India Cricket team

ഇന്ത്യ – ഇംഗ്ലണ്ട് , ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡ് സെമികള്‍ക്ക് സാധ്യത

India

author

1983 ജൂണ്‍ 22. മാഞ്ചസ്റ്ററിലെ ഓള്‍ഡ്ട്രാഫോര്‍ഡ് സ്റ്റേഡിയം. മൂന്നാം ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമി ഫൈനല്‍ വേദി. ”കപിലിന്റെ ചെകുത്താന്‍മാര്‍” കരുത്തരായ ഇംഗ്ലീഷ് നിരയെ നേരിടുന്നു. ഗ്രൂപ്പ് എ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് ആറില്‍ അഞ്ച് മത്സരവും ജയിച്ച് 20 പോയിന്റും 4.671 ശരാശരിയില്‍ മികച്ചു നില്‍ക്കുന്നു. ബി ഗ്രൂപ്പില്‍ നിന്ന് 16 പോയിന്റും നാല് വിജയവുമായി 3.870 ശരാശരിയില്‍ ഇന്ത്യ. അട്ടിമറികള്‍ നടത്തി മുന്നേറുകയാണെങ്കിലും സെമിയില്‍ ഇംഗ്ലീഷ് ടീമിനു മുന്നില്‍ അടിയറവ് പറഞ്ഞ് ടീം ഇന്ത്യ മടങ്ങുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങളും ക്രിക്കറ്റ് പണ്ഡിതരും വിധിയെഴുതി. എന്നാല്‍ കപില്‍ദേവ്, റോജര്‍ ബിന്നി, മൊഹീന്ദര്‍ അമര്‍നാഥ് എന്നിവരുടെ മികച്ച ബൗളിങ്ങിന്റെ കരുത്തില്‍ നിശ്ചിത 60 ഓവറില്‍ 213 റണ്‍സിന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പുറത്ത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി അമര്‍നാഥ് ബാറ്റിങ്ങിലും കരുത്ത് കാട്ടിയപ്പോള്‍ (46) 54.4 ഓവറില്‍ നാല് വിക്കറ്റിന് 217 റണ്‍സ് നേടിയ ഇന്ത്യ കലാശപ്പോരിന് അര്‍ഹത നേടി. ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് കപ്പ് നേടിയത് ചരിത്രം.

തൊട്ടടുത്ത് ലോകകപ്പ് 1987 നവംബര്‍ 5. വേദി മുംബൈയിലെ പ്രസിദ്ധമായ വാങ്കഡേ സ്റ്റേഡിയം. ലോകകപ്പ് രണ്ടാം സെമി ഫൈനല്‍ 1983 ലെ മാഞ്ചസ്റ്ററിലെ ജൂണ്‍ 22 ന്റെ തനിയാവര്‍ത്തനം. അന്ന് ആതിഥേയര്‍ ഇംഗ്ലണ്ട് ആണെങ്കില്‍ ഇത്തവണ ഇന്ത്യ. നിലവിലെ ഫോമില്‍ കപിലിന്റെ സംഘത്തിന് എല്ലാവരും വിജയം ഉറപ്പിച്ചു. എന്നാല്‍ ഓപ്പണര്‍ ഗ്രഹാം ഗൂച്ചിന്റെ തകര്‍പ്പന്‍ സെഞ്ചറിയുടെ (115) പിന്‍ബലവും നായകന്‍ ഗാറ്റിങ് (56), ലാംബ് (32) എന്നിവരുടെ ബാറ്റിങ് കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ആറിന് 254.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ 45.3 ഓവറില്‍ 219 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റെടുത്ത ഹമ്മിന്‍സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫോസ്റ്ററും ഇന്ത്യയുടെ അന്തകരായി. ഒരു സെമിയിലെ പരാജയത്തിന് മറ്റൊരു സെമിയില്‍ പകരം വീട്ടി ഇംഗ്ലീഷുകാര്‍.
32 വര്‍ഷത്തിനിപ്പുറം 1983 ലെ പോലെ വിജയത്തിന് ഇന്ത്യയും 1987 ലെ ഫൈനല്‍ പ്രവേശനത്തിന്റെ ഓര്‍മയില്‍ ഇംഗ്ലണ്ടും സെമിയില്‍ നേര്‍ക്കുനേര്‍ വരുമെന്ന് ഇത്തവണ ഏതാണ്ട് ഉറപ്പായി. കിട്ടാക്കനിയായ ലോകകപ്പ് നേടാനുറച്ചാണ് ഇംഗ്ലണ്ട്. മൂന്നാം കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം.

പ്രാഥമിക ഘട്ടത്തില്‍ ഇത്തവണ ഇന്ത്യയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. കഴിഞ്ഞ ദിവസം നടന്ന കളിയില്‍ മെല്ലെപ്പോക്കിന്റെ പേരില്‍ പഴികേട്ട ഇന്ത്യയ്ക്ക് കണക്ക് തീര്‍ക്കാനുണ്ട്. ഈ ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിച്ച ഏക ടീമെന്ന ആത്മവിശ്വാസത്തിലുമാണ് ഇംഗ്ലണ്ട്.
ഓപ്പണര്‍മാരായ ജോണി ബസ്റ്റോ – ജെയ്‌സണ്‍ റോയ് കൂട്ടുകെട്ടിന് രോഹിത് ശര്‍മ കെ.എല്‍ രാഹുല്‍ കൂട്ടുകെട്ടാണ് ഇന്ത്യയുടെ മറുപടി. കഴിഞ്ഞ മത്സരങ്ങളില്‍ ഇരു ഓപ്പണിങ് ജോഡികളും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ബൗളിങ്ങലും ഫീല്‍ഡിങ്ങിലും ഇന്ത്യയ്ക്ക് അല്‍പ്പം മുന്‍തൂക്കം പ്രവചിക്കാമെങ്കിലും ഇക്കാര്യങ്ങളില്‍ ഇംഗ്ലീഷ് നിരയും മോശക്കാരല്ല. ഇന്ത്യയെ ഇംഗ്ലണ്ട് ഇത്തവണ പരാജയപ്പെടുത്തിയ ബെര്‍മിഹാമിലെ എഡ്ബാസ്റ്റണ്‍ തന്നെയാകും മിക്കവാറും സെമിഫൈനല്‍ വേദി എന്നതിനാല്‍ ഇരുടീമിനും വാശിയേറും. വേദി ഇതു തന്നെയായാല്‍ ഇന്ത്യ ഇവിടെ കളിക്കുന്ന തുടര്‍ച്ചയായ മൂന്നാം മത്സരമാകുമിത്.
ലോക റാങ്കിങ്ങില്‍ ഏറ്റവും മുമ്പന്‍മാരായ രണ്ടു ടീമുകള്‍ പരസ്പരം എതിരിടുന്ന മത്സരത്തിന്റെ ഫലം കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. മറ്റൊരു സെമിയില്‍ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിലെ പരാജയത്തിനു മറുപടി നല്‍കാന്‍ ന്യൂസിലാന്‍ഡ് ഓസ്‌ട്രേലിയയ്‌ക്കെതിരേ എത്തുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. ഏതായാലും ഇപ്പോഴത്തെ അവസ്ഥയില്‍ ആദ്യ സെമിയില്‍ മാഞ്ചസ്റ്ററില്‍ ഒമ്പതിന് ന്യൂസിലാന്‍ഡ്- ഓസ്‌ട്രേലിയ മത്സരവും 11 ന് ബെര്‍മിഹാമില്‍ ഇന്ത്യ- ഇംഗ്ലണ്ട് മത്സരവുമാകും നടക്കുക. 14 ന് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡിസിലേക്ക് ടിക്കറ്റെടുക്കുക നാലു ടീമുകള്‍ക്കും ദുഷ്‌കരം. എങ്കിലും ഇന്ത്യ- ഓസ്‌ട്രേലിയ ക്ലാസിക് പോരാട്ടത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. 2003 ലെ കലാശപ്പോരാട്ടത്തിന്റെ കണക്ക് തീര്‍ക്കാനുണ്ട് ഇന്ത്യയ്ക്ക്. അവിടം വരെ എത്തണമെങ്കില്‍ സെമിയെന്ന വലിയ കടമ്പ ഇന്ത്യ മറികടക്കണം.