ്യന്തര സെക്രട്ടറിയായ പ്രീതി പട്ടേലിനെ കുറിച്ച് വായിക്കാം
താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യൂ….

ആരാണ് പ്രീതി പട്ടേല്‍ ?