ഇന്ത്യ കളി മറന്നു; യുഎഇയോട് കനത്ത തോല്‍വി

Sports

 

jj

 

അബുദാബിയിലെ സെയ്ദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ദൈവങ്ങള്‍ ആതിഥേയര്‍ക്കൊപ്പം നിലയുറപ്പിച്ചപ്പോള്‍ ഏഷ്യന്‍ കപ്പ് ഗ്രൂപ്പ് എയിലെ നാലാം മത്സരത്തില്‍ ഇന്ത്യയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് യുഎഇ മറികടന്നു.
ആദ്യപകുതിയില്‍ യുഎഇ ഗോള്‍ക്കീപ്പര്‍ ഖാലിദ് ഇസയുടെ മാസ്മരിക പ്രകടനം ഇന്ത്യയ്ക്ക് ഉറപ്പായ രണ്ട് ഗോളുകള്‍ നിഷേധിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ക്രോസ് ബാര്‍ ഇന്ത്യയുടെ വില്ലനായി. മറുവശത്ത് പ്രതിരോധത്തില്‍ വരുത്തിയ രണ്ട് പിഴവുകള്‍ ഇന്ത്യയ്ക്കു വിനയായി. കളിയുടെ 41 ആം മിനിട്ടില്‍ ഖാലിഫാന്‍ മുബാറക്കും 88 ആം മിനിട്ടില്‍ അലി മബ്‌ഖൌച്ചുമാണ് ആതിഥേയര്‍ക്കായി വല കുലുക്കിയത്.

ആദ്യ മത്സരത്തില്‍ തായ്‌ലന്‍ഡിനെതിരേ കളിച്ച അതേ ടീമിനെ തന്നെയാണു കോച്ച് കോണ്‍സ്ന്റന്റ് ഇന്ത്യക്കായി കളത്തിലിറക്കിയത്. എന്നാല്‍ അന്നത്തെ ടീമിന്റെ നിഴല്‍മാത്രമായിരുന്നു യുഎഇക്കെതിരേ കളിച്ചത്. യുഎഇ പാസുകള്‍ കൃത്യമായി പൂര്‍ത്തീകരിച്ചു കളി മെനയുമ്പോള്‍ മനോഹരമായ പ്രതിരോധത്തിലൂടെ ഇന്ത്യ യുഎഇ നിരയെ അല്പം അങ്കലാപ്പിലാക്കി. അതിനിടയില്‍ വീണുകിട്ടിയ അവസരം മനോഹരമായി ഗോളിലേക്ക് കണക്ട് ചെയ്യാന്‍ ആഷിക് കുരുണിയന് സാധിച്ചെങ്കിലും അസാമാന്യ പ്രകടനത്തിലൂടെ യുഎഇ കീപ്പര്‍ ഇസ ഗോള്‍ നിഷേധിച്ചു. ഏറെ താമസിക്കാതെ സുനില്‍ ഛേത്രി വളരെ മനോരഹമായി തലകൊണ്ട് ഗോളിലേക്കു ചെത്തിവിട്ട പന്തും ഇസ തടുത്തു. റീബൗണ്ടിന് സാധ്യതയുണ്ടായിരുന്നെങ്കിലും അത് മുന്‍കൂട്ടി കണക്ക് കൂട്ടുന്നതില്‍ ഛേത്രിക്ക് പിഴച്ചു.

പന്ത് 66% സമയത്തും യുഎഇയുടെ കൈവശമായിരുന്നെങ്കിലും അവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ കൂടുതല്‍ വിജയിച്ചത് ഇന്ത്യയാണ്. ആദ്യ പകുതിയുടെ 41 ആം മിനുട്ടില്‍ ഇന്ത്യന്‍ പ്രതിരോധത്തില്‍ മലയാളിയായ അനസ് വരുത്തിയ പിഴവാണു ഗോളിലേക്ക് വഴിതുറന്നത്. മൈതാനത്തിന്റെ ഇടതുവശത്ത് ഡി സര്‍ക്കിളില്‍ നിന്നും പന്ത് ക്ലിയര്‍ ചെയ്ത് അകറ്റുന്നതില്‍ അനസും ജിങ്കാനും പരാജയപ്പെട്ടപ്പോള്‍ പന്ത് കൈക്കലാക്കിയ അലി മബ്‌ഖൌച്ചു അത് മാര്‍ക്ക് ചെയ്യാതെ നിന്ന ഖാലിഫാന്‍ മുബാറക്കിനു മറിച്ചു. അല്‍പ്പം മുന്നോട്ട് കയറിയ 21 ആം നമ്പര്‍താരം ഗോള്‍ക്കീപ്പര്‍ക്ക് അവസരം നല്‍ക്കാതെ പോസ്റ്റിന്റ വലത്തേ മൂലയിലേക്ക് ഷോട്ട് ഉതിര്‍ത്തു.

ഒരു ഗോളിന് പിന്നിലായതോടെ അല്‍പ്പം പതറിയ ഇന്ത്യ രണ്ടാം പകുതിയില്‍ തിരിച്ചു വരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. അതിന്റെ സൂചന നല്‍കി ഹോളീചരന്‍ നസ്രറിയെ പിന്‍വലിച്ചു ജെജെ ലാല്‍പഗുവയ്ക്ക് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അവസരം നല്‍കി. കോച്ചിന്റെ തീരുമാനം സാധൂകരിച്ച് ജെജെ ഉതിര്‍ത്ത മനോഹരമായ ഒരു ഷോട്ട് ഇഞ്ചുകളുടെ വത്യാസത്തിലാണു പുറത്തേക്ക് പോയത്. ഏറെ താമസിക്കും മുന്‍പ് 15 ആം നമ്പര്‍ താരം ഉതാന്ത സിംഗിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു.
മത്സരത്തിലേക്കു തിരിച്ചു വരുന്നതിനു പകരം പരാജിതരുടെ ശരീരഭാഷയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ക്ക്. മിസ്പാസുകളുടെ ഘോഷയാത്രയായിരുന്നു പിന്നീട് കണ്ടത്. മറുവശത്ത് യുഎഇ പാസുകള്‍ മനോഹരമായി പൂര്‍ത്തിയാക്കി. 88 ആം മിനുട്ടില്‍ അത് ഫലം കാണുകയും ചെയ്തു.
അടുത്ത മത്സരത്തില്‍ ബെഹ്‌റിനെതിരേ സമനില നേടിയാലും ഗോള്‍ ശരാശരിയടെ ബലത്തില്‍ ഇന്ത്യയ്ക്ക് പ്രീ-ക്വാര്‍ട്ടര്‍ സാധ്യതയുണ്ട്. എന്നാല്‍ അടുത്ത യുഎഇ- തായലന്‍ഡ് മത്സരം സമനിലയിലായാലും തായലന്‍ഡ് വിജയിച്ചാലും മികച്ച മൂന്നാംസ്ഥാനക്കാര്‍ എന്ന നിലയില്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ ഇന്ത്യയ്ക്കാകും. എന്നാല്‍ കണക്കിലെ കളികളില്‍ വിശ്വസിക്കാതെ ബഹറിനെതിരേ ശക്തമായ മത്സരത്തിനാകും ഇന്ത്യ കളത്തിലിറങ്ങുന്നത്.