wicketkeeper

വിക്കറ്റിനു മുന്നിലും പിന്നിലും നില്‍ക്കാന്‍ കെല്‍പ്പുള്ളവരുടെ ഇന്ത്യന്‍ ടീം

Sports

author

ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ കളിക്കാരെ തെരഞ്ഞെടുക്കുന്നതിനു പല മാനദണ്ഡങ്ങളുണ്ട്. ആദ്യകാലത്ത് അഞ്ച് ഫോര്‍വേഡ്, 3 ഹാഫ് ബാക്ക് 2 ബാക്ക്, ഗോള്‍കീപ്പര്‍ എന്നിങ്ങനെയായിരുന്നു പരമ്പരാഗത ഫോര്‍മേഷന്‍. എന്നാലിന്ന് ഗോള്‍കീപ്പര്‍ ഒഴികെയുള്ള ബാക്കി 10 കളികാരെ വിന്യസിക്കുന്നതിനു പലപല രീതികള്‍ ഉപയോഗിച്ചു വരുന്നു. അതുപോലെ ക്രിക്കറ്റിലും ഒരു പരമ്പരാഗ ശൈലിയുണ്ടായിരുന്നു. 5 ബാറ്റ്‌സ്മാന്‍, 5 ബൗളര്‍, 1 വിക്കറ്റ് കീപ്പര്‍. ബാറ്റ്‌സ്മാന്‍മാര്‍ അഞ്ചുപേര്‍ പുറത്തായാല്‍ പിന്നെ ചീട്ടുകൊട്ടാരം പോലെ ടീം തകരുന്ന അക്കാലത്ത് ഓള്‍ റൗണ്ടര്‍ എന്ന സങ്കല്‍പ്പം പോലുമില്ലായിരുന്നു.

1980-കളുടെ തുടക്കത്തോടെ ഓള്‍ റൗണ്ടര്‍മാര്‍ ഉദയം ചെയ്തു. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ പ്രഹരിക്കുന്നവര്‍. സര്‍ റിച്ചാര്‍ഡ് ഹാര്‍ഡിലി (ന്യൂസിലാന്‍ഡ്), കപില്‍ദേവ് (ഇന്ത്യ), ഇമ്രാന്‍ഖാന്‍ (പാക്കിസ്ഥാന്‍), ഇയാന്‍ ബോതം (ഇംഗ്ലണ്ട്) എന്നിവരായിരുന്നു ആദ്യകാല ഓള്‍ റൗണ്ടര്‍മാര്‍. ഇന്ന് എല്ലാ ടീമിലും രണ്ടിലധികം ഓള്‍ റൗണ്ടര്‍മാരെ കാണാം. ഏതൊരു ടീമിന്റെയും അവസാന വിക്കറ്റ് വീഴും വരെ തകര്‍ത്തടിക്കാന്‍ ശേഷിയുള്ള താരങ്ങളാല്‍ സമ്പന്നമാണ് ഇന്ന് ക്രിക്കറ്റ്.

ഓള്‍റൗണ്ടര്‍മാര്‍ വേണ്ടുവോളമുണ്ടായിട്ടും സ്ഥാനത്തിന്റെ പ്രത്യേകത കൊണ്ട് ടീമില്‍ സ്ഥാനം ഉറപ്പിക്കുന്ന ഒരു കൂട്ടരായിരുന്നു വിക്കറ്റ് കീപ്പര്‍മാര്‍. മികച്ച കീപ്പര്‍മാരെന്നു പേരെടുത്ത പലരും എട്ട്, ഒമ്പത് വിക്കറ്റുകളില്‍ ക്രീസിലെത്തുന്നവരായിരുന്നു. മികച്ച വിക്കറ്റ് കീപ്പര്‍ നല്ല ബാറ്റ്‌സ്മാന്‍ ആകണമെന്ന് അക്കാലത്ത് ഒരു നിര്‍ബന്ധവും ഉണ്ടായിരുന്നില്ല. 1987 , 1992 ലോകകപ്പുകളില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിരുന്ന മുന്‍ ഇന്ത്യന്‍ സെലക്ടറായ കിരണ്‍ മോറെയുടെ ഉയര്‍ന്ന ഏകദിന സ്‌കോര്‍ 43 ആയിരുന്നു!

തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ക്രിക്കറ്റിലെ വിക്കറ്റ് കീപ്പിങ് സ്ഥാനത്ത് മികച്ച കുറേ ബാറ്റ്‌സ്മാന്‍മാരെത്തി. അലക്‌സ് സ്റ്റുവാര്‍ട്ട് (ഇംഗ്ലണ്ട്), ഡേവിഡ് ഹ്യൂട്ടന്‍ (സിംബാബ്‌വേ), റൊമേഷ് കലുവിതരണ (ശ്രീലങ്ക), നയന്‍ മോംഗിയ (ഇന്ത്യ) മോയിന്‍ഖാന്‍ (പാക്കിസ്ഥാന്‍), റഷീദ് ലത്തീഫ് (പാക്കിസ്ഥാന്‍) എന്നിവരെല്ലാം തൊണ്ണൂറുകളിലെ തരക്കേടില്ലാത്ത ബാറ്റ്‌സ്മാന്‍മാരായ വിക്കറ്റ് കീപ്പര്‍മാരായിരുന്നു. എന്നാല്‍ തകര്‍ത്തടിക്കുന്ന വിസ്‌ഫോടനത്തിനു കലുവിതരണയാണ് തുടക്കമിട്ടതെങ്കിലും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാള്‍ വിക്കറ്റ് കീപ്പറാകണമെന്ന് ടീമുകള്‍ ചന്തിച്ച് തുടങ്ങിയത് ഓസ്‌ട്രേലിയന്‍ താരം ആഡം ഗില്‍ക്രിസ്റ്റ് , ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൌച്ചര്‍ എന്നിവരുടെ കടന്നു വരവോടെയാണ്.

ഇരുപത്തിയൊന്നും നൂറ്റാണ്ടിന്റെ തുടക്കത്തൊടെ വിക്കറ്റ് കീപ്പര്‍ മികച്ച ബാറ്റ്‌സ്മാന്‍ ആകണമെന്ന് നിര്‍ബന്ധമായി. 1999ലെ ലോകകപ്പ് ക്രിക്കറ്റിനിടെ ഒരു എക്‌സ്ട്രാ ബാറ്റ്‌സ്മാനെ കളിപ്പിക്കുവാന്‍ നല്ല വിക്കറ്റ് കീപ്പിങ് ജോലി ഇന്ത്യ ഏക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ രാഹുല്‍ ദ്രാവിഡിനെ ഏല്‍പ്പിച്ചു. ഈ പരീക്ഷണം 2003 ലോകകപ്പിലും ആവര്‍ത്തിച്ചു. എം.എസ്. ധോണി സീനിയര്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതു വരെ ദ്രാവിഡ് ഗ്ലൗസ് അണിഞ്ഞു. അക്കാലത്ത് എല്ലാ ടീമുകളും മികച്ച വിക്കറ്റ് കീപ്പര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തി. ഗില്‍ ക്രിസ്റ്റ് (ഓസ്‌ടേലിയ), ബൗച്ചര്‍ (ദക്ഷിണാഫിക്ക), സംഗകാര (ശ്രീലങ്ക), ജേക്കബ്‌സ് (വെസ്റ്റിന്‍ഡീസ്), സ്റ്റുവാര്‍ട്ട് (ഇംഗ്ലണ്ട്), ബ്രണ്ടന്‍ മക്കല്ലം (ന്യൂസിലാന്‍ഡ്) എന്നീ മികച്ച കീപ്പര്‍മാരുമായാണ് എത്തിയത്.

മറ്റ് ടീമുകള്‍ മികച്ച വിക്കറ്റ് കീപ്പറെ കണ്ടെത്തിയപ്പോള്‍ അതിന് കഴിയാതെ കൂട്ടത്തില്‍ പിഴവില്ലാതെ, പന്ത് ബൈ റണ്‍സ് കൊടുക്കാതെ പിടിക്കാന്‍ അറിയുന്ന ബാറ്റിങ്ങില്‍ കേമനെങ്കിലും കീപ്പിങ്ങില്‍ അത്ര പോരെന്ന് ഏവര്‍ക്കും അറിയുന്ന രാഹുല്‍ ദ്രാവിഡിനെ വിക്കറ്റിനു പിന്നില്‍ നിര്‍ത്തിയ കാലം മാറി. മഹേന്ദ്ര സിംഗ് ധോണിയെന്ന വന്‍മതില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ടീമിലെത്താന്‍ മികച്ച പ്രകടനം വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ആവശ്യമായി വന്നു. ഫലമോ ഇന്ന് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണിയെക്കൂടാതെ നന്നായി കീപ്പ് ചെയ്യുന്ന സ്ഥിരം കീപ്പര്‍മാര്‍ 4 പേരായി. ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍, കുല്‍ദീപ് ജാദവ്.

21 കാരനായ പന്തില്‍ ഇന്ത്യയുടെ ഭാവി വിക്കറ്റ് കീപ്പറെ സ്വപ്നം കാണുന്നു. ധോണിക്കൊപ്പം ഇപ്പോള്‍ തന്നെ രാഹുല്‍, കുല്‍ദീപ് എന്നിവര്‍ ആദ്യ ഇലവനിലുണ്ട്. ഫോം നഷ്ടപ്പെട്ട വിജയ് ശങ്കര്‍, കേദാര്‍ യാദവ് എന്നിവര്‍ അടുത്ത മത്സരത്തില്‍ പുറത്തിരുന്നാല്‍ പരിഗണിക്കപ്പെടുന്ന ആദ്യ പേരുകള്‍ പന്തിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയുമാണ്. ഇപ്പോള്‍ ആദ്യ ഇലവനില്‍ 3 സ്‌പെഷ്യലിറ്റ് കീപ്പര്‍മാരുള്ള ഇന്ത്യന്‍ ടീല്‍ അത് നാലായി ഉയരും. ടീമിലേക്ക് സ്ഥാനം കാത്തിരിക്കുന്ന മലയാളി കൂടിയായ സഞ്ജു വി. സാംസണ്‍ അടക്കമുള്ളവരും വിക്കറ്റ് കീപ്പര്‍മാരാണെന്ന് കൗതുകകരമാണ്.

ഒരു കാലത്ത് ഇന്ത്യയെ ഏറെ വിഷമിപ്പിച്ച വിക്കറ്റ് കീപ്പിങ് ഇന്ന് ഇന്ത്യയ്ക്ക് ഒരു പ്രശ്‌നമല്ല. മികച്ച കീപ്പര്‍മാരെല്ലാം എണ്ണം പറഞ്ഞ സ്ലിപ്പ് ഫീല്‍ഡറുമാരുമാണ്. ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ പൂവണിയണമെങ്കില്‍ കുറേ വിക്കറ്റ് കീപ്പര്‍മാരുടെ മികച്ച പ്രകടനം ആവശ്യമാണ്.