Gautam Gambhir

ധോണി അടുത്ത ലോകകപ്പ് കളിക്കുന്ന കാര്യം ഞാന്‍ ചിന്തിക്കുന്നു കൂടിയില്ലെന്ന് ഗംഭീര്‍

Sports

ന്യൂഡല്‍ഹി: എം.എസ് ധോണിയുടെ വിരമിക്കലിനെ ചുറ്റിപ്പറ്റി നടക്കുന്ന ചര്‍ച്ചകള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സജീവമാകുകയാണ്. ഗവാസ്‌കറടക്കം വിഷയത്തെ കുറിച്ച് പ്രതികരണമറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ്.

”വിരമിക്കലെന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. എന്നുവരെ നിങ്ങള്‍ക്ക് കളിക്കണമെന്ന് തോന്നുന്നുവോ അന്നു വരെ കളിക്കാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ നിങ്ങള്‍ ഭാവിയിലേക്കുകൂടി നോക്കേണ്ടതുണ്ട്. ധോണി അടുത്ത ലോകകപ്പ് കളിക്കുന്ന കാര്യം ഞാന്‍ ചിന്തിക്കുന്നു കൂടിയില്ല. ക്യാപ്റ്റന്‍ വിരാടോ ആരുമാകട്ടെ ഒരു കളിക്കാരന്‍ തങ്ങളുടെ പദ്ധതികളിലേക്ക് യോജിക്കുന്നില്ലെന്നു പറയാനുള്ള ധൈര്യം കാണിക്കണം. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഒരു യുവതാരത്തെ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഇത് ധോണിയുടെ കാര്യമല്ല, രാജ്യത്തിന്റെ കാര്യമാണ്. ധോണിക്കപ്പുറത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ചിന്തിക്കേണ്ട സമയമായി റിഷഭ് പന്തിനോ സഞ്ജു സാംസണോ അവസരം നല്‍കണം” എന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്.

സുനില്‍ ഗവാസ്‌കറും ഇതേ തരത്തില്‍ തന്നെയാണ് മുന്‍പ് പ്രതികരിച്ചത്. ‘ഇന്ത്യന്‍ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചു വിശദീകരിക്കാന്‍ ധോണിക്കു മാത്രമാണു സാധിക്കുക. പക്ഷേ ധോണിക്കപ്പുറത്തേക്ക് ഇന്ത്യന്‍ ടീം ചിന്തിക്കണം. അടുത്ത വര്‍ഷം ട്വന്റി-20 ലോകകപ്പ് നടക്കുമ്പോള്‍ ധോണിക്കു പ്രായം 39 ആകും’ എന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.

അതേസമയം സൈനിക സേവനത്തിനായി അവധിയില്‍ പ്രവേശിച്ച ധോണി ഈ വര്‍ഷം നവംബര്‍ വരെ ടീമിലേക്കു തിരിച്ചെത്തില്ലെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ വിജയ് ഹസാരെ ട്രോഫി, ബംഗ്ലദേശിനെതിരായ ട്വന്റി-20 പരമ്പര എന്നിവയില്‍ ധോണി കളിക്കില്ല. ഡിസംബറില്‍ നടക്കാനിരിക്കുന്ന വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലായിരിക്കും ഇനി ധോണി മടങ്ങിയെത്തുക.

മാത്രമല്ല, ക്രിക്കറ്റിലെ ധോണിയുടെ ഭാവിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണിപ്പോള്‍ പുറത്തുവരുന്നത്. സീനിയര്‍ താരമായ ധോണിയെ സെലക്ടര്‍മാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും കാത്തിരുന്നു കാണേണ്ടതാണ്.