ആലപ്പുഴയിലെ ‘മയില്‍പ്പീലിക്കൂട്ടം’ കൊച്ചി ബിനാലെയില്‍

Top Stories

 

കൊച്ചി: കുട്ടികളിലെ കലാഭിരുചി വളര്‍ത്തുന്നതിനു വേണ്ടി ആലപ്പുഴയിലെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് നടത്തി വരുന്ന ‘മയില്‍പ്പീലിക്കൂട്ടം’ പദ്ധതിയിലെ കുട്ടികള്‍ക്ക് ബിനാലെ സന്ദര്‍ശനം പുത്തന്‍ അനുഭവമായി. വരയും അഭിനയവും കലാകേന്ദ്രങ്ങളിലെ സന്ദര്‍ശനവുമാണ് മയില്‍പ്പീലിക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യ ബിനാലെ മുതല്‍ കുട്ടികളിലെ സമകാലീന കലാവാസന വളര്‍ത്തുന്നതിനു വേണ്ടി നിരവധി പരിശ്രമങ്ങളാണു കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തിവരുന്നത്. ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പദ്ധതി പ്രകാരം സംസ്ഥാനത്തെ വിവിധ സ്‌കൂളുകളെ സംയോജിപ്പിച്ചു കൊണ്ട് വിവിധ തരം പരിശീലന കളരികളും സംഘടിപ്പിക്കുന്നതിനോടൊപ്പം ആര്‍ട്ട് റൂം എന്ന പദ്ധതിയും ഫൗണ്ടേഷന്‍ നടപ്പാക്കിയിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പാണ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മയില്‍പ്പീലിക്കൂട്ടത്തിന് തുടക്കമിട്ടത്. മൂന്നു ഘട്ടങ്ങളാണ് ഈ പദ്ധതിയ്ക്കുള്ളത്. ആര്‍ട്ട് കോര്‍ണര്‍, വരയും അഭിനയവും, വിനോദയാത്രകള്‍ എന്നിവയാണ് ഘട്ടങ്ങള്‍.
13 സ്‌കൂളുകളില്‍ നിന്നുള്ള 7,8,9 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബിനാലെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിച്ചതിലൂടെ കലാപ്രദര്‍ശനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയെന്ന് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ പറഞ്ഞു. ബിനാലെയിലെ വൈവിദ്ധ്യം ഏറെ സ്വാധീനിച്ചു. കുട്ടികള്‍ പരമ്പരാഗതമായി തുടര്‍ന്നു വരുന്ന ചിത്രരചനാശൈലിയില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ബിനാലെയില്‍ കാണാന്‍ കഴിയുന്നത്. ഇത് കുട്ടികള്‍ക്ക് പുതിയ രീതികള്‍ പഠിക്കാനുള്ള അവസരമാണെന്നും ഷീന പറഞ്ഞു.
ഊട്ടി ലവ്‌ഡെയല്‍ ലോറന്‍സ് സ്‌കൂള്‍, അക്ഷര മെട്രികുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളിലെ കുട്ടികള്‍ ബിനാലെ പവലിയനിലെ ആര്‍ട്ട് റൂമിലെ പരിശീലന കളരികളില്‍ പങ്കെടുത്തിരുന്നു.