ജിന ഹാസ്പല്‍ സിഐഎയുടെ പുതിയ മേധാവി

World

 

വാഷിംഗ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ പുതിയ മേധാവിയായ ജിന ഹാസ്പലിനെ പ്രസിഡന്റ് ട്രംപ് നാമനിര്‍ദേശം ചെയ്തു. സിഐഎയുടെ ഡെപ്യൂട്ടി ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു 61-കാരിയായ ജിന. സിഐഎയുടെ ഡയറക്ടറാകുന്ന ആദ്യ വനിതയെന്ന വിശേഷണത്തിനും ജിന ഇതോടെ അര്‍ഹയായി.
ജിനയുടെ നിയമനം സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇപ്പോള്‍ ട്രംപ് നാമനിര്‍ദേശം മാത്രമാണ് ചെയ്തിരിക്കുന്നത്. ഇവരുടെ നിയമനം സെനറ്റിന്റെ അംഗീകാരമുണ്ടെങ്കില്‍ മാത്രമേ ശരിവയ്ക്കൂ. ഭീകരരെന്ന് ആരോപിക്കപ്പെട്ടവരെ വിചാരണ ചെയ്യുകയും പീഢിപ്പിക്കുകയും ചെയ്യുന്ന ഒരു താവളം അഥവാ തടവറ സിഐഎയ്ക്ക് തായ്‌ലാന്‍ഡിലുണ്ട്. ഇത്തരം തടവറകള്‍ black site program ന്റെ ഭാഗമായിട്ടാണു സിഐഎ രൂപീകരിച്ചത്. 2001-ല്‍ അമേരിക്കയില്‍ ഭീകരാക്രമണമുണ്ടായതിനു ശേഷമാണ് ബ്ലാക്ക് സൈറ്റ് പദ്ധതിക്ക് അമേരിക്ക തുടക്കമിട്ടത്. എന്നാല്‍ 2008-ല്‍ യുഎസ് പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം ഒബാമ ഈ പദ്ധതി അവസാനിപ്പിച്ചിരുന്നു.
ഇപ്പോള്‍ സിഐഎയുടെ മേധാവിയായി ട്രംപ് നാമനിര്‍ദേശം ചെയ്ത ജിന, തായ്‌ലാന്‍ഡില്‍ 2002-കാലയളവില്‍ ബ്ലാക്ക് സൈറ്റ് പ്രോഗ്രാമിന്റെ ചുമതല വഹിച്ചിരുന്നതാണ്. ഇവിടെ സിഐഎയുടെ നേതൃത്വത്തില്‍ നടന്ന കൊടും പീഢനകഥകള്‍ പിന്നീട് ലോകത്തിനു മുന്‍പാകെ വെളിപ്പെട്ടതുമാണ്. ഇതേ തുടര്‍ന്നു മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവരികയും ചെയ്തിരുന്നു. 2003 -2005 വരെ സിഐഎ നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങളുടെ ചുമതല ജിന വഹിച്ചിരുന്നതാണ്. ഈയൊരു കാലയളവിലായിരുന്നു സിഐഎ ഏറ്റവും കൊടിയ പീഢനങ്ങള്‍ നടത്തിയതും. അതു കൊണ്ടു തന്നെ ഇപ്പോള്‍ ജിനയുടെ പുതിയ നിയമനത്തെ സെനറ്റ് അംഗീകരിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.