അമരാവതി: സാനിയ മിര്‍സയുടെ ചിത്രമുള്ള പൊതുനിരത്തില്‍ പ്രദര്‍ശനത്തിനു വച്ച ഫ്‌ളെക്‌സില്‍ ചിത്രത്തിനു താഴെ എഴുതിയത് പി.ടി. ഉഷയെന്ന്. സംഭവം ആന്ധ്രപ്രദേശില്‍.
2014 മുതല്‍ ദേശീയതലത്തില്‍ മെഡല്‍ കരസ്ഥമാക്കിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങ് ദേശീയ കായികദിനമായ ഓഗസ്റ്റ് 29ന് ആന്ധ്ര സര്‍ക്കാര്‍ സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിനു വേണ്ടി തയാറാക്കിയ ഫ്‌ളെക്‌സിലാണു സാനിയ മിര്‍സയുടെ ചിത്രം പതിച്ചതും കേരളത്തിന്റെ താരമായ പി.ടി. ഉഷയുടെ പേര് എഴുതിവച്ചതും. സാനിയ മിര്‍സ ഹൈദരാബാദ് സ്വദേശിയാണെന്നതാണ് മറ്റൊരു രസകരമായ കാര്യം.ഹൈദരാബാദ് ഉള്‍പ്പെടുന്ന ആന്ധ്രയിലാണ് സാനിയ മിര്‍സയുടെ ചിത്രം പതിച്ച ഫ്‌ളെക്‌സില്‍ പി.ടി. ഉഷ എന്നു തെറ്റായി എഴുതിയത്.

ഫ്‌ളെക്‌സില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി, കായികമന്ത്രി അവന്തി ശ്രീനിവാസ് തുടങ്ങിയവരുടെ ചിത്രങ്ങളുമുണ്ടായിരുന്നു.
ഈ ഫ്‌ളെക്‌സ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി തീരുകയും ചെയ്തിരിക്കുകയാണ്. കായികരംഗത്തുള്ള താരങ്ങളെ കുറിച്ച് സര്‍ക്കാരിനുള്ള അജ്ഞതയെ പരിഹസിച്ച് പലരും കുറിപ്പിട്ടു.